Quantcast

ഭരിക്കുന്നത് തീവ്രവലതുപക്ഷമെന്ന് പ്രതിപക്ഷ നേതാവ്,ഫോമിലേക്ക് എത്താനാകാത്തതിന്റെ വിഷമം തന്‍റെ നേർക്ക് വേണ്ടെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയെ കുറിച്ചുള്ള അധിക്ഷേപ പരാമർശം പിൻവലിക്കാൻ ശിവൻകുട്ടി തയ്യാറാവുകയാണെങ്കിൽ തന്‍റെ പരാമർശം പിൻവലിക്കാൻ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-01-28 12:26:38.0

Published:

28 Jan 2026 5:04 PM IST

ഭരിക്കുന്നത് തീവ്രവലതുപക്ഷമെന്ന് പ്രതിപക്ഷ നേതാവ്,ഫോമിലേക്ക് എത്താനാകാത്തതിന്റെ വിഷമം തന്‍റെ നേർക്ക് വേണ്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് തീവ്രവലതുപക്ഷമെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും പെന്‍ഷന്‍ കൂട്ടുമെന്ന് പറഞ്ഞ് ഇടതുപക്ഷത്തിന് വോട്ട് ചെയ്തവരെ ചതിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഫോമിലേക്കെത്തിയില്ലെന്ന് കരുതി വിഷമം തന്റെ നേര്‍ക്ക് തീര്‍ക്കേണ്ടെന്നും മുന്‍പുള്ള സര്‍ക്കാര്‍ കൊടുത്തിരുന്നതിനേക്കാള്‍ പെന്‍ഷന്‍ തുക പടിപടിയായി ഉയര്‍ത്തിയ സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതെല്ലാം പ്രതിപക്ഷ നേതാവ് മറച്ചുവെയ്ക്കുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന് വീഴ്ച സംഭവിച്ചപ്പോഴൊക്കെയും തങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സമാനമായി പ്രവര്‍ത്തിക്കാനുള്ള ധൈര്യം ഇടതുമുന്നണിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

'ഇടതുമുന്നണിയിലെ അംഗങ്ങൾ പരസ്പരം ചോദിക്കണം. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സംഭവിച്ച തെറ്റായ കാര്യങ്ങള്‍ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനുള്ള ധൈര്യം നിങ്ങള്‍ക്കില്ലാതെ പോയി. സംഘ്പരിവാര്‍ വര്‍ഗീയത പറയുകയാണെങ്കില്‍ നമുക്ക് അത്ഭുതമില്ല. അത് അവരുടെ രീതിയാണെന്ന് കരുതാം. നിങ്ങള്‍ സംഘ്പരിവാറിന്റെ അതേ പാതയില്‍ സഞ്ചരിച്ചാലോ. എ.കെ ബാലനും സജി ചെറിയാനും നടത്തിയ പരാമര്‍ശം വര്‍ഗീയത വളര്‍ത്തുന്നതാണ്. നിങ്ങള്‍ കേരളത്തില്‍ നശിച്ചുപോകണം എന്ന് ആഗ്രഹിക്കുന്നവരല്ല ഞങ്ങള്‍. നിങ്ങള്‍ ആര്‍എസ്എസിന്റെ പാതയില്‍ പോകരുത്. നമ്മുടെ കൊച്ചുമക്കളുടെ തലമുറ വളര്‍ന്ന് വരുന്നുണ്ട്. അവര്‍ക്ക് സമാധാനപരമായി ജീവിക്കേണ്ട അന്തരീക്ഷം ഉണ്ടാക്കേണ്ടതുണ്ട്. അതിന് നമുക്ക് ഇച്ഛാശക്തിയും തീരുമാനവും ഉണ്ടാകണം. വിദ്യാഭ്യാസമേഖലയില്‍ നിരവധി സാധ്യതകളുണ്ടായിട്ടും ഉന്നത വിദ്യാഭ്യാസമേഖല അവിടെയെല്ലാം വാതില്‍ കൊട്ടിയടക്കുകയാണ് ചെയ്തിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങളിലുള്ളവരോടുള്ള അനീതിയും ഈ സര്‍ക്കാര്‍ തുടരുകയാണ്.'

