Quantcast

'നമ്മളിപ്പോഴും സനാതനത്തിന്‍റെ അടിമകൾ,ദലിതര്‍ രാഷ്ട്രീയ ശക്തിയാകണം': വേടൻ

പട്ടികജാതി ദലിത് ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഒരു വലിയ പ്രശ്നം ഒത്തൊരുമയില്ലാത്തതാണ്

MediaOne Logo

Web Desk

  • Published:

    19 Jun 2025 1:30 PM IST

Vedan
X

തിരുവനന്തപുരം: പട്ടികജാതിക്കാരും ആദിവാസികളുമായ ദലിത് സമൂഹം ഇപ്പോഴും സനാതനത്തിന്‍റെ അടിമകളാണെന്ന് റാപ്പര്‍ വേടൻ. മഹാവീരൻ അയ്യങ്കാളിയെയും ബാബാ അംബേദ്കറെയും ഇവിടെയുള്ള പൊതുസമൂഹം ആഘോഷിക്കുന്ന ഒരു കാലം വരുമെന്നും ആ കാലത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി ബുധനാഴ്ച തിരുവനന്തപുരത്ത് കെപിഎംഎസ് നടത്തിയ സ്മൃതിസംഗമത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു വേടൻ.

'പട്ടികജാതി ദലിത് ആദിവാസി വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഒരു വലിയ പ്രശ്നം ഒത്തൊരുമയില്ലാത്തതാണ്. നമ്മളുടെ സാഹോദര്യമില്ലായ്മ ഇവിടെയുള്ള സനാതനധർമ വാദികൾ വലിയ രീതിയിൽ ദലിതരെ ഭിന്നിപ്പിക്കാനുപയോഗിക്കുന്നുണ്ട്. അത് യുവതലമുറ മനസിലാക്കണം. എല്ലായ്പ്പോഴും ഐക്യത്തോടെയിരുന്ന് ഒരു വലിയ രാഷ്ട്രീയ ശക്തിയാകാൻ ദലിതർക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്'- വേടൻ പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ രാജ വീഥികളിൽ ദലിതരെപ്പോലെയുള്ള ആളുകൾക്ക് നടക്കാൻ അനുവാദമില്ലാതിരുന്ന ഒരു കാലത്ത് വില്ലു വണ്ടിയിൽ കയറി യാത്ര ചെയ്ത് ദലിതരടെ ധീരതയ്ക്ക് പ്രതീകമായി നിന്ന ആളാണ് മഹാത്മ അയ്യങ്കാളിയെന്നും വേടൻ പറഞ്ഞു.

''കേരളത്തിലെ ജാതിസമൂഹം അയങ്കാളിയെയും അംബേദ്കറെയും ജാതിവാദിയായിട്ടും ഒരു പ്രത്യേക ജാതിയുടെ നേതാവാക്കി മാത്രം ആഘോഷിക്കപ്പെടുന്ന ഈ സമൂഹത്തിൽ അടുത്ത പ്രാവശ്യം ഇതേ ദിവസം പതിനായിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടുന്നൊരു വേദിയിൽ ഇവരുടെ ജൻമദിനം ആഘോഷിക്കപ്പെടുന്ന രീതിയിൽ നമ്മൾ വളരണം. ഇന്ത്യയിലെ കക്ഷി രാഷ്ട്രീയങ്ങളെയും രാഷ്ട്രീയ സംവിധാനങ്ങളെയും ചോദ്യം ചെയ്യാൻ പറ്റുന്നൊരു സംഘടിതമായ ഒരവസ്ഥയിലേക്ക് നമ്മളിനിയും വളരാൻ ഒരുപാട് കാലമെടുക്കും എന്നതാണ് എനിക്ക് മനസിലായിട്ടുള്ള കാര്യം. കാരണം നമ്മൾ തന്നെ വിഭജിച്ച് വിഭജിച്ച് ജീവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഉള്ളിലുള്ള തീവ്രസനാതനത്തിന്‍റെ സാഹോദര്യമില്ലായ്മ നമ്മുടെ ഉള്ളിലും കടന്നുകൂടിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് എനിക്ക് ഇന്ന് കാണാൻ കഴിഞ്ഞത്. ദയവ് ചെയ്ത് അടുത്ത മഹാവീരൻ അയങ്കാളിയുടെ ജൻമദിനാഘോഷത്തിൽ ബഹുജനങ്ങളെ മുഴുവൻ കോര്‍ത്തിണക്കാൻ പറ്റുന്നൊരു വലിയ ഇടത്തിലേക്ക് വരാൻ പറ്റുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്'' വേടൻ കൂട്ടിച്ചേര്‍ത്തു.

''ഈ സനാതനത്തിന്‍റെ ആളുകളെ വിഘടിപ്പിച്ചുകൊണ്ടുള്ള ഈ രാഷ്ട്രീയ പരിഷ്കരണത്തിൽ നിന്ന് നമ്മൾ മുന്നോട്ടുവരേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് പട്ടികജാതി, ആദിവാസി, ദലിത് സമൂഹങ്ങളെല്ലാവരും'' വേടൻ പറഞ്ഞു. ചടങ്ങിൽ തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമത്തെ വേടൻ തടഞ്ഞു. തുടര്‍ന്ന് വേടന്‍ തലപ്പാവ് കൈയില്‍ സ്വീകരിച്ചു. പ്രതീകാത്മകമായി വേടന് വാളും സംഘാടകര്‍ സമ്മാനിച്ചിരുന്നു.



TAGS :

Next Story