കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
കാഞ്ഞിരക്കൊല്ലിയിലെ നിതീഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു.

കണ്ണൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കാഞ്ഞിരക്കൊല്ലിയിലെ നിതീഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത്.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ നിതീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമണം തടയുന്നതിനിടയിലാണ് ഭാര്യ ശ്രുതിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലപ്പണിക്കാരനാണ് മരിച്ച നിതീഷ്. കഴിഞ്ഞ രണ്ട് ദിവസമായി ബൈക്കിൽ രണ്ടംഗ സംഘം നിതീഷിന്റെ വീടിന് ചുറ്റും കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ആലയിൽ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്ന നിതീഷിനടുത്തെത്തിയ സംഘവുമായി വാക്കു തർക്കമുണ്ടാകുകയും ആലയിലുണ്ടായിരുന്ന കത്തിയെടുത്ത് സംഘം നിതീഷിനെ വെട്ടുകയുമായിരുന്നു. കഴുത്തിന് വെട്ടേറ്റ നിതീഷ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
കൊല നടത്തിയ ശേഷം സംഘം ബൈക്കിൽ കടന്നു കളഞ്ഞു. പ്രതികൾക്കു വേണ്ടി പയ്യാവൂർ പൊലീസ് ഊർജിതമായ തിരച്ചിൽ നടത്തുന്നുണ്ട്. ഭാര്യ ശ്രുതിയുടെ മൊഴിയെടുക്കും.
Adjust Story Font
16

