മറ്റത്തൂരിൽ കെപിസിസി സമവായം; ബിജെപി പിന്തുണയിൽ വൈസ് പ്രസിഡന്റായ നൂർജഹാൻ രാജിവെക്കും
ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും.

തൃശൂർ: കോൺഗ്രസിൽ നിന്ന് കൂട്ട കൂറുമാറ്റമുണ്ടായ തൃശൂർ മറ്റത്തൂരിൽ കെപിസിസി സമവായം. ബിജെപി പിന്തുണയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും. ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും. ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ചുവരാനും അവസരം ഒരുക്കും.
കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം ജോൺ എംഎൽഎയുമായി വിമത നേതാവ് ടി.എം ചന്ദ്രൻ അടക്കമുള്ളവരാണ് ചർച്ച നടത്തിയത്.
വിമത വിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരിൽ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമർക്ക് കെപിസിസി ഉറപ്പ് നൽകി.
കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമവായമുണ്ടാക്കാൻ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി വയനാട് നടക്കുന്ന ചിന്തൻ ശിബിരിന് മുൻപ് പ്രശ്നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ഇത്.
കോൺഗ്രസ് അംഗങ്ങളാരും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും അംഗങ്ങൾക്ക് വിപ്പ് നൽകിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളമാണെന്നും പുറത്താക്കപ്പെട്ട മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പിൽ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വെള്ളിക്കുളങ്ങര ഡിവിഷൻ അംഗം പ്രവീൺ എം. കുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്ക്കൽ, വൈസ് പ്രസിഡന്റ് നൂർജഹാൻ, അംഗം ഷിന്റോ പള്ളിപ്പറമ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Adjust Story Font
16

