Quantcast

ആളെ കൊന്നിട്ടല്ല ഇവിടെ വന്ന് നിൽക്കുന്നത്; ഡിജിപി വന്നാലും പ്രവർത്തകരെ പിടിക്കാൻ പറ്റില്ല; രാഹുൽ മാങ്കൂട്ടത്തിൽ

'എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ പാല് വേണോ തൈര് വേണോ എന്ന് ചോദിച്ചാണ് കൊണ്ടുപോയത്'.

MediaOne Logo

Web Desk

  • Updated:

    2023-12-20 11:39:58.0

Published:

20 Dec 2023 10:19 AM GMT

will not allow police to arrest youth congress workers says president rahul mamkoottathil
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ സമ്മതിക്കില്ലെന്നും പൊലീസുകാരെ ഡി.സി.സി ഓഫീസിലേക്ക് കടത്തിവിടില്ലെന്നും അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഡി.സി.സി ഓഫീസിന് മുന്നിൽ പിങ്ക് പൊലീസ് വാഹനം തകർത്ത യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനെതിരെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച സഹപ്രവർത്തകരെ പൊലീസുകാർ സമരസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. സമരം ചെയ്തിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. സിപിഎമ്മിനെ പോലെ ആളെ കൊന്നിട്ടില്ല പാർട്ടി ഓഫീസിൽ വന്നിരിക്കുന്നത്. പിന്മാറാൻ തയാറായില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. റോഡിലാണ് ഞങ്ങൾ നിൽക്കുന്നത്. ഇവിടെ വന്ന് എന്റെ സഹപ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പറ്റുമോയെന്ന് നോക്കട്ടെ'- രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'പൊലീസിനുള്ള വെല്ലുവിളിയാണോ എന്ന ചോദ്യത്തിന് പൊലീസല്ലേ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നതെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. അവർക്കെന്താ ഡിസിസി ഓഫീസിന്റെ മുന്നിൽ കാര്യം. എന്തേലും ക്രൈം നടന്നോ. ക്രൈം നടത്തിയത് പൊലീസല്ലേ. ഇങ്ങനയൊണോ സമരക്കാരെ സാധാരണ നേരിടുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ ഇങ്ങനെയാണോ നേരിട്ടത്. പാല് വേണോ തൈര് വേണോ എന്ന് എന്ന് ചോദിച്ചാണ് കൊണ്ടുപോയത്. ഞാൻ പിടിച്ചുമാറ്റാൻ ചെന്നപ്പോൾ സിഐയാണ് എന്റെ തലയ്ക്കടിച്ചത്. ഞാൻ വിട്ടതല്ലേ. ഞാൻ പ്രകോപിതനായില്ലല്ലോ. പ്രവർത്തകരെ പ്രകോപിപ്പിച്ചില്ലല്ലോ?'.

'വനിതാ പ്രവർത്തകരുടെ തുണിയിൽ പിടിക്കുകയാണ് പൊലീസുകാർ. എന്നിട്ട് നക്ഷത്രചിഹ്നവും വച്ച് കൊണ്ടുനടക്കാൻ പറ്റുമെന്നാണോ വിചാരിക്കുന്നത്?. സമരക്കാരാണ് പാർട്ടി ഓഫീസിലുള്ളത്. ഏതെങ്കിലും ക്രിമിനലുകളെ ഒളിപ്പിച്ചിട്ടുണ്ടുണ്ടോയെന്ന് പൊലീസ് പറയട്ടെ. സമരക്കാരെ കമ്മീഷണറല്ല, ഡിജിപി വന്നാലും ഡിസിസി ഓഫീസിൽ നിന്നും പിടിക്കാൻ പറ്റില്ല'.

സമരം അവസാനിപ്പിച്ച് ഡിസിസി ഓഫീസിലേക്ക് എത്തിയപ്പോൾ പിടിക്കാൻ പറ്റുന്ന പൊലീസുകാരുണ്ടോ എന്നറിയട്ടെ. വെല്ലുവിളിയല്ല, പക്ഷേ ഇങ്ങോട്ട് വെല്ലുവിളിക്കാൻ വന്നാൽ ശക്തമായി പ്രതിരോധിക്കും. ഒരു തരത്തിലും അകത്തേക്ക് കടത്തിവിടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. വി.ഡി സതീശൻ, പാലോട് രവിയടക്കമുള്ള നേതാക്കൾ ഓഫീസിലുണ്ട്.

നേരത്തെ, സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നും കൂട്ടമായി ഡി.സി.സി ഓഫീസിലേക്ക് എത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ ഇവിടെയും സംഘർഷമുണ്ടായിരുന്നു. ഓഫീസിന് മുന്നിൽ തമ്പടിച്ച പ്രവർത്തകർ ഇതുവഴി പോയ പിങ്ക് പൊലീസിന്റെ വാഹനത്തിന്റെ ചില്ലുകൾ തല്ലിത്തകർത്തു. മറ്റ് പൊലീസ് വാഹനങ്ങൾക്ക് പിന്നാലെ ഓടുകയും ചെയ്തു. ഇതിനിടെ ഇവിടെയെത്തിയ പൊലീസുകാർ ഡി.സി.സി ഓഫീസിലേക്ക് കയറാൻ ശ്രമിച്ചതോടെ വീണ്ടും സംഘർഷമുണ്ടായി. പൊലീസിനു നേരെ ഓഫീസിൽ നിന്നും പ്രവർത്തകർ കല്ലെറിഞ്ഞു.

തുടർന്ന് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള നേതാക്കൾ പുറത്തേക്കെത്തി. ഡി.സി.സി ഓഫീസിലേക്ക് കടക്കാൻ പൊലീസിനെ സമ്മതിക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. വനിതാ പൊലീസിന്റെ വാഹനം അടിച്ചുതകർത്ത കാര്യം അറിയില്ലെന്നും താൻ കണ്ടില്ലെന്നും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story