Quantcast

മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രീകരിച്ച് പുതിയ ജില്ല വേണം, പ്രമേയം പാസാക്കി യൂത്ത് ലീഗ്

പൊന്നാനി,തിരൂർ കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളെ കേന്ദ്രീകരിച്ച് ജില്ല രൂപീകരിക്കണമെന്നാണ് പ്രമേയം പാസാക്കിയത

MediaOne Logo

Web Desk

  • Published:

    1 May 2026 4:39 PM IST

മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രീകരിച്ച് പുതിയ ജില്ല വേണം, പ്രമേയം പാസാക്കി യൂത്ത് ലീഗ്
X

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന് ആവശ്യവുമായി യൂത്ത് ലീഗ്.തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് പുതിയ ജില്ല ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. പൊന്നാനി,തിരൂർ കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളെ കേന്ദ്രീകരിച്ച് ജില്ല രൂപീകരിക്കണമെന്നാണ് പ്രമേയം പാസാക്കിയത്.

മലപ്പുറം കേന്ദ്രീകരിച്ച് ഒരു ജില്ലയും തിരൂരങ്ങാടി കേന്ദ്രീകരിച്ച് ഒരു ജില്ലയും ആക്കുക എന്നതാണ് പ്രമേയത്തിന്റെ ആവശ്യം. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകളാണ് മലപ്പുറം കേന്ദ്രീകരിച്ചുള്ള ജില്ലയിലുള്ളത്. മലപ്പുറം ജില്ലയെ വിഭജിച്ച് രണ്ടാക്കുന്നതിന്റെ അഞ്ച് ഗുണങ്ങളും പ്രമേയത്തിൽ പറയുന്നുണ്ട്. ഭരണ കാര്യക്ഷമത വർധിക്കും, സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തും, പ്രദേശിക വികസന അസമത്വം കുറയും, പുതിയ ഇൻഫ്രാസ്ട്രക്ചർ വികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാകും, തീരപ്രദേശവും മലനാടും നഗരമേഖലയും ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പ്രത്യേക വികസന നയങ്ങൾ നടപ്പാക്കാൻ സാധിക്കുമെന്നും പ്രമേയത്തിൽ പറയുന്നു.

തിരൂരങ്ങാടി മുസ്‌ലിം യൂത്ത് ലീഗ് പാസാക്കിയ പ്രമേയത്തിന്റെ പൂർണരൂപം

' കേരളത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ല നിലവിൽ 40 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഭരണഘടനാപരമായ വലിയ യൂണിറ്റായി തുടരുകയാണ്. ജനസംഖ്യയുടെ അമിതഭാരം, ഭൂമിശാസ്ത്രപരമായ വൈവിധ്യം, വികസന അസമത്വം, ഭരണസൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങൾ ദിനംപ്രതി ശക്തമായി അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഈ പ്രമേയം മുസ്‌ലിം യൂത്ത് ലീഗ് അവതരിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ വിവിധ മേഖലകൾ തമ്മിൽ വൻ വ്യത്യാസങ്ങളുണ്ട്. നിലമ്പൂർ പോലുള്ള മലനാട് പ്രദേശങ്ങളും തിരൂർപൊന്നാനി പോലുള്ള തീരപ്രദേശങ്ങളും കൊണ്ടോട്ടിഎറനാട് മേഖലകളിലെ നഗരവികസനവും ഒരേ ജില്ലയിൽ ഉൾപ്പെടുന്നത് ഭരണനടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വലിയ വെല്ലുവിളിയാകുന്നു. ഇതുമൂലം പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിൽ വൈകല്യവും അസൗകര്യവും നേരിടേണ്ടിവരുന്നു. ഇതിനാൽ, മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കേണ്ടത് അനിവാര്യമായ ഭരണപരമായ ആവശ്യമായി മാറിയിരിക്കുകയാണ്.

അതനുസരിച്ച്, മുസ്‌ലിം യൂത്ത് ലീഗ് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു:

1. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണം.

2. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി ''മലപ്പുറം'' എന്ന പേരിൽ ഒരു ജില്ല രൂപീകരിച്ച് മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം.

3. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി ''തിരൂരങ്ങാടി'' എന്ന പേരിൽ പുതിയ ജില്ല രൂപീകരിച്ച് തിരൂരങ്ങാടിയെ ആസ്ഥാനമാക്കണം.

ഈ വിഭജനത്തിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ:

- ഭരണ കാര്യക്ഷമത വർധിക്കും

- സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തും

- പ്രദേശിക വികസന അസമത്വം കുറയും

- പുതിയ ഇൻഫ്രാസ്ട്രക്ചർ വികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാകും

- തീരപ്രദേശവും മലനാടും നഗരമേഖലയും ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പ്രത്യേക വികസന നയങ്ങൾ നടപ്പാക്കാൻ സാധിക്കും

മലപ്പുറം പോലുള്ള വലിയ ജനസംഖ്യയുള്ള ജില്ലകളെ ചെറിയ, കാര്യക്ഷമ ജില്ലകളാക്കി പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും ജനഹിതത്തിനും ഈ തീരുമാനം അത്യന്താപേക്ഷിതമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഉറപ്പിക്കുന്നു.

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം മുമ്പും ഉയർന്നിട്ടുണ്ട്. ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല വിഭജിക്കണമെന്നാണ് കേരള മുസ്ലിം ജമാഅത്ത് മുമ്പ് ആവശ്യപ്പെട്ടത്. ജില്ലയുടെ അടിസ്ഥാന വികസനത്തിന് സൗകര്യപ്രദമായ രീതിയിൽ പുതിയ ജില്ലയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ കേരള സർക്കാർ മുന്നോട്ട് വരണമെന്നും മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞിരുന്നു. മനുഷ്യർക്കൊപ്പം ' എന്ന ശീർഷകത്തിൽ ജനു.1 മുതൽ 16 വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ സന്ദേശയാത്ര മലപ്പുറം കൊണ്ടോട്ടിയിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം .

'ജനങ്ങളുടെ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം. 2011ലെ കണക്കനുസരിച്ച് 42 ലക്ഷം ജനങ്ങളുണ്ട്. ഒരു കലക്ടറുടെ കീഴിലാണ്. അതുപോലെ ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യംപോലുമില്ലാത്ത ഒരു മെഡിക്കൽ കോളജിന് കീഴിലാണ് ജില്ല. യഥാർഥത്തിൽ പത്തനംതിട്ടയെ അപേക്ഷിച്ച് മലപ്പുറം ജില്ലയെ നാലെണ്ണെങ്കിലും ആക്കണം'-അദ്ദേഹം പറഞ്ഞു.

'ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾക്ക് ആഴ്ചയിൽ വാഹനങ്ങൾ മാറിമാറി വാങ്ങാൻ ഫണ്ടുണ്ട്. ഇപ്പോൾ ഉപയോഗിക്കുന്ന വാഹനം അരക്കോടിയുടേതാണെങ്കിൽ ഇനി മൂന്ന് കോടിയുടേത് വാങ്ങാൻ ഫണ്ടിന്റെ പ്രശ്നമില്ല. പത്തനംതിട്ടയിൽ പതിനൊന്ന് ലക്ഷം ആളുകളാണ്. അവിടെ ഒരു മെഡിക്കൽ കോളജും ഒരു കലക്ടറുമുണ്ട്. തിരുവനന്തപുരത്ത് പോലും 33 ലക്ഷം ആളുകളാണ് ഉള്ളൂ. മലപ്പുറത്ത് 42 ലക്ഷം മനുഷ്യന്മാരാണ്'- അദ്ദേഹം പറഞ്ഞു.

TAGS :

Next Story