Quantcast

കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുള്ളത് നാല് വെന്‍റിലേറ്റര്‍ മാത്രം

കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു

MediaOne Logo

Web Desk

  • Published:

    5 May 2021 9:42 AM GMT

കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുള്ളത് നാല് വെന്‍റിലേറ്റര്‍ മാത്രം
X

കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഐസിയുകളും വെന്‍റിലേറ്ററുകളും നിറയുകയാണ്. ഇവിടെ നാല് വെന്‍റിലേറ്ററുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്. കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 52 കോവിഡ് ഐ.സി.യു യൂണിറ്റുകളിലും രോഗികൾ നിറഞ്ഞു. 60 ഓക്സിജൻ യൂണിറ്റുകളിൽ 54 ലിലും 36 വെന്റിലേറ്ററുകളിൽ 26 എണ്ണത്തിലും രോഗികളാണ്.

വടക്കൻ കേരളത്തിലും കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43 വെന്‍റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്‍റിലേറ്റർ ലഭ്യമല്ല. കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 19 ഉം കാസർകോട് മെഡിക്കല്‍ കോളജില്‍ 17 ഉം വെന്‍റിലേറ്ററുമാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്‍റിലേറ്ററിലും രോ​ഗികളുണ്ട്.

മംഗലാപുരത്തും വെന്‍റിലേറ്ററില്ലാതയതോടെ കാസർകോട്ടെ കോവിഡ് രോഗികള്‍ ആശങ്കയിലാണ്. കണ്ണൂരില്‍ ആകെയുള്ള 80 വെന്‍റിലേറ്ററില്‍ 14 എണ്ണം ഒഴിവുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ആശുപത്രിയെ സമീപിക്കുമ്പോള്‍ വെന്‍റിലേറ്ററില്ല എന്ന വിവരമാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഒഴിവുണ്ടായിരുന്ന 7 വെന്‍റിലേറ്ററിലും ഇന്ന് രോഗികളെത്തിയെന്നാണ് വിവരം.

കോവിഡ് ജാഗ്രാതാ പോർട്ടലിലെ കണക്ക് പ്രകാരം കോഴിക്കോട് 43 വെന്‍റിലേറ്റർ ഒഴിവുണ്ട്. എന്നാല്‍ ഈ വിവരം ശരിയല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. 18 വെന്‍റിലേറ്റർ ഉണ്ടെന്ന് വെബ്സൈറ്റില്‍ പറയുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇപ്പോള്‍ ഒരു വെന്‍റിലേറ്റർ പോലും ലഭ്യമല്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലും വെന്‍റിലേറ്റർ ഒഴിവില്ല. ഇന്ന് വൈകിട്ട് 3.30 ന് സംസ്ഥാന കൊവിഡ് അവലോകന യോഗത്തില്‍ മലബാർ ജില്ലകളിലെ സാഹചര്യം വിലയിരുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകളെ കൂടുതലായി കൊവിഡ് രോഗികള്‍ക്ക് മാറ്റിവെക്കാനാകുമോ എന്നാണ് പരിശോധിക്കുന്നത്.

രോഗികളുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും വർധിക്കുമ്പോള്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് അത് താങ്ങാനാവില്ല എന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. ജാഗ്രത കൂടുതല്‍ പാലിക്കണമെന്ന് ഓർമപ്പെടുത്തലാണ് മലബാർ ജില്ലകളിലെ സാഹചര്യം നല്‍കുന്നത്.

TAGS :

Next Story