'സീറ്റ് വിഭജനം യുഡിഎഫിന് കീറാമുട്ടിയാകില്ല, അധിക സീറ്റിന് ഘടകകക്ഷികൾ സമ്മർദം ചെലുത്തിയിട്ടില്ല '; വി.ഡി സതീശൻ
തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ വലിയ യുഡിഎഫ് ഉണ്ടാകുമെന്നും വി.ഡി സതീശന്‍ മീഡിയവണിനോട് പറഞ്ഞു

വയനാട്: സീറ്റു വിഭജന യുഡിഎഫിന് മുന്നില്‍ കീറാമുട്ടിയാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അധിക സീറ്റിനായി ഘടകകക്ഷികള്‍ സമ്മർദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ തമ്മിൽ തല്ലാന്‍ കോണ്‍ഗ്രസില്ല. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡാണ് തീരുമാനിക്കുക.തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ വലിയ യുഡിഎഫ് ഉണ്ടാകുമെന്നും' വി.ഡി സതീശന്‍ മീഡിയവണിനോട് പറഞ്ഞു.
അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷം കഴിയും മുമ്പെ പാർട്ടിയെ നിയസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനുള്ള പ്രവർത്തന പരിപാടിക്ക് വയനാട് ക്യാമ്പിൽ കോൺഗ്രസ് രൂപം നല്കി. മുഖ്യമന്ത്രി സ്ഥാനാർഥി തർക്കങ്ങള്‍ മാറ്റിവെച്ച് തെരഞ്ഞെടുപ്പിലേക്കിറങ്ങാനും നേതാക്കള്‍ക്കിടയില്‍ ധാരണയായി.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ അമിത ആത്മവിശ്വാസം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് വിനയായത് കേരളം കണ്ടതാണ്. ഇത് പാഠമാക്കി കരുതലോടെ മുന്നോട്ടു പോകാനാണ് വയനാട് ക്യാമ്പിലൂടെകോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റ ആലസ്യവുമായി കഴിയാതെ തുടർ പ്രവർത്തനങ്ങളിലേക്ക് കടക്കാനുള്ള കൃത്യമായ പദ്ധതിയാണ് നേതൃക്യാമ്പ് നേതാക്കള്‍ക്കും പ്രവർത്തകർക്കും നല്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗുണകരമായിമാറിയ ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെയുള്ളവ കത്തിച്ച് നിർത്താനാണ് കോണ്‍ഗ്രസ് പദ്ധതി.
എസ്ഐആറില്‍ പുറത്തുപോയവരെ ചേർക്കുന്നതുള്‍പ്പടെ ബൂത്തു തല പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കും. എല്‍ഡിഎഫിലെ പാർട്ടികളെയും നേതാക്കളെയും എത്തിച്ച് മുന്നണി വിപുലീകരിക്കും. എതിരാളികള്‍ക്ക് ആയുധമാകാന്‍ ഇടയുള്ള മുഖ്യമന്ത്രി തർക്കത്തെ തന്ത്രപരമായി കൈകാര്യം ചെയ്യാനും നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

