യുഡിഎഫ് സ്ഥാനാർഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും: വി.ഡി സതീശൻ
ചർച്ചകൾക്കായി വി.ഡി സതീശൻ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും
കൊച്ചിഃ യുഡിഎഫ് സ്ഥാനാർഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വി.ഡി സതീശൻ. നാളെ നടക്കുന്ന ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.
ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയില്ലെന്ന് സതീശൻ പറഞ്ഞു. ചൂടുകാലമായത് കൊണ്ടുതന്നെ പെട്ടന്ന് തീരുന്നതാണ് നല്ലത്. ടിം യു.ഡി.എഫിൽ തർക്കമില്ല. ഗ്രൂപ്പിൻ്റെ പേരിൽ സീറ്റ് വീതം വെപ്പില്ല. ആ കാലം കഴിഞ്ഞു.
സർക്കാരിൻ്റെ തെറ്റായ നടപടികൾ കൃത്യമായി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം സർക്കാർ ചിലവിൽ നടത്തി. ജനങ്ങളുടെ പണം ചിലവഴിച്ച് പരസ്യം നൽകി. ഇതെല്ലാം ചോദ്യം ചെയ്യപ്പെടും. അവസാന മന്ത്രി സഭയിലെ വാഗ്ദാനങ്ങൾ ഇനി എൽഡിഎഫ് പാലിക്കണ്ടല്ലോയെന്നും സതീശൻ ചോദിച്ചു.
പത്ത് കൊല്ലം ചെയ്യാത്ത പദ്ധതികളാണ്. പിൻ വാതിൽ നിയമനങ്ങളടക്കം വരുന്ന യുഡിഎഫ് സർക്കാർ പുനഃപരിശോധിക്കും. ഇനിയും വിസ്മയങ്ങൾ പ്രതീക്ഷിക്കാമെന്നും പ്രതിപക്ഷ നേതാവ്.
അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം രണ്ടു ദിവസത്തനകമുണ്ടാവുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ദുർഭരണം അവസാനിക്കും. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണയിൽ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും അമ്പലപ്പുഴ സീറ്റിൽ തീരുമാനമെടുക്കുമെന്നും പറഞ്ഞ വേണുഗോപാൽ കെ.സുധാകരനുമായി സംസാരിക്കുമെന്നും പറഞ്ഞു.
അതേസമയം, കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷ്മ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. ഒന്നാംഘട്ടം ഏപ്രിൽ 23 നും രണ്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. അസമിലും പുതുച്ചേരിയിലും ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് വോട്ടെണ്ണും.തമിഴ്‌നാട്ടിൽ ഏപ്രിൽ 23ന് ഒറ്റത്തവണയായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണും.
അഞ്ച് സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ഇതിൽ കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. കേരളത്തിൽ 2.70 കോടി വോട്ടർമാർ വിധിയെഴുതും (പുരുഷൻമാർ - 1.31 കോടി, സ്ത്രീകൾ - 1.38 കോടി, ട്രാൻസ്ജെൻഡർ - 277). ഇതിൽ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റുകൾ രണ്ടു തവണ എണ്ണും. ബിഎൽഒ മാരുടെ ഉൾപ്പടെ പ്രതിഫലം വർധിപ്പിച്ചു.
തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം, സ്ഥാനാർഥികൾക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ, നാമനിർദേശ പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയ്ക്കുള്ള തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങുന്ന കമ്മീഷൻ പാനൽ പ്രഖ്യാപിച്ചു.
Adjust Story Font
16

