ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്; പത്ത് വർഷമായി ഒരു പ്രസ്ഥാനത്തിന്റെ കൊടിക്ക് കറുപ്പ് നിറമെന്ന് വീണ ജോർജ്
വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചാണ് പ്രതിഷേധം

തിരുവനന്തപുരം: വിളപ്പിൽശാല സ്വദേശി ബിസ്മിറിൻ്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു. മലയിൻകീഴ് താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. എന്നാൽ പത്ത് വർഷമായി ഒരു പ്രസ്ഥാനത്തിന്റെ കൊടിക്ക് കറുപ്പ് നിറമാണെന്നും അടുത്ത അഞ്ച് വർഷത്തേക്ക് അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും വീണ ജോർജ് പ്രതികരിച്ചു.
തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി ബിസ്മിറിന്റെ മരണത്തിൽ വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് ഡിഎംഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ചികിത്സാപ്പിഴവിൽ ഡിഎംഒക്കും മനുഷ്യാവകാശ കമ്മീഷനും ബിസ്മിറിന്റെ കുടുംബം പരാതി നൽകി.
ഗുരുതര ശ്വാസതടസത്തെ തുടർന്ന് വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് കൃത്യമായ ചികിത്സ ലഭിചില്ല എന്നായിരുന്നു കുടുംബത്തിൻറെ ആരോപണം. വിഷയത്തിൽ ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാതല മെഡിക്കൽ ഓഫീസർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചത്. ചികിത്സ വൈകിയിട്ടില്ലെന്നും ചികിത്സ നൽകുന്നതിൽ പിഴവുണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് തിരുവനന്തപുരം ഡിഎംഒ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കൈമാറി.
Adjust Story Font
16

