Quantcast

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംഘ്പരിവാര്‍ അജണ്ട; ദേശീയപാത നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി നടന്നു: വി.ഡി സതീശന്‍

മുഖ്യമന്ത്രി മോദി സര്‍ക്കാരിന് മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ചുനില്‍ക്കുന്നുവെന്നും നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും വി.ഡി സതീശന്‍

MediaOne Logo

Web Desk

  • Updated:

    2025-06-04 10:31:03.0

Published:

4 Jun 2025 1:03 PM IST

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംഘ്പരിവാര്‍ അജണ്ട; ദേശീയപാത നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി നടന്നു: വി.ഡി സതീശന്‍
X

മലപ്പുറം: മുഖ്യമന്ത്രിയും സംഘ്പരിവാറും ഒരേ തോണിയില്‍ യാത്ര ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മലപ്പുറം ജില്ലയെക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും ആ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സംഘ്പരിവാറിന് കുടപിടിച്ചു കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും മലപ്പുറത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ അപമാനിച്ച എ വിജയരാഘവനാണ് നിലമ്പൂരില്‍ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിന് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം- ബിജെപി കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തി നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''മലപ്പുറം ജില്ലയിലാണ് നിലമ്പൂര്‍. മലപ്പുറം ജില്ലയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് തീവ്രവാദമാണെന്നും മലപ്പുറത്ത് സ്വര്‍ണ കള്ളക്കടത്താണെന്നും ക്രിമിനല്‍ ആക്ടിവിറ്റിയാണ് നടക്കുന്നതെന്നും അദ്ദേഹത്തിന്റെ പി ആര്‍ ഏജന്‍സി ഡല്‍ഹിയിലെ എല്ലാ ദേശീയ മാധ്യമങ്ങള്‍ക്കും നോട്ട് കൊടുത്തു. അതിന് ശേഷം മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തില്‍ ഇന്റര്‍വ്യൂ കൊടുത്തു. അപ്പോള്‍ ഒരു സംഘ് പരിവാര്‍ അജണ്ടയുണ്ട്. മലപ്പുറത്ത് തീവ്രവാദമാണ്, സ്വര്‍ണകള്ളക്കടത്താണ്, ക്രിമിനലുകളാണ്... എന്നാല്‍ സംഘ്പരിവാര്‍ തീവ്രവാദത്തിന് കുടപിടിച്ചു കൊടുക്കുന്ന ഇന്റര്‍വ്യൂവാണ് മുഖ്യമന്ത്രി നടത്തിയത്.

ഇവിടെ നിലമ്പൂരില്‍ എല്‍ഡി എഫിന്റെ പ്രചരണത്തിന് എത്തിയിരിക്കുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനാണ്. മലപ്പുറത്തെ ജനങ്ങളെ അപമാനിച്ചു കൊണ്ടുള്ള എ വിജയരാഘവന്റെ ഒരു ഡസന്‍ കണക്കിന് പ്രസ്താവനകള്‍ എന്റെ കയ്യിലുണ്ട്. ഒരു വിഷയത്തില്‍ അല്ല നിരവധി കാര്യങ്ങളുണ്ട്. അവസാനത്തെ പ്രസ്താവന, പ്രിയങ്ക ഗാന്ധി ഇത്രയും ഭൂരിപക്ഷത്തില്‍ വിജയിച്ചത് വര്‍ഗീയവാദികള്‍ വോട്ട് ചെയ്തിട്ടാണെന്ന് പറഞ്ഞതാണ്. ആ വാദത്തില്‍ വിജയരാഘവന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ...

