'ഇരുട്ടിൻ്റെ മറനീക്കി വെളിച്ചത്തിൻ്റെ തിരി തെളിക്കാം'; ഡബ്ല്യുസിസിയുടെ 'അവള്‍ക്കൊപ്പം' ഒത്തുചേരല്‍ നാളെ
നടി ആക്രമിക്കപ്പെട്ടതിൻ്റെ വാര്‍ഷിക ദിനത്തിലാണ് ഒത്തുചേരല്‍

- Published:
16 Feb 2026 10:16 PM IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ഫെബ്രുവരി 17ന് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും കൂട്ടായ്മ സംഘടിപ്പിച്ച് ഡബ്ല്യുസിസി. 2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചതെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെയും ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നുവെന്നും ഡബ്ല്യുസിസി പറഞ്ഞു.
കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജിലും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തിരുവനന്തപുരം മാനവീയം വീഥിയിലുമാണ് പരിപാടി നടക്കുക. '2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന തീരുമാനത്തോടെയായിരുന്നു 'അവള്‍ക്കൊപ്പം' എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു. പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യുസിസി അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെയും ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം' -ഡബ്ല്യുസിസി പ്രസ്താവനയില്‍ പറഞ്ഞു.
2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ യുവനടിയെ തട്ടിക്കൊണ്ടുപോവുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തത്. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍, ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിടുകയും ചെയ്തിരുന്നു.
Adjust Story Font
16
