Quantcast

'വീഴ്ച സംഭവിച്ചിട്ടില്ല'; വിളപ്പില്‍ശാല ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തില്‍ റിപ്പോര്‍ട്ട്

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബിസ്മിറിന് അവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് ഡിഎംഒ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്

MediaOne Logo

Web Desk

  • Published:

    27 Jan 2026 5:57 PM IST

വീഴ്ച സംഭവിച്ചിട്ടില്ല; വിളപ്പില്‍ശാല ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തില്‍ റിപ്പോര്‍ട്ട്
X

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ചികിത്സ വൈകിയിട്ടില്ലെന്നും ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് ബിസ്മിറിനെ അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബിസ്മിറിന് അവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് ഡിഎംഒ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ആവി പിടിപ്പിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടപ്പോഴാണ് അതിന് തയ്യാറായതെന്ന വാദം ശരിയല്ലെന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന സമയത്തും ഓക്‌സിജന്‍ നല്‍കിക്കൊണ്ടാണ് ബിസ്മിറിനെ പറഞ്ഞയച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആശുപത്രിയില്‍ ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചതിന് പിന്നാലെ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് ഇടപെട്ടിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനില്‍കുമാറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബിസ്മിറിന് പ്രാഥമിക ചികിത്സ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കിയിരുന്നു. ആവി പിടിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ മാത്രം ആവി പിടിപ്പിച്ചു. ഓക്‌സിജന്‍ നല്‍കിയതും നിര്‍ബന്ധിച്ചതിനാല്‍. ആംബുലന്‍സിലേക്ക് കയറ്റിയപ്പോള്‍ ബിസ്മിറിന്റെ ആരോഗ്യനില വഷളായി. സിപിആര്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അത് കേട്ടില്ല. പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സിപിആര്‍ നല്‍കിയോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചെന്നും പരാതിയിലുണ്ട്. വകുപ്പിന്റെ ഭാഗത്ത് നിന്ന് ആരും ബന്ധപ്പെട്ടില്ലെന്നും ബിസ്മിറിന്റെ കുടുംബം ആരോപിച്ചിരുന്നു.

TAGS :

Next Story