സ്വർണപ്പാളി വിവാദം; പ്രതിപക്ഷം കാണിക്കുന്നത് അസംബന്ധം, അനാവശ്യ ചർച്ചകളാണെല്ലാം: വെള്ളാപ്പള്ളി
ലീഗിൽ പാകിസ്താൻ മനോഭാവമുള്ളവരുണ്ടെന്നും കെ.എം ഷാജി അത്തരക്കാരാണെന്നും വെള്ളാപ്പള്ളി

Photo|MediaOne News
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷത്തിനെതിരെ വെള്ളാപ്പള്ളി. അസംബ്ലിയിൽ കാണിക്കുന്ന കോലാഹലങ്ങൾ എന്തിനാണെന്നും അനാവശ്യ ചർച്ചകളാണ് ഇതെല്ലാമെന്നുമാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ചക്കരക്കുടത്തിൽ കൈയിട്ട് വാരുന്നവരാണ് എല്ലാവരുമെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പറയുന്നു. ഭംഗിയായി കാര്യങ്ങൾ നോക്കുന്ന മന്ത്രിയാണ് വി.എൻ വാസവൻ, നല്ല ഈഴവൻ. ജാതി പറഞ്ഞ് നശിപ്പിക്കാനുള്ള ശ്രമം കേരളത്തിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരന്റെ മകൻ എന്ന് മുഖ്യമന്ത്രിയെ വിളിച്ചില്ലേ, കെ.ആർ ഗൗരിയമ്മയെ അധിക്ഷേപിച്ചില്ലേ എന്നുമാണ് വെള്ളാപ്പള്ളി ചോദിച്ചത്. പ്രതിപക്ഷം നടത്തുന്നത് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കുറച്ചുവോട്ട് കിട്ടാനുള്ള സ്റ്റണ്ട് മാത്രമാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, മുസ്‌ലിം ലീഗിനെതിരെ വീണ്ടും വർഗീയ ആരോപണം നടത്തി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫിന് ഭരണം ലഭിച്ചാൽ ലീഗ് ഭരിക്കും. ലീഗ് ഭരിക്കുകയാണെങ്കിൽ പാകിസ്താൻ ഭരണം വരുമെന്നും വെള്ളാപ്പള്ളിയുടെ വാദം. ലീഗ് ഭരിച്ചാൽ പാകിസ്താൻ ഭരണം വരുമെന്നല്ല, ലീഗിൽ പാകിസ്താൻ മനോഭാവമുള്ളവരുണ്ട്. കെ.എം ഷാജി അത്തരക്കാരനാണെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.
സംസ്ഥാന സർക്കാർ ഈഴവ സമുദായത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും ദ്രോഹിക്കുന്നില്ലെന്ന് പറയാമെന്നും വെള്ളാപ്പള്ളി. കേൾക്കാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ മറുപടി.
Adjust Story Font
16

