Quantcast

കുടുംബശ്രീ പരിപാടിയിൽ തട്ടമഴിച്ച് പ്രതിഷേധിച്ച് വി.പി സുഹ്റ; അപമാനിച്ച പി.ടി.എ പ്രസിഡന്റിനെതിരെ കേസ്

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് വി.പി.സുഹ്റ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    8 Oct 2023 4:10 PM GMT

vp suhra protesting by remove her head cover in kudumbasree programme
X

കോഴിക്കോട്: കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിയിൽ തട്ടം അഴിച്ച് പ്രതിഷേധിച്ച് സാമൂഹ്യ പ്രവർത്തക വി.പി സുഹ്റ. തട്ടമിടൽ വിവാദവുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു സുഹ്റ തട്ടമഴിച്ചത്. നല്ലളം സ്കൂളിൽ നടന്ന പരിപാടിക്കിടെയാണ് സുഹ്റയുടെ പ്രതിഷേധം.

അതേസമയം, പ്രതിഷേധിക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് അപമാനിച്ചെന്ന് വി.പി സുഹ്റ പറഞ്ഞു. സംഭവത്തിൽ പി.ടി.എ പ്രസിഡൻ്റിനെതിരെ സുഹ്റ നല്ലളം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് വി.പി.സുഹ്റ ചൂണ്ടിക്കാട്ടി.

സി.പി.എം സംസ്ഥാന സമിതിയം​ഗം കെ. അനിൽകുമാറാണ് തട്ടം വിവാദത്തിന് തുടക്കമിട്ടത്. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനംകൊണ്ടാണെന്നായിരുന്നു തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിൽ അനിൽകുമാർ പറഞ്ഞത്.

പരാമർശം വിവാദമാവുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതോടെ സി.പി.എം നേതൃത്വം തന്നെ അനിൽകുമാറിന്റെ പ്രസ്താവനയെ തള്ളി രം​ഗത്തെത്തിയിരുന്നു. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണെന്നും അതിൽ ആരും കടന്നു കയറേണ്ടെന്നും അനിൽ കുമാറിന്റേത് പാർട്ടി നിലപാടല്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്

TAGS :

Next Story