Quantcast

'പത്മ പുരസ്‌കാരം ചലച്ചിത്ര താരങ്ങൾക്കെങ്കിൽ ആദ്യ പേരുകാരൻ മമ്മൂട്ടി'; പുരസ്‌കാര നിർണയത്തിനെതിരെ വി.ഡി സതീശൻ

"1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്, കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി"

MediaOne Logo

Web Desk

  • Published:

    28 Jan 2024 5:45 AM GMT

VD Satheeshan against Padma awards declaration
X

പത്മപുരസ്‌കാര നിർണയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നതെന്നും പത്മപുരസ്‌കാരത്തിന് ഒരു ഇന്ത്യൻ താരത്തെ പരിഗണിക്കുന്നുവെങ്കിൽ ആദ്യ പേരുകാരൻ മമ്മൂട്ടിയായിരിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഏറ്റവും അർഹതപ്പെട്ട കരങ്ങളിൽ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭൻ, സാനു മാഷ്, സി.രാധാകൃഷ്ണൻ, സാറാ ജോസഫ്, സജിതാ ശങ്കർ, സുജാതാ മോഹൻ,എം.എൻ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപൻ ശിവരാമൻ, ഡോ. വി.എസ്. വിജയൻ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷൺ, മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ എന്ന വാർത്ത കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചപ്പോൾ ഞാൻ ആദ്യം ഓർത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ൽ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാൽ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നിൽക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിൻ്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാൻ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കിൽ ആദ്യത്തെ പേരുകാരൻ മമ്മൂട്ടിയാണെന്നതിൽ തർക്കമില്ല.

പി.ഭാസ്കരൻ മാഷിൻ്റെയും ഒ.എൻ.വിയുടേയും സമകാലികനാണ് ശ്രീകുമാരൻ തമ്പി. പത്മ പുരസ്ക്കാരത്തിന് എന്നേ അർഹൻ. എന്താണ് പുരസ്കാര പട്ടികയിൽ ആ പേരില്ലാത്തത്?

രാജ്യം നൽകുന്ന ആദരമാണ് പത്മ പുരസ്കാരങ്ങൾ. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കൽപ്പത്തെ കൂടുതൽ ഉജ്വലമാക്കുന്നതാവണം രാജ്യം നൽകുന്ന ആദരം.

എല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ.

TAGS :

Next Story