Quantcast

യുവതി നേരിട്ടത് ക്രൂര ബലാത്സം​ഗം; മുഖത്തടിച്ചു, തുപ്പി; ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കി; ഭ്രൂണ ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ല

'റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുംമുമ്പേ തന്നെ കടന്നാക്രമിച്ചു. ക്രൂരമായ ലൈംഗികാക്രമണമാണ് നേരിടേണ്ടി വന്നത്. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും അധിഷേപിക്കുകയും ചെയ്തു'.

MediaOne Logo

Web Desk

  • Updated:

    2026-01-11 05:19:05.0

Published:

11 Jan 2026 8:18 AM IST

woman was brutally raped slapped in the face, spat on, and injured in several places on her body by rahul
X

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ ​ക്രൂരതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഹോട്ടൽ മുറിയിൽ ക്രൂരമായ ബലാത്സം​ഗത്തിനാണ് ഇരയായതെന്നും രാഹുൽ മുഖത്തടിച്ചെന്നും മുഖത്ത് തുപ്പിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ​ഗർഭിണിയായപ്പോൾ, അത് മറ്റാരുടെയെങ്കിലും കുഞ്ഞായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഇതോടെ താൻ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും യുവതി വ്യക്തമാക്കി.

ലാബ് ജീവനക്കാർ സാമ്പിൾ ആവശ്യപ്പെട്ടെങ്കിലും ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്നും യുവതി വീഡിയോ കോൺഫറസിൽ മൊഴി നൽകി. തെളിവുകൾ പക്കൽ ഉണ്ടെന്നും പൊലീസിന് കൈമാറാൻ ഒരുക്കമെന്നും പരാതിക്കാരി പറഞ്ഞു. നിലവിൽ കേരളത്തിന് പുറത്തുള്ള യുവതി ഇന്ന് രാത്രിയോടെ നാട്ടിലെത്തും. എത്തിയാലുടനെ രഹസ്യമൊഴി രേഖപ്പെടുത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു പീഡനം.

വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുലിനെ പരിചയപ്പെടുന്നത്. സമൂഹമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പ്രണയബന്ധം സ്ഥാപിക്കുകയും വിവാഹബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. തന്നെ വിവാഹം കഴിക്കാമെന്ന് രാഹുൽ വാഗ്ദാനം നൽകി. തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹത്തിന് വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു.

നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ വരാൻ വൈകും എന്നായിരുന്നു മറുപടി. പൊതുപ്രവർത്തകൻ ആയതിനാലും പാർലമെന്റ് ഇലക്ഷൻ സമയം ആയതിനാലും പൊതുവിടത്തിൽ കാണാൻ ആകില്ലെന്ന് രാഹുൽ പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. പറഞ്ഞത് അനുസരിച്ച് റൂം ബുക്ക് ചെയ്ത് കാത്തിരുന്നു.

റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുംമുമ്പേ തന്നെ കടന്നാക്രമിച്ചു. ക്രൂരമായ ലൈംഗികാക്രമണമാണ് നേരിടേണ്ടി വന്നത്. മുഖത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാവുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനു ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല.

ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് പറഞ്ഞും അധിക്ഷേപിച്ചു. അതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്ക് പോയത്. രാഹുലിന്റെ ഭാഗത്തുനിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദം ഉണ്ടായി. സ്ലട്ട് ഷേമിങ്ങും ഭീഷണികളും കടുത്ത ശാരീരിക- മാനസിക സമർദത്തിൽ ആക്കി.

തുടർന്ന് ​അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോൾ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇ-മെയിൽ വഴി വിവരം അറിയിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഈ അബോർഷനെ തുടർന്ന് കടുത്ത ശാരീരിക- മനസിക പ്രശ്നങ്ങൾ ഇപ്പോഴും അനുഭവിക്കുന്നു. രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും തന്നെ വിളിച്ചു. തകർന്നിരുന്ന തന്നോട് വീണ്ടും അടുപ്പത്തിന് ശ്രമിച്ചു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നൽകി. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു. ഫ്ലാറ്റ് വാങ്ങാനായി താനും രാഹുലും ബിൽടെക് ഗ്രൂപ്പിനെ സമീപിച്ചു. ഫ്ലാറ്റ് വാങ്ങൽ നടന്നില്ലെങ്കിലും പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തികസഹായം കൈപ്പറ്റി.

വില കൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരിപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നൽകി. ഇതിൽ ചെരിപ്പിന് മാത്രം 10,000 രൂപ വിലവരും. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ അതിൽ വസ്തുതയുണ്ടെന്ന് മനസിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ രാഹുൽ ഭീഷണിപ്പെടുത്തി. തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നു പറഞ്ഞു. സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയതായും യുവതി പൊലീസിന് മൊഴി നൽകി.

TAGS :

Next Story