Quantcast

വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം: കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ആരോപണം കള്ളമെന്ന് പ്രതിഭാഗം

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-03-03 03:19:50.0

Published:

3 March 2026 8:01 AM IST

വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവം:  കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ആരോപണം കള്ളമെന്ന് പ്രതിഭാഗം
X

കണ്ണൂര്‍: കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ കേസിൽ കെഎസ്‍യു പ്രവർത്തകർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. അതേസമയം, പ്രോസിക്യൂഷൻ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പ്രതിഭാഗത്തിൻ്റെ നിലപാട്.

വീണാ ജോര്‍ജിനെതിരായ ആക്രമണത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തത്. കെഎസ്‍യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേരാണ് പ്രതികൾ. വധശ്രമമടക്കം 11 വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ.

ഫെബ്രുവരി 25 നാണ് കണ്ണൂരില്‍ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഡിസ്ചാർജ് ചെയ്തിരുന്നു. പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി.


TAGS :

Next Story