വയനാട്ടിൽ വീണ്ടും കാട്ടാനക്കലി; കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
വെള്ളാഞ്ചേരി സ്വദേശി രാജുവാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. വെള്ളാഞ്ചേരി സ്വദേശി രാജുവാണ് മരിച്ചത്. കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. കാട്ടാനയാക്രമണത്തിൽ തുടർച്ചയായി ജീവൻ നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച് രാജുവിന്‍റെ ബന്ധുക്കളും നാട്ടുകാരും സിപിഎം പ്രവർത്തകരും മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറി പരിസരത്ത് പ്രതിഷേധം നടത്തുകയാണ്.
ഇന്ന് രാവിലെയാണ് വെള്ളാഞ്ചേരിയിലെ ജനവാസമേഖലയിൽ കാട്ടാനയെ പ്രദേശവാസികൾ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ രാജു ആനയുടെ മുന്നിൽ പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ രാജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒറ്റയാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.
വയനാട്ടിലെ കാട്ടാനക്കലിയിൽ വീണ്ടുമൊരു സാധാരണക്കാരന്‍റെ ജീവൻ പൊലിഞ്ഞിട്ടും സ്ഥലം എംഎൽഎ ഉഷ വിജയൻ, വയനാട്ടിലെ മന്ത്രി എന്നിവർ സ്ഥലത്തെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്ത് നാട്ടുകാരും കൊല്ലപ്പെട്ട തൊഴിലാളിയുടെ ബന്ധുക്കളും സിപിഎം പ്രവർത്തകരും പ്രതിഷേധം നടത്തുകയാണ്. ജില്ലയിൽ മന്ത്രിമാരുണ്ടെങ്കിൽ അടിയന്തരമായി സ്ഥലത്തെത്തണമെന്നും കുടുംബത്തിനുണ്ടായ നഷ്ടം നികത്താനുതകുന്ന വിധത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാട്ടാനയാക്രമണത്തിൽ പ്രദേശവാസികളുടെ ജീവൻ പൊലിയുന്നത്. കാട്ടാനക്കലിയിൽ തുടർച്ചയായി ജീവൻ പൊലിഞ്ഞുകൊണ്ടിരിക്കുമ്പോഴും അനിവാര്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന്‍റെ പരിണിതഫലമാണിതെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിന് ശേഷം തങ്ങളെ ആദ്യം വന്നുകാണുന്നത് ഡിസിസി നേതാക്കളാണെന്നും ആശുപത്രിക്കകത്ത് സ്ഥലം എംഎൽഎ ഉഷ അടക്കമുള്ളവർ ഉണ്ടായിരുന്നിട്ട് പോലും വന്ന് കാണാൻ തയ്യാറായില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. ജില്ലാ കലക്ടർ എത്രയും വേഗം സ്ഥലത്തെത്തി ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്.
Adjust Story Font
16

