നൂറിലധികം സീറ്റുമായി ഞങ്ങൾ അധികാരത്തിൽ വരും, സംശയമില്ല: വി.ഡി സതീശൻ
ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

പറവൂർ: നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും ജനാധിപത്യത്തെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിലെ ദേശീയ സർവ്വേ ഫലങ്ങൾ യുഡിഎഫിന്റെ വിജയം വ്യക്തമാക്കുന്നുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. നേരത്തെ യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം പ്രഖ്യാപിച്ചവർ പോലും ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിരിക്കുകയാണ്. അതേസമയം, കേരളത്തിലെ ചില 'തട്ടിക്കൂട്ട്' സർവ്വേകളെ അദ്ദേഹം വിമർശിച്ചു. ഇത്തരം സർവ്വേകൾ നടത്തുന്നവർ സ്വന്തം വിശ്വാസ്യത തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പല ഉദ്യോഗസ്ഥരും ബാലറ്റ് പേപ്പർ ലഭിക്കാത്തതിനെത്തുടർന്ന് വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നിട്ടുണ്ടെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടി. ഫൈനലിൽ നല്ല ഗോൾ അടിച്ചു കൊണ്ടിരിക്കുകയാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
Adjust Story Font
16

