'ഇവരൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും'; വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പരാമർശം വിവാദമാക്കാനില്ലെന്ന് എം.വി ഗോവിന്ദൻ
മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്നും എം.വി ഗോവിന്ദൻ

മധുര:എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പരാമർശം വിവാദമാക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇവരൊക്കെ ഇങ്ങനെപറഞ്ഞുകൊണ്ടിരിക്കുമെന്നും, പാർട്ടി അതിലൊന്നും അഭിപ്രായം പറയുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ല എന്നാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂണിയൻ കൺവെൻഷനിലാണ് വിദ്വേഷ പ്രസംഗം.
''നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്‍റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്കൂളുണ്ടോ...എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങൾ. വോട്ടും മേടിച്ച് പോയാൽ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല'' വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Adjust Story Font
16