പുതുയുഗ യാത്ര വേദിയില്‍ തിക്കും തിരക്കും; നേതാക്കളോട് മാറിനില്‍ക്കാന്‍ പ്രതിപക്ഷ നേതാവ്
പുതുയുഗ യാത്ര വേദിയിലെ തിക്കും തിരക്കും കുറ്റ്യാടിയിലും വലിയ വിവാദമായിരുന്നു

ഇടുക്കി: പുതുയുഗ യാത്രയില്‍ അടിമാലിയിലെ വേദിയില്‍ തിക്കും തിരക്കുമുണ്ടായതിന് പിന്നാലെ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്റ്റേജില്‍ നിന്ന നേതാക്കളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട സതീശന്‍, പ്രസംഗത്തിനിടെ സംസാരിച്ച നേതാക്കളോട് മിണ്ടാതിരിക്കണമെന്നും നിര്‍ദേശം നല്‍കി. പ്രസംഗത്തിനിടെ ബഹളം തുടര്‍ന്നതോടെ സംസാരിക്കരുതെന്ന് പലതവണ ആവശ്യപ്പെടുകയായിരുന്നു. വീണ്ടും ബഹളം തുടര്‍ന്നതോടെ സംസാരിക്കരുതെന്ന താക്കീത് ആവര്‍ത്തിക്കുകയും വേദിയിലുണ്ടായിരുന്ന നേതാക്കളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷമാണ് പ്രസംഗം തുടര്‍ന്നത്. നേരത്തെ, പുതുയുഗ യാത്രയിലെ തിക്കും തിരക്കും കുറ്റ്യാടിയിലും വലിയ വിവാദമായിരുന്നു. പിന്നാലെയാണ് അടിമാലിയിലെ സംഭവം.
സിപിഎമ്മിന് രക്തസാക്ഷികള്‍ ഉണ്ടാകുന്നത് ബമ്പര്‍ അടിക്കുന്നത് പോലെയാണെന്നും ഈ സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. 'എന്തുതന്നെ പറഞ്ഞാലും വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാൻ യുഡിഎഫ് തയ്യാറല്ല. ചിലര്‍ പറയും തങ്ങളുടെ കയ്യില്‍ വോട്ട് ബാങ്ക് ഉണ്ടെന്ന്. വോട്ട് ബാങ്ക് ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി. സിപിഎമ്മിന് രക്തസാക്ഷികള്‍ ഉണ്ടാകുന്നത് ബമ്പര്‍ അടിക്കുന്നത് പോലെയാണ്. ഉടനെ തുടങ്ങും പിരിക്കാന്‍. ഈ സര്‍ക്കാര്‍ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളോട് ക്രൂരമായി പെരുമാറുകയാണ്'. സതീശന്‍ വിമര്‍ശിച്ചു.
'ഇടുക്കിയിലെ ഭൂപ്രശ്‌നം കേസ് നടത്തി സര്‍ക്കാര്‍ കുളമാക്കിവെച്ചിരിക്കുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപാധിരഹിതമായി പട്ടയം നല്‍കാന്‍ തുടങ്ങും. വന്യജീവി ആക്രമണം തടയാന്‍ പരമ്പരാഗതവും ആധുനികവുമായ രീതി സംയോജിപ്പിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

