ദേശീയ പണിമുടക്കിന് പിന്തുണ; സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് നടന്നുപോയി മന്ത്രി ശിവൻ കുട്ടി
തൃശൂരില്‍ മേയറെ സമരക്കാർ വഴിയിൽ തടഞ്ഞുവെച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി.ഔദ്യോഗിക വസതിയിൽ നിന്ന് തിരുവനന്തപുരം സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലേക്ക് കാല്‍നടയായാണ് മന്ത്രി പോയത്.കെഎസ്ആര്‍ടി ബസുകള്‍ തടയുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച സമരമാണെന്നും യാത്ര ഒഴിവാക്കണണെന്നും നേരത്തെ അറിയിച്ചിരുന്നെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച ദേശീയ പണിമുടക്ക് തിരുവനന്തപുരത്ത് പൂര്‍ണമാണ്.
അതേസമയം, തൃശൂരില്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസിനെ സമരക്കാർ വഴിയിൽ തടഞ്ഞുവെച്ചു.അങ്കമാലി നഗരത്തിലാണ് സംഭവം.അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു മേയര്‍. ഇവരുടെ വാഹനം സമരക്കാര്‍ തടഞ്ഞു. സമരക്കാരും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. പൊലീസ് ഇടപെട്ട് വാഹനം വഴി തിരിച്ചുവിടുകയായിരുന്നു.
കൊല്ലം ആയൂരിൽ പോസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരനെ സിഐടിയു പ്രവർത്തകർ മർദിച്ചു.പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ് ഓഫീസ് അടച്ച് പുറത്തിറങ്ങിയ ജീവനക്കാരൻ ആയുർ സ്വദേശി നന്ദുവിനെയാണ് മർദിച്ചത്.ചടയമംഗലം പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഹെഡ് പോസ്റ്റ് ഓഫീസ് സമരാനുകൂലികൾ അടപ്പിച്ചു.കാഞ്ഞിരപ്പള്ളി കവലയിൽ കെഎസ്ആർടിസി ബസ്സുകളും തടഞ്ഞു.
അതേസമയം, കോഴിക്കോട്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകന് സമരാനുകൂലികളുടെ മര്‍ദനമേറ്റു. അരീക്കാട് സ്വദേശി എന്‍.വി മുസമ്മിലിനാണ് മര്‍ദനമേറ്റത്. ഫറോക്ക് ചെറുവണ്ണൂരിലെ ഡെന്റല്‍ ക്ലിനിക്ക് അടപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴായിരുന്നു മര്‍ദനം.മൊബൈല്‍ ഫോണ്‍ സമരാനുകൂലികള്‍ പിടിച്ചുവാങ്ങുകയും ഐഡി കാര്‍ഡ് പൊട്ടിച്ചെറിയുകയും ചെയ്തു.മുസമ്മില്‍ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
മൂവാറ്റുപുഴയിലും മാധ്യമ പ്രവർത്തകന് സമരക്കാരുടെ മർദനമേറ്റു.മൂവാറ്റുപുഴ സ്വദേശി അനൂപ് സത്യനാണ് മർദനമേറ്റത്.കെഎസ്ആര്‍ടിസി ബസിൻ്റെ ചില്ല് തകർക്കുന്ന ദൃശ്യങ്ങൾ പകർത്തിയതിനാണ് മർദിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Adjust Story Font
16

