'കൊച്ചി മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിന്തുണച്ചു, പിതാക്കന്മാര്‍ക്ക് നന്ദി': വി.കെ മിനിമോള്‍
ലത്തീന്‍ കത്തോലിക്കാ സഭ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഉദ്ഘാടനവേദിയിലായിരുന്നു വി.കെ മിനിമോളുടെ പരാമര്‍ശം

എറണാകുളം: സമുദായം ശബ്ദമുയര്‍ത്തിയപ്പോള്‍ പദവി ലഭിച്ചെന്ന് കൊച്ചി മേയര്‍ വി.കെ മിനിമോള്‍. പിതാക്കന്മാര്‍ പലരും തനിക്ക് വേണ്ടി ഇടപെട്ടു. അതില്‍ നന്ദിയുണ്ടെന്നും വി.കെ മിനിമോള്‍ പറഞ്ഞു. ലത്തീന്‍ കത്തോലിക്കാ സഭ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഉദ്ഘാടനവേദിയിലായിരുന്നു വി.കെ മിനിമോളുടെ പരാമര്‍ശം.
'ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം കാരണമാണ് ഞാനിവിടെ നില്‍ക്കുന്നത്. സമുദായം ശബ്ദമുയര്‍ത്തിയപ്പോഴാണ് കൊച്ചി മേയര്‍ പദവി തനിക്ക് ലഭിച്ചത്. പലപ്പോഴും അര്‍ഹതക്കപ്പുറത്തുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുമ്പോള്‍ അവിടെ ശബ്ദമുയര്‍ത്താന്‍ സംഘടനക്ക് സാധിച്ചുവെന്നതാണ് മനസിലാക്കുന്നത്. എനിക്കുവേണ്ടി എല്ലാ പിതാക്കന്മാരും പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. ഈയവസരത്തില്‍ എല്ലാവര്‍ക്കും നന്ദി'. മിനിമോള്‍ പറഞ്ഞു.
കൊച്ചി മേയറായി വ്യക്തമായ ഭൂരിപക്ഷത്തോടെ വി.കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യുഡിഎഫിനകത്ത് അഭിപ്രായഭിന്നതകള്‍ ഉടലെടുത്തിരുന്നു. സാധ്യതാപട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ദീപ്തി മേരി വര്‍ഗീസിനെ മറികടന്നാണ് വി.കെ മിനിമോള്‍ മേയര്‍ പദവിയിലേക്കെത്തിയത്. ഇതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ദീപ്തി പരസ്യമായി രംഗത്തെത്തുകയും കെപിസിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. മേയര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വി.കെ മിനിമോളുടെ പ്രസ്താവന.
നേരത്തെ, കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 27 പേരും ലത്തീന്‍ അംഗങ്ങളായിരുന്നു. യുഡിഎഫില്‍ നിന്ന് 19 പേരുമാണ് പട്ടികയിലുണ്ടായിരുന്നത്. ഭൂരിപക്ഷമാളുകളും ലത്തീന്‍ സഭയില്‍ നിന്നുള്ളവരായതിനാല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് അവകാശവാദം ലത്തീന്‍ സഭ ഉന്നയിക്കുകയും ചെയ്തു.
ലത്തീന്‍ സഭയില്‍ പെട്ട വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. പിന്നീട് വി.കെ മിനിമോള്‍ രാഷ്ട്രീയ സാമുദായിക ധാരണപ്രകാരം മേയറായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഇതിനെ ചൊല്ലി വലിയ രീതിയില്‍ വിവാദം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി വി.കെ മിനിമോള്‍ രംഗത്തെത്തിയിരുന്നത്. മേയര്‍ സ്ഥാനം ലഭിച്ചതിന് പിന്നില്‍ സമുദായം ശബ്ദമുയര്‍ത്തിയതാണെന്നും പിതാക്കന്മാര്‍ക്ക് നന്ദിയുണ്ടെന്നുമായിരുന്നു മിനിമോളുടെ പ്രസ്താവന.
Adjust Story Font
16