'സോണിയ ഗാന്ധി ഞങ്ങള്‍ക്ക് മാതൃതുല്യയാണ്. തനിക്ക് അമ്മയെപ്പോലെയാണ്. അവരെയാണ് അധിക്ഷേപിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് ആദ്യം ആവശ്യപ്പെട്ടു. പിന്നീട് സ്പീക്കര്‍ക്ക് താന്‍ എഴുതിത്തന്നു. മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രേഖകളില്‍ നിന്ന് നീക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. താന്‍ സംസാരിച്ചപ്പോള്‍ കുറച്ചുകൂടെ കടന്നുപറഞ്ഞെന്നത് ശരിയാണ്. സാധാരണയേക്കാളും അല്‍പ്പം കൂടുതലായി പറയേണ്ടി വന്നു. അധിക്ഷേപ പരാമര്‍ശമായിരുന്നില്ല. സോണിയാ ഗാന്ധിയെ പറ്റി പറഞ്ഞത് ശിവന്‍കുട്ടി പിന്‍വലിക്കുകയാണെങ്കില്‍ തന്റെ പരാമര്‍ശവും പിന്‍വലിക്കാന്‍ തയ്യാറാണ്ട്'. പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന് ഫോമിലാകാന്‍ കഴിയാത്തതിന്റെ കാരണം പ്രതിപക്ഷം പരിശോധിക്കണമെന്നും ആ വിഷമം തന്റെ നേര്‍ക്ക് തീര്‍ക്കേണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

'പെന്‍ഷന്‍ തുകയിനത്തില്‍ കുടിശ്ശികയുണ്ടായിരുന്നത് 2016ല്‍ എല്‍ഡിഎഫ് വന്നതിന് ശേഷം പരിഹാരം കാണുകയും ഓരോ വര്‍ഷവും പടിപടിയായി ഉയര്‍ത്തുകയുമായിരുന്നു. ഇതെല്ലാം പ്രതിപക്ഷ നേതാവ് മറച്ചുവെയ്ക്കുന്നത് ശരിയാണോ? തൊഴിലാളി ക്ഷേമപെന്‍ഷനില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നത് ശരിതന്നെ. അത് പരിഹരിച്ചുകൊണ്ടിരിക്കുയാണ്.' 2016ല്‍ അധികാരത്തില്‍ വരുമ്പോള്‍ തകര്‍ന്നടിഞ്ഞ നിലയില്‍ നിന്ന് ആരോഗ്യരംഗം അഭിമാനകരമായ അവസ്ഥയിലേക്ക് ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വര്‍ഗീയ സംഘര്‍ഷം ഇല്ലാത്ത നാടായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ സമാധാന ജീവിതത്തെയും ശാന്തിയെയും എങ്ങനെ തള്ളിപ്പറയും. എന്തിനാണ് നാടിനോടും പ്രതിപക്ഷ മനോഭാവത്തില്‍ കാണുന്നത്. സമാധാനത്തോടെയും ശാന്തതയോടെയും ജീവിക്കാന്‍ കഴിയുന്ന മറ്റേത് നാടുണ്ട്? വര്‍ഗീയ സംഘര്‍ഷത്തിന് മുന്നിട്ടിറങ്ങിയാല്‍ കര്‍ക്കശമായി നേരിടുമെന്നാണ് നിലപാട്. ആ മാറ്റം എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നില്ല'. മുഖ്യമന്ത്രി ചോദിച്ചു.

'സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ അവകാശമില്ലെന്ന് നിലപാട് സര്‍ക്കാരിനില്ല. ഡിഎ അവര്‍ക്ക് ലഭിക്കേണ്ടത് തന്നെ. അത് നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരുമാണ്. എന്നാല്‍, അത് സ്റ്റാറ്റിയൂട്ട് അവകാശങ്ങളാക്കുകയാണെങ്കില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളിലെ നിലപാടില്‍ യുഡിഎഫ് ആത്മപരിശോധന നടത്തണം. പലപ്പോഴും ബിജെപിയോട് മൃദുസമീപനമാണ് പ്രതിപക്ഷത്തിന്റേത്.'

'ഏതെങ്കിലും മതതീവ്രവാദത്തെ എതിര്‍ക്കുന്നത് കൊണ്ട് ആ മതവിഭാഗം തങ്ങള്‍ക്കെതിരാകുമെന്ന് ആശങ്കയില്ല. ആര്‍എസ്എസിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, അത് മുസ്‌ലിം മതവിഭാഗത്തിനെതിരാണെന്ന് പ്രചാരണം നടത്താന് മുസ്‌ലിം ലീഗിലെ ചില സുഹൃത്തുക്കളും ശ്രമം നടത്തുന്നില്ലേ. ഞങ്ങള്‍ക്ക് ആശങ്കയില്ല. ഞങ്ങള്‍ ജനപക്ഷത്താണുള്ളത്. ഞങ്ങളെ ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ക്ക് ഞങ്ങളെയും'. പുകമറ ജനങ്ങളെ തെറ്റിധരിപ്പിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story