Quantcast

'എന്തുകൊണ്ട് ഇവരെ കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട'; ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണമെന്ന് ബല്‍റാം

യുഡിഎഫ് പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ സമരം

MediaOne Logo
vt balram facebook post bjp protest
X

കെഎസ്ആര്‍ടിസി ബസുകളില്‍ ഉടന്‍ സൗജന്യയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി സമരത്തിന് രൂക്ഷ വിമര്‍ശനവുമായി നിയുക്ത എംഎല്‍എ വി.ടി ബല്‍റാം. എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ടെന്ന് ബല്‍റാം പരിഹസിച്ചു.

ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചത്. യുഡിഎഫ് പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്ര വൈകുന്നതിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. സമരത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റില്ലാ യാത്രയും നടത്തും. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു.

സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപിയുടെ നേതൃതലങ്ങളില്‍ ഉള്ളവര്‍ക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി. ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലെയും 3.05 രൂപ വര്‍ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളില്‍ വച്ചാണ് സമരത്തിന്റെ പോസ്റ്റര്‍ എന്നതും കൗതുകകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍പ്പെടെ ഫോട്ടോ പോസ്റ്ററിലുണ്ട്.

'യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് കേരളത്തില്‍ ഇന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നോരോന്നായി ഞങ്ങള്‍ നടപ്പിലാക്കുകതന്നെ ചെയ്യും. സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ഉള്‍പ്പെടെ. കുറച്ചുകൂടി നിലവാരമുള്ള, അല്‍പ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാന്‍ അപ്പുറത്തുള്ള എല്ലാ പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു' -ബല്‍റാം പറഞ്ഞു.


TAGS :

Next Story