Quantcast

മീഡിയവൺ കാമറാമാനെ കയ്യേറ്റം ചെയ്ത സംഭവം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിലെ കോൺഗ്രസ് പ്രക്ഷോഭം പകർത്തുന്നതിനിടെയായിരുന്നു ചില കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

MediaOne Logo

Web Desk

  • Updated:

    2023-03-16 14:22:52.0

Published:

16 March 2023 7:44 PM IST

vd satheesan, congress, mediaone
X

തിരുവനന്തപുരം: മീഡിയവൺ കാമാറാമാന് നേരെയുണ്ടായ അക്രമത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അക്രമത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും മാധ്യമങ്ങളേയോ മാധ്യമ പ്രവർത്തകരേയോ ഒരു തരത്തിലും അക്രമിക്കാൻ പാടില്ല എന്നത് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിത നയമാണെന്നും വി.ഡി സതീശൻ പറഞ്ഞു. കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിലെ കോൺഗ്രസ് പ്രക്ഷോഭം പകർത്തുന്നതിനിടെയാണ് മീഡിയവൺ കാമറാമാൻ അനിൽ എം. ബഷീറിനെ ചില കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തത്.

പൊലീസിനെ അസഭ്യം പറഞ്ഞത് കാമറയിൽ പകർത്തുന്നതിനിടെയായിരുന്നു സംഭവം. നേരത്തെ ഒരു ജീവനക്കാരനെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ക്യാമറാമാന് നേരെയും ആക്രമണമുണ്ടായത്. ഷൂട്ട് ചെയ്യുന്നതിനിടെ പിന്നിൽ നിന്നെത്തിയ ഒരാൾ ആക്രോശിച്ച് കൊണ്ട് കൈ പിടിച്ച് തിരിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് അനിൽ പറയുന്നു.

സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. കർത്തവ്യ നിർവഹണത്തിനിടയിൽ മാധ്യമപ്രവർത്തകനു നേരേയുണ്ടായ കടന്നാക്രമണത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നു ജില്ലാ കമ്മിറ്റി പ്രസിഡൻറ് എം.ആർ. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.

കോൺഗ്രസിനെപ്പോലെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുന്നതു ഭൂഷണമല്ലെന്നും ഭാരവാഹികൾ പറഞ്ഞു.

TAGS :

Next Story