Quantcast

എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ

ജിതിനാണ് സ്‌കൂട്ടറിലെത്തി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-09-22 08:24:58.0

Published:

22 Sep 2022 5:49 AM GMT

എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ
X

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് മൺവിള സ്വദേശി ജിതിന്‍ ആണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡയിലായിരിക്കുന്നത്.

ഇയാളെ ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ മീഡിയവണിനോടു പറഞ്ഞു. ജിതിനാണ് സ്‌കൂട്ടറിലെത്തി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

സംഭവം നടന്ന് 80ലേറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റര്‍ ആക്രമണം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം ഈ മാസം 10ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.

ഇതോടെ, പ്രതിക്ക് പ്രതിപക്ഷവുമായി ബന്ധമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയുടേയും സൂത്രധാരന്റേയും വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിടട്ടെയന്നും കുറ്റം ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്ക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.

ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റര്‍ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.

കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്‌ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു.

TAGS :

Next Story