Quantcast

'ഇടിച്ചുകയറി കോൺ​ഗ്രസിനെ പരിഹാസ്യമാക്കരുത്'; പരിപാടികളിൽ മുഖം കാണിക്കാൻ തള്ളിക്കയറുന്ന നേതാക്കളെ വിമർശിച്ച് 'വീക്ഷണം'

വാർത്തകളിൽ പേരും പടവും ഏങ്ങനെയും വരുത്തുകയെന്ന നിർബന്ധ ബുദ്ധി വേണ്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

MediaOne Logo

Web Desk

  • Updated:

    2025-04-21 04:38:58.0

Published:

21 April 2025 7:48 AM IST

ഇടിച്ചുകയറി കോൺ​ഗ്രസിനെ പരിഹാസ്യമാക്കരുത്; പരിപാടികളിൽ മുഖം കാണിക്കാൻ തള്ളിക്കയറുന്ന നേതാക്കളെ വിമർശിച്ച് വീക്ഷണം
X

തിരുവനന്തപുരം: പരിപാടികളിൽ മുഖം കാണിക്കാൻ ഇടിച്ചു കയറുന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് പാർട്ടി മുഖപത്രം വീക്ഷണം. ഏത് മഹത്തായ പരിപാടിയെയും ഇത്തരക്കാർ പരിഹാസ്യരാക്കുന്നുവെന്ന് വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇടിച്ചുകയറിയും പിടിച്ചുതള്ളിയും കോൺഗ്രസിനെ അപകീർത്തിപ്പെടുത്തരുതെന്നും മുഖപ്രസം​ഗം പറയുന്നു.

വാർത്തകളിൽ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിർബന്ധ ബുദ്ധി വേണ്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. നമ്മളിൽ ചിലരുടെ ഭാഗത്തുനിന്നും ഒരു നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികൾ ചിലപ്പോഴെങ്കിലും ഉണ്ടാവുന്നു. ഏത് മഹത്തായ പരിപാടിയെയും മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യമാക്കുന്ന തരത്തിലേക്ക് ഇടിച്ചുകയറാൻ മത്സരിക്കുന്നവർ സ്വന്തം നില മറന്ന് പെരുമാറുകയാണ്. സമൂഹമധ്യത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കുന്ന ഇത്തരം ഏർപ്പാട് ഇനിയെങ്കിലും നമ്മൾ മതിയാക്കണം.

കോൺഗ്രസ് പാർട്ടിയിൽ ഇടിച്ചുകയറിയാൽ മാത്രം പിടിച്ചുനിൽക്കാൻ കഴിയുന്ന തരം പൊതുപ്രവർത്തന അലിഖിത ചട്ടം നിലവിൽ വരുന്നതിന് വരുന്നതിന് വളരെ മുമ്പ് വൻ ജനബാഹുല്യം അണിചേർന്ന പല സമരമുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയംനിയന്ത്രണവും കാണിക്കാൻ അതീവ ശ്രദ്ധ പുലർത്തിയിരുന്നത് മറന്നുപോകരുതെന്നും വീക്ഷണം നേതാക്കളെ ഓർമപ്പെടുത്തുന്നു. ജനക്കൂട്ട പാർട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥയാകരുത്.


കോൺഗ്രസിന്റെ പാർട്ടി വേദികളിൽ അടിച്ചേൽപ്പിക്കുന്ന അച്ചടക്കത്തേക്കാൾ സ്വയം ഉത്തരവാദിത്തമേറ്റെടുത്ത് മാതൃക കാണിക്കാൻ കഴിയുന്നവരായി ബൂത്ത് തലം മുതൽ കെപിസിസി വരെയുള്ള ഭാരവാഹികൾക്ക് കഴിയണം. ഉദ്ഘാടകനും അധ്യക്ഷനും മറ്റ് നേതാക്കൾക്കും അവരർഹിക്കുന്ന സ്ഥാനങ്ങളിൽ ഇരിപ്പിടങ്ങൾ സംഘാടകർ ഉറപ്പുവരുത്തണം.

ഈ പരിപാടികൾ നേരിട്ടും സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും കാണുന്നവർക്ക് വിമർശിക്കാൻ ഇടവരാത്ത സാഹചര്യമുണ്ടാക്കണം. പ്രകടനങ്ങളിലും ജാഥകളിലും ക്യാമറാ ഫ്രെയ്മിൽ മുഖംവരുത്താൻ പരസ്പരം ഉന്തുംതള്ളും സൃഷ്ടിക്കുന്ന പ്രവണത സമൂഹത്തിൽ പാർട്ടിക്കുണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു.




TAGS :

Next Story