Quantcast

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് സിപിഎമ്മിന്‍റെ മൗനാനുവാദം?; എൽഡിഎഫ് ഘടകകക്ഷികൾക്കുള്ളിൽ അതൃപ്തി

വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്‌ഐ കൂടി രംഗത്ത് വന്നതോടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും അതൃപ്തി ഉണ്ടെന്ന് വ്യക്തമായിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    3 Jan 2026 6:19 AM IST

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് സിപിഎമ്മിന്‍റെ മൗനാനുവാദം?; എൽഡിഎഫ് ഘടകകക്ഷികൾക്കുള്ളിൽ അതൃപ്തി
X

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതിരുവിട്ട് വിദ്വേഷ പ്രചരണം നടത്തുമ്പോള്‍ സിപിഎം നേതൃത്വം മൗനം പാലിക്കുന്നതില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കുള്ളില്‍ അതൃപ്തി. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ എതിര്‍ സ്വരമുയര്‍ത്തി മുന്നണിയില്‍ അലോസരമുണ്ടാക്കേണ്ടന്നാണ് വിവിധ ഘടകകക്ഷികളുടെ അഭിപ്രായം. വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്‌ഐ കൂടി രംഗത്ത് വന്നതോടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും അതൃപ്തി ഉണ്ടെന്ന് വ്യക്തമാവുകയാണ്.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. വെള്ളാപ്പള്ളിയുടെ പല നിലപാടുകളിലും യോജിച്ചില്ലെങ്കിലും, ശക്തമായ ഭാഷയില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് വലിഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളും അതിനു സിപിഎം നല്‍കിയ മൗനാനുവാദവും എല്ലാം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ കരുതുന്നത്. മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി അടുത്ത ബന്ധം പുലര്‍ത്തുന്നത് കൊണ്ട് കാര്യമായ എതിര്‍ സ്വരങ്ങള്‍ പരസ്യമായി ഘടകക്ഷികളില്‍ നിന്ന് പുറത്തുവന്നില്ല. വെള്ളാപ്പള്ളിയോടുള്ള സിപിഎമ്മിന്റെ അയഞ്ഞ സമീപനം മാറ്റണം എന്ന ആവശ്യം സിപിഐ ക്ക് പിന്നാലെ മറ്റ് ഘടകകക്ഷികള്‍ക്കുള്ളിലും ഉണ്ട്.എതിര്‍പ്പ് ഉണ്ടെങ്കിലും പരസ്യമായി അത് പറയുന്നതിന് ഉള്ള ആശങ്കയാണ് പല പാര്‍ട്ടിയെയും പിന്നോട്ട് വലിക്കുന്നതിന് കാരണം.

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഇന്നലെ രംഗത്ത് വന്നിരുന്നു. സിപിഎമ്മിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും നേതൃത്വത്തിന്റെ വെള്ളാപ്പള്ളി സ്‌നേഹം ചര്‍ച്ച ആയിട്ടുണ്ട്. പല കോണുകളില്‍ നിന്ന് സമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ നേതൃത്വം തയ്യാറാകുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

TAGS :

Next Story