'ആറ് എംഎല്‍എമാരെ സമ്മാനിച്ചിട്ടും കോഴിക്കോടിന് കഞ്ഞി കുമ്പിളില്‍ തന്നെ'; യുഡിഎഫ് മന്ത്രിസഭയിൽ കോഴിക്കോടിന് അവഗണന, പ്രതിഷേധവുമായി യൂത്ത് ലീഗ്
വൈകിട്ട് മൂന്ന് മണിക്ക് പുറമേരിയിൽ പ്രതിഷേധ പ്രകടനത്തിന് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി യൂത്ത് ലീഗ് പ്രവർത്തകർ ആഹ്വാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയിൽ കോഴിക്കോടിന് അവഗണനയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ. മുസ്ലിം ലീഗ് ആറ് എംഎൽഎമാരെ വിജയിപ്പിച്ചിട്ടും പ്രാതിനിധ്യം നൽകിയില്ല. വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. കൂടാതെ, കാസർകോട് നിയുക്ത എംഎൽഎ എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വൈകിട്ട് നാല് മണിയോടെ മന്ത്രിമാരുടെ പട്ടിക പുറത്തുവിടുമെന്ന് പി.എം.എ സലാം അറിയിച്ചു. അതേസമയം, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് കേരള കോൺഗ്രസ് വിഭാഗം പിൻവാങ്ങി. ജോസഫ് വിഭാഗത്തിന് ഒരു വിഭാഗം മാത്രം നൽകും. ചീഫ് വിപ്പ് സ്ഥാനവും കേരള കോൺഗ്രസിന് നൽകാൻ ധാരണയായതായാണ് വിവരം.
മന്ത്രിസഭയിൽ കോഴിക്കോട്ടെ എംഎൽഎമാരെ ആരെയും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്ടെ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം. മുസ്ലിം ലീഗ് ആറ് എംഎൽഎമാരെ വിജയിപ്പിച്ചിട്ടും പ്രാധിനിത്യം നൽകിയില്ലെന്നും മന്ത്രിസഭാ പട്ടികയിൽ നിന്ന് പാറക്കൽ അബ്ദുല്ലയെ തഴഞ്ഞതെന്ത് കൊണ്ടാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തകർ വ്യാപകമായി ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കുകയാണ്. വൈകിട്ട് മൂന്ന് മണിക്ക് പുറമേരിയിൽ പ്രതിഷേധ പ്രകടനത്തിന് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രവർത്തകർ ആഹ്വാനം ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയോട് പാർട്ടി നേതൃത്വം കാണിച്ചത് തികഞ്ഞ അനീതിയാണെന്നും അനുയോജ്യമായ തീരുമാനങ്ങളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അസ്ലഹ് തിരുവള്ളൂർ പ്രതികരിച്ചു.
'പുറത്തുവരുന്ന വാർത്തകളൊക്കെ ശരിയാണെങ്കിൽ മുസ്ലിം ലീഗിന്റെ ഏറ്റവും ശക്തികേന്ദ്രങ്ങളിൽ ഒന്നായ, മുസ്ലിം ലീഗിന്റെ സംസ്ഥാന ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയോട് പാർട്ടി നേതൃത്വം കാണിച്ചത് തികഞ്ഞ അനീതിയാണ്. മറ്റ് ജില്ലകളെപ്പോലെ സേഫ് സോണിൽ നിന്നു കൊണ്ടല്ല കോഴിക്കോട് ജില്ലയിൽ, പ്രത്യേകിച്ച് വടകര താലൂക്കിൽ രാഷ്ട്രീയ പ്രവർത്തകരായി മുസ്ലിം ലീഗ് പ്രവർത്തകർ നടക്കുന്നത്. നാളിതുവരെയും, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പോലും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തോടും ബോംബ് രാഷ്ട്രീയത്തോടുമൊക്കെ നേർക്കുനേർ പോരാടിക്കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രവർത്തനം പോലും ഞങ്ങൾ നടത്തിയത്. ഈ തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പോലും ഒട്ടനേകം അക്രമസംഭവങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്.' അസ്ലഹ് വ്യക്തമാക്കി.
'കോഴിക്കോടിന് ഒരു മന്ത്രിസ്ഥാനം എന്നത്, പ്രത്യേകിച്ച് വടകര താലൂക്ക് പോലത്തെ ഒരു സ്ഥലത്ത് മുസ്ലിം ലീഗിന് ഒരു മന്ത്രിസ്ഥാനം എന്നത് അത് ഞങ്ങൾക്ക് പ്രവർത്തകർക്ക് കിട്ടുന്ന ഒരു അംഗീകാരം എന്നത് മാത്രമല്ല, അതൊരു സുരക്ഷിതത്വ ബോധം കൂടിയാണ്. ഞങ്ങൾ നടത്തുന്ന പോരാട്ടങ്ങൾക്ക്, നേരിടേണ്ടിവരുന്ന പ്രതിസന്ധികൾക്കിടെ ഒരു സുരക്ഷിതത്വബോധം കൂടിയായിരുന്നു അത്. പക്ഷേ, അത് ഉണ്ടായില്ല എന്നത് അങ്ങേയറ്റത്തെ നിരാശയാണ് ഞങ്ങൾ പ്രവർത്തകർക്ക് സമ്മാനിക്കുന്നത്. പാർട്ടി നേതൃത്വം അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.' അസ്ലഹ് കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങൾ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറിയിരുന്നു. അഞ്ചുപേരുടെ പട്ടികയാണ് കൈമാറിയത്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. നാലുമണിയോടെ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും വകുപ്പുകൾ പിന്നീട് അറിയാമെന്നും പിഎംഎ സലാം പറഞ്ഞു. ലീഗിൽ ടേം വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന് സലാം മറുപടി നൽകിയില്ല.
അതേസമയം, രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ പിൻവാങ്ങിയിരിക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ജലസേചന വകുപ്പ് നൽകാൻ ധാരണയായതായാണ് വിവരം. ചീഫ് വിപ്പ് സ്ഥാനം ജോസഫ് വിഭാഗം തോമസ് ഉണ്ണിയാടന് നൽകിയേക്കും.
മന്ത്രിസഭയിൽ ചാണ്ടി ഉമ്മന് വേണ്ടി ഓർത്തഡോക്സ് സഭയും രംഗത്തെത്തി. മന്ത്രിസഭയിൽ സമുദായത്തിന് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ മുഖ്യമന്ത്രിയാകുമെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിലും പരാതിപ്പെടില്ലെന്നും ചാണ്ടി ഉമ്മന്‍റെ പ്രചാരണ രീതികൾ മാതൃകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വയനാടിൽ നിന്നൊരു മന്ത്രിയെ വേണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. താൻ മന്ത്രിയാകുമോ ഇല്ലയോയെന്നുള്ള കാര്യങ്ങളിൽ അറിയിപ്പൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വയനാട് നിയുക്ത എംഎൽഎ ടി.സിദ്ദീഖ് പ്രതികരിച്ചു. വയനാട് ജില്ലയ്ക്ക് മന്ത്രിയെ കിട്ടുമോയെന്ന് അറിയില്ലെന്നും തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും സിദ്ദീഖ് പറഞ്ഞു.
Adjust Story Font
16

