Quantcast

വിഴിഞ്ഞം തുറമുഖ വ്യാജ കരാര്‍രേഖ എഐ നിര്‍മിതം; സല്‍മാനുല്‍ ഫാരിസിന്റെ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ്

വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ 300 കോടി രൂപയുടെ വ്യാജ കരാറാണ് പ്രതി നിര്‍മിച്ചത്

MediaOne Logo

Web Desk

  • Published:

    21 Jun 2026 10:53 AM IST

വിഴിഞ്ഞം തുറമുഖ വ്യാജ കരാര്‍രേഖ എഐ നിര്‍മിതം; സല്‍മാനുല്‍ ഫാരിസിന്റെ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ്
X

കോഴിക്കോട്: വിഴിഞ്ഞം തുറമുഖ വ്യാജ കരാര്‍രേഖ എഐ നിര്‍മിതമെന്ന് പ്രതി സല്‍മാനുല്‍ ഫാരിസ്. 300 കോടിയുടെ വ്യാജ കരാര്‍രേഖ നിര്‍മിച്ചത് എഐ ഉപയോഗിച്ചെന്ന് സല്‍മാനുല്‍ ഫാരിസ് പൊലീസിന് മൊഴി നല്‍കി.

വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ 300 കോടി രൂപയുടെ വ്യാജ കരാറാണ് ഫാരിസ് നിര്‍മിച്ചത്. വ്യാജ രേഖ കാണിച്ച് പലരില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് പോര്‍ട്ടുമായി ബന്ധപ്പെട്ട കരാര്‍ തനിക്ക് ലഭിച്ചുവെന്നായിരുന്നു പ്രതിയുടെ അവകാശവാദം.

വിശ്വാസ്യതയ്ക്കായി വിഴിഞ്ഞം തുറമുഖ സിഎംഡിയായിരുന്ന ദിവ്യ എസ് അയ്യറുടെ ഒപ്പും പ്രതി ദുരുപയോഗം ചെയ്തു. ഫോണിലാണ് ഇയാള്‍ വ്യാജരേഖ നിര്‍മിച്ചത്. നിലവില്‍ സല്‍മാനുല്‍ ഫാരിസിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. വ്യാജ രേഖ നിര്‍മിച്ചത് വനിത സുഹൃത്തിനെ ബിസിനസുകാരനെന്ന് വിശ്വസിപ്പിക്കാന്‍ വേണ്ടിയാണെന്നും സല്‍മാനുല്‍ ഫാരിസ് പറഞ്ഞു.

വ്യാജരേഖ കൈമാറിയത് സുഹൃത്തിന് മാത്രമാണെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സല്‍മാനുല്‍ ഫാരിസ് കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ക്കായി പ്രതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

അതേസമയം നിരവധി സ്ത്രീകള്‍ സല്‍മാനുല്‍ ഫാരിസിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് നടി നേഹ സക്‌സേന പറയുന്നു. തട്ടിപ്പിനിരയായവരുമായി സംസാരിച്ചിട്ടുണ്ടെന്നും സാമ്പത്തിക ചൂഷണത്തിനൊപ്പം ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നുവെന്നും നേഹ മീഡിയ വണ്ണിനോട് പറഞ്ഞു.

പലരും കാര്യങ്ങള്‍ പുറത്തുപറയാത്തത് ഭയം കാരണമാണ്. സല്‍മാനുല്‍ ഫാരിസ് തന്നെയും തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചുവെന്നും നേഹ പറയുന്നു. കാര്‍ട്ടിയര്‍ വാച്ചിന്റെ ബ്രാന്‍ഡ് അംബാസഡറാക്കാമെന്ന് പറഞ്ഞാണ് പ്രതി നേഹയെ സമീപിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്നും പിന്നാലെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നേഹ പറഞ്ഞു.

TAGS :

Next Story