തൊണ്ണൂറ്റി അയ്യാരത്തില്‍ അധികം വോട്ടാണ് പ്രിയങ്ക ഗാന്ധിക്ക് നിലമ്പൂര്‍ അസംബ്ലി സെഗ്മെന്റില്‍ നിന്നും കിട്ടിയത്. അതായത് അറുപത്തി അയ്യാരയിത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം. മുപ്പതിനായിരത്തില്‍ താഴെയാണ് സത്യന്‍ മൊകേരിയുടെ വോട്ട്. നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്ത തൊണ്ണൂറ്റി അയ്യായിരത്തില്‍ അധികം ആളുകള്‍ തീവ്രവാദികളാണോ? അതാണ് എന്റെ ചോദ്യം മറുപടി പറഞ്ഞെ മതിയാകൂ. പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വയനാട് നിയോജക മണ്ഡലത്തില്‍ ജയിപ്പിച്ചത് വര്‍ഗീയ തീവ്രവാദികളാണ് എന്ന ഗുരുതരമായ പരാമര്‍ശമാണ് വിജയരാഘവന്‍ നടത്തിയിരിക്കുന്നത്. മുസ്ലീം തീവ്രവാദികളെന്നും ഇസ്ലാം തീവ്ര വാദികളെന്നും മലപ്പുറത്തെ തീവ്ര വാദികളെന്നും വ്യാപകമായി സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഏറ്റവും കൂടുതല്‍ അത്തരം പ്രസ്താവനകള്‍ നടത്തിയത് വിജയരാഘവന്‍.

മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎം നേതൃത്വത്തോടും പറയാനുള്ളത്, മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്ന നിലപാടില്‍ നിങ്ങള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിച്ചത് തീവ്ര വാദികളുടെ വോട്ടുകൊണ്ടാണ് എന്ന നിലപാടില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ. യുക്തിരഹിതമായ വര്‍ത്തമാനം, സംഘ്പരിവാറിന്റെ അതേ നറേറ്റിവ്. രണ്ടുപേരും ഒരേ തോണിയില്‍ യാത്ര ചെയ്യുകയാണ്. അതുകൊണ്ടാണ് ബിജെപി ആദ്യം സ്ഥാനാര്‍ഥി വേണ്ടെന്ന് വിചാരിച്ചത്. എന്നാല്‍ അതിന് ശേഷം വലിയ ആരോപണം ബിജെപി നേതൃത്വത്തിനെതിരെ ഉണ്ടായപ്പോഴാണ് ഏതൊ ഒരു സ്ഥാനാര്‍ഥിയെ കണ്ടുപിടിച്ചത്. ബിജെപിക്കാര്‍ക്ക് പോലും അറിയില്ല ആരാണെന്ന്. സിപിഎം ബിജെപി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ വിജയിക്കും. ഞങ്ങള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്,'' പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ദേശീയ പാത നിര്‍മ്മാണത്തില്‍ സംസ്ഥാന ഗവണ്‍മെന്റിന് പരാതിയില്ലെന്നും സര്‍ക്കാരിന് പരാതിപ്പെടാനുള്ള ധൈര്യമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ മോദി സര്‍ക്കാരിന്റെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ചാനിച്ച് ഇരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. റോഡ് നിര്‍മ്മാണത്തിലെ അപാകതകളില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''എന്തിനാണ് സര്‍ക്കാരിന് ഭയം. റോഡിനെ കണ്ട് അതിന്റെ അവകാശവാദം ഉന്നയിച്ച്, ഞങ്ങളുടെ ഏറ്റവും വലിയ സംഭവമാണെന്ന് പറഞ്ഞു നടന്ന ആരെയും ഇപ്പോള്‍ കാണാനില്ല. ഈ റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ വലിയ അന്വേഷണം നടത്തണം. സിബിഐ അന്വേഷണം നടത്തണം. ഗുരുതരമായ ക്രമക്കേടാണ്, ആയിരക്കണക്കിന് കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ട്. എഞ്ചിനിയറിങ് പിഴവ് ഉണ്ടായിട്ടുണ്ട്. വിദഗ്ദരായ ആളുകളെ കൊണ്ട് അന്വേഷിക്കുന്നിതിനൊപ്പം ഇതിന്റെ പുറകില്‍ നടന്നിട്ടുള്ള അഴിമതിയെക്കുറിച്ച് അന്വേഷിക്കണം. ഈ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ആരെല്ലാമാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആരൊക്കെയാണ് ഇവര്‍ക്ക് ഫേവര്‍ ചെയ്തു കൊടുത്തിരിക്കുന്നത്. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചില ആളുകള്‍ ഉണ്ട് എന്നതിന്റെ സൂചനകളും ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഇവര്‍ക്ക് പരാതി ഇല്ലാത്തത്. കേന്ദ്രഗവണ്‍മെന്റിനെതിരെ പരാതി ഉന്നയിക്കുന്നതിന് സര്‍ക്കാരിന് ഭയമാണ്,'' പ്രതിപക്ഷ നേതാവ് പറഞ്ഞു.

TAGS :

Next Story