Quantcast

സെനറ്റ് പ്രതിനിധികളെ പിൻവലിച്ച സംഭവം; നിയമപോരാട്ടത്തിന് ഒരുങ്ങി സി.പി.എം

പുറത്താക്കപ്പെട്ടവർ കോടതിയെ സമീപിച്ചേക്കും

MediaOne Logo

Web Desk

  • Published:

    18 Oct 2022 12:57 AM GMT

സെനറ്റ് പ്രതിനിധികളെ പിൻവലിച്ച സംഭവം; നിയമപോരാട്ടത്തിന് ഒരുങ്ങി സി.പി.എം
X

തിരുവനന്തപുരം: കേരള സർവകാലാശാല സെനറ്റിൽ നിന്ന് ചാൻസലറുടെ നോമിനികളെ പിൻവലിച്ച നടപടിക്കെതിരെ നിയമപോരാട്ടം നടത്താനൊരുങ്ങി സി.പി.എം. പുറത്താക്കപ്പെട്ട പ്രതിനിധികളിൽ ഒരാൾ കോടതിയെ സമീപിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ നിയമോപദേശവും തേടിയിട്ടുണ്ട്.

കേരള സർവകലാശാല സെനറ്റിലേക്ക് ചാൻസലറുടെ അധികാരം ഉപയോഗിച്ച് നോമിനേറ്റ് ചെയ്ത 15 പേരെയാണ് കഴിഞ്ഞ ദിവസം ഗവർണർ പിൻവലിച്ചത്. സിപിഎമ്മിന്റെ അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഗവർണറുടെ നടപടിയിൽ കടുത്ത അതൃപ്തിയുള്ള സി.പി.എം ഇതിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുന്നുവെന്നാണ് വിവരം.

പുറത്താക്കപ്പെട്ട സി.പി.എം പ്രതിനിധികളിൽ ഒരാൾ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചേക്കും. ഇത് സംബന്ധിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. ഗവർണറുടെ നടപടിയിൽ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

ഒരാളെ പുറത്താക്കുന്നതിന് മുമ്പ് അയാളിൽ നിന്ന് വിശദീകരണം തേടണം. എന്നാൽ ഗവർണറുടെ ഭാഗത്ത് നിന്ന് അതുണ്ടായിട്ടില്ല. കോടതിയെ സമീപിക്കുമ്പോൾ ഒരു വിഷയമായി ഉയർത്തിക്കാട്ടുന്നത് ഇതായിരിക്കും. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ഗവർണർ ഇടപെട്ടുവെന്ന പരാതിയും സി.പി.എം ഉയർത്തിയേക്കും. കേരള സർവകലാശാല വിസിയുടെ കാലാവധി ഈ മാസം 24 ന് അവസാനിക്കുമ്പോൾ സംഘപരിവാർ ബന്ധമുള്ളയാളെ വിസിയായി നിയമിക്കാൻ ഗവർണർ നീക്കം നടത്തുവെന്ന സംശയവും സി.പി.എമ്മിനുണ്ട്. അതിന് കൂടി തടയിടാൻ വേണ്ടിയുള്ള നീക്കങ്ങളായിരിക്കും വരും ദിവസങ്ങളിൽ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവുക.

TAGS :

Next Story