Quantcast

മയക്കുവെടിയേറ്റാൽ ആന മയങ്ങി വീഴുമോ? എന്ത് സംഭവിക്കും?

ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചിൽ മയക്കുമരുന്ന് നൽകുക

MediaOne Logo

Web Desk

  • Updated:

    2023-01-22 05:52:38.0

Published:

22 Jan 2023 4:21 AM GMT

മയക്കുവെടിയേറ്റാൽ ആന മയങ്ങി വീഴുമോ? എന്ത് സംഭവിക്കും?
X

പാലക്കാട്: ധോണി മേഖലയിൽ ഭീതി വിതച്ച പി.ടി 7 (പാലക്കാട് ടസ്‌കർ ഏഴാമൻ) ആനയെ മയക്കുവെടി വെച്ചതോടെ ഇതിന് ശേഷം എന്താണ് സംഭവിക്കുകയെന്നത് നമ്മുടെ മനസ്സിലൊക്കെ തോന്നുന്ന സംശയമായിരിക്കും. മയക്കുവെടിയേറ്റ ആന കിടക്കുമോ അതേ ഇരിക്കുമോയെന്നും ചോദ്യമുണ്ടാകും. എന്നാൽ മയക്കുവെടിയേറ്റ ആന കിടക്കുന്നതും ഇരിക്കുന്നതും അപകടരമാണ്. അവ നിൽക്കുന്നതാണ് പതിവുരീതി.

ആനയുടെ വലുപ്പം, പ്രായം എന്നിവ അനുസരിച്ച് കൃത്യമായ ഡോസിലാണ് സിറിഞ്ചിൽ മയക്കുമരുന്ന് നൽകുക. അവ അധികമായാൽ ആന ചെരിഞ്ഞ് കിടക്കുകയോ ഇരിക്കുകയോ ചെയ്യും. അത് ആനയുടെ ജീവന് ഭീഷണിയാണ്. മയക്കുവെടിയേറ്റ ആന അരമണിക്കൂർ മുതൽ 45 മിനുട്ടിനുള്ളിൽ മയക്കത്തിൽ പ്രവേശിക്കും. ആ മയക്കം മണിക്കൂറുകൾ നീണ്ടുനിൽക്കും. പാലക്കാട് നിന്ന് വയനാട്ടിലെത്തിക്കാൻ ഇത് മതിയാകുമെന്നാണ് ഡോ. അരുൺ സഖറിയ പറയുന്നത്. ഇനി അഥവാ മയക്കം വിട്ടാൽ ബൂസ്റ്റർ ഡോസ് നൽകും. പിന്നീട് മയക്കം വിടാൻ മറ്റൊരു ഇഞ്ചക്ഷൻ നൽകും.

നിലവിൽ പിടിയിലായ പി.ടി 7 മയങ്ങിനിൽക്കുകയാണ് ചെയ്യുന്നത്. ആനയുടെ മുഖത്ത് കറുത്ത തുണി വലിച്ചുകെട്ടിയിട്ടുണ്ട്. മയക്കുമരുന്ന് വലിയ ശക്തിയേറിയതിനാൽ ആനയുടെ ശരീരം ചൂടാകുന്നതിനാൽ വെള്ളം തളിച്ചുകൊടുത്തുകൊണ്ടിരിക്കുന്നുണ്ട്. കൂട്ടിലേക്ക് മാറ്റിയാലും ഇത് തുടരും. നിലവിൽ പി.ടി 7 മുഖത്ത് വെച്ച തുണി തലയ്ക്ക് മുകളിലാണുള്ളത്. അതിനാൽ ആനയ്ക്ക് കുങ്കിയാനകളെയും വനപാലകരെയുമൊക്കൊ കാണാനാകും. പക്ഷേ ഒന്നും ചെയ്യാനാകില്ല. അത്രയേറെ ശക്തിയേറിയതാണ് വെടിവെച്ചേൽപ്പിച്ച മയക്കുമരുന്ന്. ആനയുടെ കാലുകൾ വലിയ വടം കൊണ്ട് കെട്ടി മരത്തിൽ ബന്ധിപ്പിച്ചിരിക്കുകയാണ്.

ധോണിയെ വിറപ്പിച്ച പി.ടി സെവനെ 7.10 ഓടെയാണ് മയക്കുവെടി വെച്ചത്. പി.ടി 7ന് 15-20 വർഷം പ്രായമുണ്ട്. മൂന്നര വർഷത്തോളമായി പ്രദേശത്ത് ഇറങ്ങുന്ന ആനയാണ്. കഴിഞ്ഞ കുറച്ചു മാസമായി ശല്യം രൂക്ഷമായിരുന്നു.ആനയെ കൂട്ടിലാക്കി കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊണ്ടുപോയ ശേഷം ആനയെ മെരുക്കാനുള്ള ശ്രമം നടക്കും. ഇത് ഏറെ ശ്രമകരമാണെന്നാണ് ഡോ. പി.എസ്. ഈസ പറയുന്നത്.

ആനയെ കൊണ്ടുപോകാനുള്ള സംഘം ഉൾക്കാട്ടിലെത്തിയിട്ടുണ്ട്. സംഘത്തോടൊപ്പം വിക്രമൻ, ഭരതൻ എന്നിവയടക്കം മൂന്നു കുങ്കിയാനകളും വനത്തിലുണ്ട്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിയായ അപ്പക്കാട് ഭാഗത്ത് വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്.

ദൗത്യ സംഘത്തിലുള്ളത് വനം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 72 പേരാണ്. ഇന്നലെ മയക്കുവെടി വെക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. വർഷങ്ങളായി ധോണിയിലെ ജനങ്ങളുടെ ഉറക്കംകെടുത്തിയ ആനയാണ് ഇപ്പോൾ മയക്കുവെടി വെച്ചിരിക്കുന്നത്. ധോണിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി പി.ടി.സെവൻ ഭീതി വിതച്ചു കൊണ്ടിരിക്കുകയാണ്. പ്രദേശ വാസികളുടെ വീടുകളുടെ മതിൽ പൊളിക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. വന്യമൃഗങ്ങളെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് അകറ്റാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

Will an elephant faint if drugged? What will happen?

TAGS :

Next Story