ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി
തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി പറയും. വിശദമായ വാദം കേട്ട ശേഷമാണ് കൊല്ലം വിജിലൻസ് കോടതി വിധി പറയുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.
ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം അവസാനം അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ബന്ധം, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും പ്രതിഭാഗം ജാമ്യ ഹരജിയിൽ വാദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയത്.
തന്ത്രിയുടെ പേരിൽ രണ്ട് കോടി അഞ്ച് ലക്ഷം രൂപയും, ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്ന്, അന്വേഷണസംഘം കോടതിയെ അറിയിച്ചു. തന്ത്രിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്ഐടി കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദങ്ങളെ പ്രതിഭാഗം പൂർണമായും എതിർത്തു. അനുകൂല വിധി വന്നാൽ തന്ത്രിക്ക് ജയിൽ മോചിതൻ ആകാൻ കഴിയും. അതേസമയം ജാമ്യഹരജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറും ജയിലിന് പുറത്തേക്ക്.കട്ടിളപ്പാളി കേസിൽ പത്മകുമാർ അറസ്റ്റിലായിട്ട് ഇന്ന് 90 ദിവസം പൂർത്തിയാകും. ദ്വാരപാലക ശില്പ കേസിൽ അടുത്ത ദിവസമാണ് 90 ദിവസം പൂർത്തിയാവുക. രണ്ടു കേസുകളിലും 90 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിൽ പത്മകുമാർ ജാമ്യാപേക്ഷ നൽകും. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം ജാമ്യം ലഭിച്ച് ജയിൽ മോചിതരായിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
Adjust Story Font
16

