Quantcast

'തത്കാലം ഇതൊരു ഫോണ്‍ നമ്പര്‍, കുറച്ച് കഴിഞ്ഞാല്‍ മാറ്റത്തിൻ്റെ മാന്ത്രിക സംഖ്യ'; ബല്‍റാം അന്നേ പ്രവചിച്ചു എല്‍ഡിഎഫിൻ്റെ വന്‍ പരാജയം

ഇത്രയും കൃത്യമായ ഒരു സംഖ്യ മാസങ്ങള്‍ക്ക് മുന്‍പേ ബല്‍റാം എങ്ങനെ പ്രവചിച്ചു എന്നാണ് അണികള്‍ ചോദിക്കുന്നത്

MediaOne Logo
vt balram facebook post goes viral
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന്റെ മാസങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഫേസ്ബുക് പോസ്റ്റ്. 'തത്കാലം ഇതൊരു ഫോണ്‍ നമ്പര്‍' എന്ന് പറഞ്ഞാണ് ബല്‍റാം പത്തക്ക നമ്പര്‍ പങ്കുവെച്ചത്. ഇതില്‍ എല്‍ഡിഎഫിന്റെ സീറ്റ് നില കൃത്യമായി പ്രവചിച്ചിട്ടുണ്ടായിരുന്നു.

ജനുവരി ഏഴിനായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്. '98 68 91 99 35' എന്ന നമ്പറാണ് ബല്‍റാം പോസ്റ്റ് ചെയ്തത്. 'തത്കാലം ഇതൊരു ഫോണ്‍ നമ്പര്‍ ആണ്, കുറച്ച് കഴിഞ്ഞാല്‍ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും' -അന്ന് ബല്‍റാം പോസ്റ്റ് ചെയ്തു.

സിപിഎം നേതാവ് എം.എം മണിയുടെ പോസ്റ്റിന് മറുപടിയായിട്ടാണ് അന്ന് ബല്‍റാം പോസ്റ്റ് ഇട്ടത്. '98 68 91 99. ഇതൊരു ഫോണ്‍ നമ്പര്‍ അല്ല. കഴിഞ്ഞ നാല് നിയമസഭയിലെ എല്‍ഡിഎഫ് സീറ്റുകളാണ്' എന്നായിരുന്നു മണിയുടെ പോസ്റ്റ്. ഇതിനാണ് 35 കൂട്ടിച്ചേര്‍ത്ത് ബല്‍റാം '98 68 91 99 35' എന്ന് മറുപടി നല്‍കിയത്. അവസാനത്തെ 35 ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിക്കുന്ന സീറ്റിന്റെ പ്രവചനമായിരുന്നു.

അന്ന് ബല്‍റാമിന്റെ പോസ്റ്റില്‍ ഇടത് അണികള്‍ കടുത്ത വിമര്‍ശനവുമായി എത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബല്‍റാമിന്റെ പ്രവചനം കൃത്യമായി. എല്‍ഡിഎഫ് 35 സീറ്റില്‍ ഒതുങ്ങി. ഫലം വന്നതോടെ ബല്‍റാമിന്റെ പോസ്റ്റ് വീണ്ടും വൈറലായി. ഇത്രയും കൃത്യമായ ഒരു സംഖ്യ ബല്‍റാം എങ്ങനെ പ്രവചിച്ചു എന്നതാണ് അണികള്‍ ചോദിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേക്ക് വന്‍ തിരിച്ചുവരവ് നടത്തിയത്. കോണ്‍ഗ്രസ് 63 സീറ്റില്‍ വിജയിച്ചപ്പോള്‍ മുസ്‌ലിം ലീഗ് 22 സീറ്റില്‍ വിജയിച്ചു. എല്‍ഡിഎഫില്‍ 13 മന്ത്രിമാര്‍ തോറ്റു. തൃത്താലയില്‍ എം.ബി രാജേഷിനെ 8385 വോട്ടിന് പരാജയപ്പെടുത്തിയാണ് ബല്‍റാം തിരിച്ചുവരവ് നടത്തിയത്. ബല്‍റാം 76,427 വോട്ട് നേടിയപ്പോള്‍ എം.ബി രാജേഷിന് 68,042 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.

TAGS :

Next Story