സൂംബ നൃത്ത വിവാദം അനാവശ്യം, ലഹരിക്കെതിരെ നടത്തുന്ന സദുദ്ദേശപരമായ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നു: കെഎസ്‌യു
സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു

തിരുവനന്തപുരം: ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ ക്യാമ്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ തന്നെ നൽകിയിട്ടുള്ളതാണെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സുംബ ഡാൻസ് ഫിട്നസിങ്ങിന് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. സൂംബയിൽ അധാർമികമായി ഒന്നും കാണാൻ കഴിയില്ല. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ അനാവശ്യമാണെന്നു തന്നെയാണ് കെഎസ്‌യു നിലപാട്. സിന്തറ്റിക് ലഹരിയടക്കം യുവാക്കളിലും വിദ്യാർഥികളിലും പിടിമുറുക്കുമ്പോൾ അതിനെതിരായി യോജിച്ച പോരാട്ടം അനിവാര്യമാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
എന്നാൽ അതേസമയം ലഹരിയും, വിദ്യാർഥികൾക്കിടയിലെ മാനസിക സംഘർഷങ്ങളും സൃഷ്ടിക്കുന്ന വലിയ സാമൂഹിക പ്രശ്നത്തിന് മുന്നിൽ സുംബാ ഡാൻസും ഒന്നോ രണ്ടോ സിനിമാ താരങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന ലഹരിയോ മാത്രമാവരുത് പരിഹാരമെന്നും അതിന് കുറേക്കൂടെ ആഴത്തിലുള്ള പ്രതിവിധികൾ ആവശ്യമാണെന്നും കെഎസ്‌യു പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനുള്ള ഫണ്ടിന്റെ അപര്യാപ്തത മുതൽ അധ്യാപക നിയമനവും സ്കൂൾ സമയവും വരെ അതിൽ ഉൾപ്പെടും വിദ്യാർഥികളുടെ ക്ഷേമത്തിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ അടിസ്ഥാനപ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.
Adjust Story Font
16

