Quantcast

'യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തത്'; കസ്റ്റഡിയിലുള്ളയാളെ ബലമായി മോചിപ്പിച്ച സംഭവത്തിൽ ജനീഷ് കുമാർ എംഎൽഎ

'നാടിനു വേണ്ടി ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. തല പോയാലും ജനങ്ങൾക്കൊപ്പം നിൽക്കും'

MediaOne Logo

Web Desk

  • Updated:

    2025-05-14 12:22:41.0

Published:

14 May 2025 5:41 PM IST

യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തത്; കസ്റ്റഡിയിലുള്ളയാളെ ബലമായി മോചിപ്പിച്ച സംഭവത്തിൽ ജനീഷ് കുമാർ എംഎൽഎ
X

പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ജനീഷ് കുമാർ എംഎൽഎ. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തത്. നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. നാടിനു വേണ്ടി ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. തല പോയാലും ജനങ്ങൾക്കൊപ്പം നിൽക്കും. കാട്ടാന ചരിഞ്ഞ വിഷയത്തിൽ വനം വകുപ്പ് 11 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തതെന്നും ജനീഷ് കുമാർ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.

അതേസമയം, ജെനീഷ് കുമാർ എംഎൽഎ കസ്റ്റഡിയിൽ എടുത്ത ആളെ മോചിപ്പിച്ച സംഭവത്തിൽ വനംവകുപ്പ് മന്ത്രി റിപ്പോർട്ട് തേടി. ദക്ഷിണ മേഖല ഫോറസ്റ്റ് കൺസർവേറ്ററോടാണ് റിപ്പോർട്ട് തേടിയത്.

പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആണ് കെ.യു ജനീഷ് കുമാർ എംഎൽഎ മോചിപ്പിച്ചത്. റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൃത്യമായ തെളിവുകൾ ഇല്ലാതെ നിരപരാധികളായവരെ കസ്റ്റഡിയിലെടുക്കുന്നതും ചോദ്യം ചെയ്യുന്നതുമൊക്കെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പതിവ് രീതിയാണെന്നും ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധമുണ്ടാകും എന്നും പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആദ്യം പ്രതിഷേധവുമായി വരുന്നത് ജനങ്ങളായിരിക്കുമെന്നും പിന്നീട് നക്സലൈറ്റുകളായിരിക്കുമെന്നും എംഎൽഎ പറയുന്നതായി ദൃശ്യങ്ങളിൽ കാണാം.

കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളാർ വേലിയിൽ അനുവദനീയമായതിലും കൂടുതൽ വൈദ്യുതി കടത്തിവിട്ടതാണ് ഷോക്കിന് കാരണമെന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്. ഇതിൽ പൊലീസ് സംശയിക്കുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ മൊഴിയെടുക്കാനായി സ്റ്റേഷനിൽ വിളിച്ചു വരുത്തിപ്പോഴാണ് എംഎൽഎ എത്തി പ്രശ്നമുണ്ടാക്കിയത്.

TAGS :

Next Story