Quantcast

വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസംഗം: സിപിഎം നേതാക്കളുടെ നിലപാട് മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തുന്നു

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണനും വെള്ളാപ്പള്ളിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-04-12 14:13:36.0

Published:

12 April 2025 4:42 PM IST

Vellappallys hate speech: CPM leaders stance contradicts the Chief Ministers stance
X

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വിദ്വേഷപ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സിപിഎം നേതാക്കൾ നേരത്തെ സ്വീകരിച്ച നിലപാടിന് വിരുദ്ധം. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണനും വെള്ളാപ്പള്ളിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകളെ മുഴുവൻ അപ്രസക്തമാക്കി അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സ്വീകരിച്ചത്.

വെള്ളാപ്പള്ളി ഈഴവർക്ക് ആത്മാഭിമാനം പകർന്നുനൽകിയ വ്യക്തിത്വമാണ്. അസാധാരണമായ കർമശേഷിയും നേതൃപാടവവുമാണ് കാണിച്ചിട്ടുള്ളത്. കേരളത്തിന് ഒരുപാട് സംഭവനകൾ നൽകിയ എസ്എൻഡിപിയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂർത്തിയാക്കി. നമ്മുടെ സമൂഹത്തിൽ അപൂർവം ചിലർക്ക് മാത്രമെ ഇങ്ങനെ അവസരം ലഭിക്കുകയുള്ളു. സാക്ഷാൽ കുമാരനാശൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപി നേതൃത്തിലിരുന്നത്. എസ്എൻ ട്രസ്റ്റിന്റെയും അമരക്കാരനായും അദേഹം തുടരുകയാണ്. രണ്ട് സുപ്രധാനമായ പദവികളിൽ ഒരേസമയം എത്തി നിൽക്കുകയാണ്. കൂടുതൽ വളർച്ചയിലേക്ക് സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

എല്ലാ കാലത്തും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച വ്യക്തിയാണ്. വെള്ളാപ്പള്ളിയെ അറിയുന്ന ആളുകൾക്ക് അറിയാം അദ്ദേഹം ഒരു മതത്തിന് എതിരായി നിൽക്കുന്ന വ്യക്തിയല്ല എന്നത്. അനാവാശ്യ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ അവധാനത അദ്ദേഹം കാണിക്കണം എന്ന് മാത്രമായിരുന്നു മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാൽ വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസംഗത്തിലെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കുന്നതായിരുന്നു 'ഡൂൾ ന്യൂസിൽ' കെ.ടി കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനം. മലപ്പുറത്തെക്കുറിച്ച് ഹിന്ദുത്വവാദികളും അവരുടെ യജമാനൻമാരായിരുന്ന ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളും പ്രചരിപ്പിച്ച കെട്ടുകഥകളിലാണ് വെള്ളാപ്പള്ളിയെപ്പോലുള്ള ഇപ്പോഴും കഴിയുന്നത്. എന്ന് മുതലാണ് മലപ്പുറം ഈഴവർക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയാത്ത പ്രദേശമായി മാറിയതെന്ന് വെള്ളാപ്പള്ളി വിശദീകരിക്കണമെന്നും കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടിരുന്നു. ഈഴവർക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയാത്ത സ്ഥലമാണ് മലപ്പുറമെന്നൊക്കെ തട്ടിവിടുന്ന വെള്ളാപ്പള്ളിമാർ മലപ്പുറത്തിന്റെ ഈ സ്‌നേഹസംസ്‌കാരത്തെ ഈ സാഹോദര്യ മാഹാത്മ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.



മലപ്പുറം ബഹുസ്വരതയുടെ സംസ്‌കാരവും ജീവിതവുമുള്ള സമൂഹവും നാടുമാണെന്ന യാഥാർഥ്യത്തെ വിദ്വേഷപ്രചരണങ്ങളുടെ പുകമറയിൽ മറച്ചുവെക്കാൻ കഴിയുകയില്ല. മലപ്പുറത്തിന്റെ യാഥാർഥ്യത്തെ കൊളോണിയൽ ശക്തികളും ഹിന്ദുത്വവർഗീയവാദികളും സൃഷ്ടിച്ച കെട്ടുകഥകളെക്കൊണ്ട് മറച്ചുപിടിക്കാൻ ഇനിയും അനുവദിച്ചുകൂട. അതിനായി ഇത്തരം കെട്ടുകഥകളെ മതനിരപേക്ഷ ജനാധിപത്യശക്തികൾ അഴിച്ചുപണിയുകതന്നെ ചെയ്യണം.

