Quantcast

ആരോഗ്യരംഗം വെന്‍റിലേറ്ററിലെന്ന് പ്രതിപക്ഷ നേതാവ്, യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാരെന്ന് ആരോഗ്യമന്ത്രിയുടെ മറുപടി

ആരോഗ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

MediaOne Logo

Web Desk

  • Updated:

    2026-01-28 09:41:40.0

Published:

28 Jan 2026 3:07 PM IST

ആരോഗ്യരംഗം വെന്‍റിലേറ്ററിലെന്ന് പ്രതിപക്ഷ നേതാവ്, യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാരെന്ന് ആരോഗ്യമന്ത്രിയുടെ മറുപടി
X

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗം തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിളപ്പില്‍ശാല ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും നാല് വയസുള്ള കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്നിട്ട് നടപടിയുണ്ടായിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു. വിളപ്പില്‍ശാല സംഭവത്തില്‍ രോഗിക്ക് സാധ്യമായ ചികിത്സ ഏറ്റവും വേഗത്തില്‍ നല്‍കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. യുഡിഎഫ് ഭരണകാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ മന്ത്രി പ്രതിപക്ഷത്തിന് സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്നതിനായുള്ള ഗൂഢ ലക്ഷ്യമാണെന്നും ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനാല്‍ ജീവന്‍ പൊലിഞ്ഞ സംഭവം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. 'ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളജില്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നെഞ്ചുപൊട്ടി ഒരു ഡോക്ടര്‍ക്ക് പുറത്ത് പറയേണ്ടിവന്നു. നാല് വയസുള്ള കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്നിട്ട് നടപടിയുണ്ടായിട്ടുണ്ടോ? ഈ സര്‍ക്കാര്‍ ഇതൊക്കെ ചെയ്യേണ്ടതില്ലേ. അപ്പപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടതില്ലേ. തിരുവനന്തപുരത്ത് വേണുവിന് നീതി നിഷേധിക്കപ്പെട്ടു. കിളിമാനൂര്‍ രഞ്ജിതിന്റെ അവസ്ഥയെന്താണ്? ഒരുകാലത്ത് ആരോഗ്യകേരളം മുന്‍പന്തിയിലായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചാണ്. പല ജില്ലാ ആശുപത്രികളിലും അടിയന്തര ചികിത്സ പോലുമില്ല.'

'വലിയ തകര്‍ച്ചയിലേക്കാണ് ആരോഗ്യമേഖല പോകുന്നത്. സമീപകാലത്ത് വന്ന റിപ്പോര്‍ട്ടുകളൊക്കെ എടുത്ത് വായിച്ചുനോക്കിയാല്‍ അത് അറിയാനാകും. ഇതൊന്നും രാഷ്ട്രീയപ്രേരിത റിപ്പോര്‍ട്ടുകളല്ല. ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്നത് ആവര്‍ത്തിക്കുന്നു. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും. ഹര്‍ഷീനയെ ചേര്‍ത്തുപിടിച്ച് നിങ്ങളോടൊപ്പം ഞങ്ങളുണ്ടെന്ന് പറയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് അവരുടെ ചികിത്സ ഇതുവരെയും ഏറ്റെടുക്കാത്തത്.' യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തിരുന്ന് ആരോഗ്യമന്ത്രി സ്വകാര്യ ആശുപത്രി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പിനെതിരായ പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങളെ യുഡിഎഫ് കാലത്തുണ്ടായ ആരോഗ്യരംഗത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

'യുഡിഎഫ് ഭരണകാലത്ത് 950 പ്രസവമരണങ്ങളാണുണ്ടായത്. തിമിര ശസ്ത്രക്രിയ നടത്തിയ അഞ്ചുപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. തസ്തികയില്‍ പകുതിയും ഒഴിഞ്ഞുകിടന്നിരുന്ന ഒരു കാലമായിരുന്നു അത്. വിളപ്പില്‍ശാല വിഷയത്തില്‍ ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്ത ഗേറ്റ് തുറന്നിട്ടില്ലെന്നാണ്. സുരക്ഷാ കാരണങ്ങളാലാണ് ഗ്രില്ല് അകത്തുനിന്നും പൂട്ടിയിരുന്നത്. രണ്ട് മിനിറ്റ് കൊണ്ട് അകത്തേക്ക് കൊണ്ടുപോയിരുന്നു. മെഡിക്കല്‍ കോളജിലേക്ക് എത്തിയപ്പോഴേക്കും രോഗി മരിക്കുകയും ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് ഇവയെല്ലാം. സാധ്യമായ ചികിത്സ ഏറ്റവും വേഗത്തില്‍ തന്നെ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.' വീണാ ജോര്‍ജ് വ്യക്തമാക്കി.

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കാനുള്ള ഗൂഢ ലക്ഷ്യമാണ് പ്രതിപക്ഷത്തിന്റേതെന്നും അവരുടെ കാലത്തെ പോലെ മാറ്റാനാണ് ശ്രമമെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

TAGS :

Next Story