രാഹുലിനെതിരായ നടപടി: പാർട്ടിക്കുള്ളിൽ വിമർശനം പുകയുമ്പോഴും നിലപാട് മാറ്റാതെ സതീശൻ
വിമർശനം തലവേദനയായതോടെ ഡിജിറ്റൽ മീഡിയ ഉടച്ചുവാർക്കാനും നീക്കം

തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ നിന്നുതന്നെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും നിലപാടുകൾ മാറ്റാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ സൂചനയാണ് വി.ഡി സതീശൻ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ച വിഷയത്തിലും കെ.സുധാകരൻ അടക്കമുള്ളവർ ഉയർത്തിയ വിമർശനങ്ങളെയും സതീശൻ അവഗണിക്കുകയാണ്.
ലൈംഗികാരോപണത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിനെതിരെ സസ്പെൻഷനടക്കമുള്ള നടപടികളിലേക്ക് കോൺഗ്രസ് നീങ്ങിയതിന് പിന്നിൽ വി.ഡി സതീശന്റെ കടുംപിടുത്തം കൂടി കാരണമായി. ഇതോടെ സൈബർ ഇടത്തിൽ സതീശന് നേരെ കോൺഗ്രസിലെ തന്നെ ചില സൈബർ പോരാളികൾ വിമർശനവുമായി എത്തി. ഒപ്പം രാഹുലിന്റെ പോസ്റ്റുകൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളും സജീവമാണ്.ഇതിനെല്ലാം പിന്നിൽ പാർട്ടിക്കൊപ്പമുള്ള സൈബർ സംഘത്തിലെ ചിലർ സജീവമാണെന്ന് സതീശൻ കൂടി തിരിച്ചറിയുന്നുണ്ട്.
ഇതുകൂടി ലക്ഷ്യമിട്ടാണ് ഡിജിറ്റൽ മീഡിയ സെൽ ഔദ്യോഗികമല്ലെന്ന സൂചന നൽകുന്ന പരാമർശങ്ങളും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് നടത്തിയത്. കോൺഗ്രസിന്റെ പേരിലുള്ള പേജുകളിൽ നിന്ന് തന്നെ പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകുന്നു എന്ന സൂചന കൂടിയാണ് സതീശന്റെ കടുത്ത പരാമർശത്തിന് കാരണമായത്.
ഒരു ഭാഗത്ത് രാഹുൽ അനുകൂലികൾ വിമർശനം ഉയർത്തുമ്പോഴും വഴങ്ങാൻ സതീശൻ തയ്യാറല്ല. രാഹുലിനെതിരായ നടപടി പുനപരിശോധിക്കില്ലെന്ന ശക്തമായ സൂചന കൂടിയാണ് സതീശൻ വാക്കുകൾക്കിടയിൽ നൽകുന്നത്. ഇതിനിടെ കുന്നംകുളം മർദന ദൃശ്യം പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതിലും സതീശന് പഴി കേൾക്കേണ്ടിവന്നു. ഇതും രാഹുലിനെ പിന്തുണയ്ക്കുന്ന സൈബർ സംഘങ്ങളിൽ ചിലർ ഉപയോഗപ്പെടുത്തിയെന്നും സതീശനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. പാർട്ടി നേതാക്കൾക്കെതിരെ തന്നെ പരസ്യ വിമർശനം ഉയർത്തുന്ന സൈബർ പോരാളികൾ കോൺഗ്രസിന് തലവേദനയായി കഴിഞ്ഞു. അതിനാൽ ഡിജിറ്റൽ മീഡിയ വിഭാഗം പൂർണ്ണമായും ഉടച്ചു വാർക്കാനാണ് നീക്കം. അടുത്ത ദിവസങ്ങൾ ഇതിനുള്ള നടപടികൾ കെപി സിസി നേതൃത്വം തുടങ്ങിയേക്കും.
Adjust Story Font
16