വായിൽതോന്നിയതെന്തും കോതക്ക് പാട്ടെന്നപോലെ തട്ടിവിടുകയാണോ വെള്ളാപ്പള്ളി നടേശൻ, അല്ല ഹിന്ദുത്വ പൊതുബോധത്തിൽ നിന്ന് മലപ്പുറത്തെ ഇകഴ്ത്തുന്ന വർഗീയവീര്യം കാണിക്കുകയാണോ? മലബാർ കലാപത്തെത്തുടർന്ന് കൊളോണിയൽശക്തികളും അവരോടൊപ്പം ചേർന്ന സവർണ ജന്മിമാരുമാണ് മലപ്പുറത്തെ മോശപ്പെടുത്തുന്നതരത്തിൽ വർഗീയപാഠങ്ങൾ പടച്ചുവിട്ടത്. വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയും ആലി മുസ്ലിയാരുമൊക്കെ അടിമത്തം അനുഭവിക്കാൻ വിസമ്മതിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളികളായിരുന്ന യാഥാർഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഇന്റലിജൻസ് വിഭാഗവും സവർണ ജാതിമേധാവികളും അവരെ മുസ്ലിം വർഗീയവാദികളായി ചിത്രീകരിച്ചത്.

ദാശരഥി എന്ന പേരിൽ ഏതോ സംഘി എഴുതി പ്രസിദ്ധീകരിച്ച മലബാറിലെ മാപ്പിള ലഹളകൾ എന്ന പുസ്തകം ബ്രിട്ടീഷ് കൊളോണിയൽ ചരിത്രത്തെ പിൻപറ്റി മലപ്പുറത്തെയാകെ വർഗീയവാദികളുടെ കേന്ദ്രമാക്കി മുദ്ര കുത്തുന്നതായിരുന്നു. കുടിയാന്മാരുടെ സംഘടിതശക്തിയിൽ പൊട്ടിപ്പുറപ്പെട്ട ജന്മിത്വവിരുദ്ധ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളൊന്നും ഒരിക്കലും മാപ്പിള ലഹളകളായിരുന്നില്ല. മലപ്പുറത്തെ മുസ്ലിം പ്രദേശമായി സമീകരിക്കുന്ന പ്രത്യയശാസ്ത്രം കൊളോണിയൽ പ്രത്യയശാസ്ത്രമാണെന്നും ഒരു പ്രത്യേക പ്രദേശത്തെയും തങ്ങൾ അപരരായി കാണുന്ന ജനവിഭാഗത്തെയും ബന്ധിപ്പിച്ചവതരിപ്പിക്കുന്നത് വർഗീയരാഷ്ട്രീയമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഈയൊരു വർഗീയ രാഷ്ട്രീയത്തിൽ നിന്നാണ് മലപ്പുറത്തെ സംബന്ധിച്ച് മാപ്പിളസ്ഥാൻ എന്നൊക്കെയുള്ള വാദങ്ങൾ ഹിന്ദുത്വവാദികൾ ഉയർത്തിക്കൊണ്ടുവന്നത്. മുസ്ലിംകളെ അപരരാക്കുന്ന കൊളോണിയൽ പ്രത്യയശാസ്ത്രവും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ചേർന്നാണ് മലപ്പുറത്തെ മാപ്പിളസ്ഥാനാക്കിയുള്ള പ്രതീതി നിർമാണം നടത്തിയത്. മതേതരമായ ജനകീയ കൂട്ടായ്മകളെ തകർക്കാനാണ് എല്ലാകാലത്തും ചൂഷകവർഗങ്ങൾ മതസമുദായങ്ങളുമായി പ്രദേശങ്ങളെ സമീകരിച്ചുകാണുന്ന അധിനിവേശതന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും കുഞ്ഞിക്കണ്ണൻ ലേഖനത്തിൽ പറഞ്ഞിരുന്നു.

ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത് സിപിഎം മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.പി അനിലിന്റെ പ്രതികരണം. സമൂഹത്തിൽ സ്പർധയും ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ. മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാ ജാതി മതവിഭാഗങ്ങളും ഒരുമയിലും സൗഹാർദത്തിലും ജീവിക്കുന്ന നാടാണ് മലപ്പുറം, അതിനെ ഏതെങ്കിലും മത വിഭാഗത്തിന്റെ ഭൂമികയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല.

ജനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന വർഗീയശക്തികൾക്ക് വളമേകാൻ മാത്രമേ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപകരിക്കൂ. നാരായണ ഗുരുവിന്റെ ആശയാദർശങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകൾ എസ്എൻഡിപിയുടെ തലപ്പത്തിരിക്കുന്ന നേതാവിൽനിന്നുണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും അനിൽ പറഞ്ഞിരുന്നു.

TAGS :

Next Story