Quantcast

എന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്‍

മനഃപൂർവ്വം വിവാദം സൃഷ്ടിക്കുന്നത് യാത്രയുടെ ശോഭ കെടുത്താനെന്നും സതീശൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-02-12 07:35:25.0

Published:

12 Feb 2026 12:58 PM IST

എന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്‍
X

കോഴിക്കോട്: പുതുയുഗ യാത്രയില്‍ കുറ്റ്യാടി വേദിയിലെ സംഭവത്തെ മുന്‍നിര്‍ത്തി വ്യാജ വാര്‍ത്ത നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പള്ളി വീണുപോയി എന്നൊക്കെയാണ് ഒരു പ്രധാനപ്പെട്ട വാര്‍ത്ത കൊടുത്തതെന്നും മനപൂര്‍വം വിവാദം സൃഷ്ടിക്കുന്നത് യാത്രയുടെ ശോഭ കെടുത്താനാണെന്നും സതീശന്‍ ആരോപിച്ചു.

'ഞങ്ങളുടെ പരിപാടിയുടെ സമയം വല്ലാതെ വൈകിയിരുന്നു. ഒരുപാട് അതിക്രമിച്ചപ്പോള്‍ ഇനി പ്രതിപക്ഷ നേതാവ് സംസാരിക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി തന്നെയാണ് ഇങ്ങോട്ട് പറഞ്ഞത്. തിരക്ക് കാരണം പല സ്ഥലങ്ങളിലും ഉദ്ദേശിച്ച സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. കുറ്റ്യാടിയില്‍ എത്തിയപ്പോഴേക്കും ഒരുപാട് വൈകുകയായിരുന്നു. അങ്ങനെയാണ് ഇനി ജാഥാ ക്യാപ്റ്റന്‍ സംസാരിക്കട്ടെയെന്ന് ഷാഫി പറഞ്ഞത്. അത് പാടില്ല, സംസാരിക്കണമെന്ന് പറഞ്ഞ് പ്രമോദാണ് ഇടപെട്ടത്. എന്നിട്ട്, പ്രധാനപ്പെട്ട ഒരു മാധ്യമം കൊടുത്ത വാര്‍ത്തയാണ് മുല്ലപ്പള്ളി വീണുപോയെന്ന്. എന്തിനാണ് ഇങ്ങനെ പച്ചക്കള്ളങ്ങള്‍ പടച്ചുവിടുന്നത്?' സതീശന്‍ ചോദിച്ചു.

'ഒരു കുടുംബത്തിലുണ്ടാകുന്നത് പോലുള്ള കാര്യങ്ങളല്ലേ അവിടെയും സംഭവിച്ചിരിക്കുന്നത്? കുറ്റ്യാടിയിലെ ഉന്തും തള്ളിനുമിടെയാണ് ഡിസിസി പ്രസിഡന്റിന്റെ കൈക്ക് പരിക്ക് പറ്റിയതെന്ന് വരെ പറഞ്ഞുപരത്തുകയുണ്ടായി. അച്ചടക്കലംഘനമൊന്നും ഉണ്ടായതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. യുഡിഎഫ് ചെയര്‍മാന്‍, ഡിസിസി പ്രസിഡന്റ്, മുതിര്‍ന്ന നേതാവ് പാറക്കല്‍ അബ്ദുല്ല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരായിരുന്നില്ലേ അവിടെ ഉണ്ടായിരുന്നത്. അടിച്ചേല്‍പ്പിക്കപ്പെട്ട അച്ചടക്കമൊന്നും ഞങ്ങള്‍ക്കിടയിലില്ല. ഇന്നലെത്തെ പരിപാടിയില്‍ കാര്യമായ അച്ചടക്കലംഘനമൊന്നും ഉണ്ടായില്ല'. സതീശന്‍ വ്യക്തമാക്കി.

ഹര്‍ത്താലിനും ബന്ദിനും സമാനമായ രീതിയില്‍ പണിമുടക്ക് വേണോയെന്ന് കേരളം ചര്‍ച്ച ചെയ്യണമെന്നും സതീശന്‍ പറഞ്ഞു. 'ദേശീയതലത്തില്‍ കോണ്‍ഗ്രസ് കൂടി ആഹ്വാനം ചെയ്തിട്ടുള്ളതാണ് സമരം. എന്നാല്‍ തമിഴ്‌നാട്ടിലോ ഡല്‍ഹിയിലോ പോയി നോക്കിയാല്‍ സമരം നടക്കുന്നത് പോലുമറിയില്ല. ഹര്‍ത്താലിനും ബന്ദിനും സമാനമായ രീതിയിലുള്ള പണിമുടക്ക് വേണോയെന്ന് കേരളം ചര്‍ച്ച ചെയ്യണം.' അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അധികാരത്തിലേറിയാല്‍ ഗുണനിലവാരമില്ലാത്ത ഒരു മരുന്നും കേരളത്തില്‍ വില്‍ക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും ആശുപത്രികളിലെ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഏജന്‍സിയെ ഏര്‍പ്പാടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഷി ഹോസ്പിറ്റല്‍സ് തുടങ്ങും. ആദിവാസി മേഖലയില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്റേഴ്‌സും കോസ്റ്റല്‍ കെയര്‍ യൂണിറ്റും ആരംഭിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പുവരുത്തും. എല്ലാ പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം കൊണ്ടുവരികയും നിലവിലെ ഇന്‍ഷുറന്‍സ് സംവിധാനം ഉടച്ച് വാര്‍ക്കുകയും ചെയ്യും. വണ്‍ ഹെല്‍ത്ത് പ്ലാറ്റ്‌ഫോം ഇതുവരെയും ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള സാധ്യതകള്‍ തേടും. സര്‍ക്കാര്‍ സൗജന്യമായി നല്‍കേണ്ട സേവനങ്ങള്‍ സൗജന്യമായി തന്നെ നല്‍കും. പണം ഇല്ലെന്നതിന്റെ പേരില്‍ ഒരാളുടെയും ചികിത്സ നിഷേധിക്കില്ല'. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story