Quantcast

സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം; നിരവധി കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തു

കണ്ണൂരിൽ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Sep 2022 3:30 AM GMT

സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം; നിരവധി കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തു
X

തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സിയടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോടും ആലപ്പുഴയിലും കല്ലേറിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിക്കേറ്റു.

ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. സമരക്കാർ താക്കോലുമായി കടന്നതോടെ കണ്ണൂരിൽടാങ്കർ ലോറികൾ നടുറോഡിൽ കുടുങ്ങി.വാഹനം എടുക്കാനാവാത്തത് മൂലം നഗരത്തിൽ ക്യാപ്പിറ്റോൾ മാളിന് മുന്നിൽ ഗതാഗത കുരുക്കുണ്ടായി.

കണ്ണൂരിൽ വാഹനങ്ങൾക്ക് നേരെ പെട്രോൾ ബോംബേറുണ്ടായി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുന്നാട്ടെ വീട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു. യാത്രക്കാരനായ നിവേദിന് നേരെ ഉളിയിൽ വെച്ചാണ് പെട്രോൾ ബോംബെറിഞ്ഞത്. പരിക്കേറ്റ നിവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് താമരശ്ശേരിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. താമരശ്ശേരി കോടതിക്ക് സമീപം ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. ദേശീയപാതയിൽ താമരശ്ശേരി കാരാടിയിൽ ഗുഡ്‌സ് ഓട്ടോ നേരെയും അക്രമം ഉണ്ടായി. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിൽ ടയർ കൂട്ടിയിട്ട് ഗതാഗതം തടസപ്പെടുത്തി.പൊലീസ് എത്തി ഗതാഗത തടസം നീക്കി. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വയനാട് പനമരം അഞ്ചു ക്കുന്നിൽ ഹർത്താൽ അനുകൂലികൾ ടയറുകൾ കത്തിച്ച് റോഡിലിട്ട് ഗതാഗതം തടഞ്ഞു. വയനാട് നലാം മൈൽ പീച്ചങ്കോട് കാറിനും ട്രക്കിനും കല്ലെറിഞ്ഞു .

ഇരു വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു. ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് കിള്ളിപ്പാലം ബണ്ട് റോഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തു.മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ആലപ്പുഴ അമ്പലപ്പുഴയിൽ ലോറിക്ക് നേരെ കല്ലേറുണ്ടായി.ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

TAGS :

Next Story