പ്രവാസി ക്വാട്ട ബില്‍; ലക്ഷ്യം അനധികൃത താമസക്കാര്‍ മാത്രമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി
കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്.

പ്രവാസി ക്വാട്ട ബില്ലില്‍ വ്യക്തത വരുത്തി കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ സബാ. പ്രവാസികൾക്കിടയിൽ വലിയ ആശങ്കയായി തുടരുന്ന ബില്‍ രാജ്യത്തെ അനധികൃത താമസക്കാരെ മാത്രം ലക്ഷ്യംവയ്ക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"കുവൈത്തില്‍ 170ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുണ്ട്. അവരെയാരെയും ലക്ഷ്യംവയ്ക്കുന്നതല്ല കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്ത പ്രവാസി ക്വാട്ട ബില്‍. അത് രാജ്യത്തെ അനധികൃത താമസക്കാര്‍ക്കെതിരെയാണ്," കുവൈത്ത് വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച വൈകീട്ട് ഇന്ത്യയിലെത്തിയ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
വിദേശികളുടെ ജനസംഖ്യ സ്വദേശി ജനസംഖ്യയ്ക്ക് ആനുപാതികമായി പരിമിതപ്പെടുത്തുന്നതിന്, കുവൈത്തിലെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്നതാണ് പ്രവാസി ക്വാട്ട ബിൽ. കുവൈത്തിലുള്ള പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.
43 ലക്ഷമാണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഇതിൽ 30 ലക്ഷം പേരും വിദേശികളാണ്. 11 ലക്ഷം പേര്‍ അറബ് വംശജരും 14 ലക്ഷം പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും. ഇതില്‍ ഏകദേശം എട്ടുലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.
പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുമെന്നായിരുന്നു ആശങ്ക. ഇതില്‍ നാലു ലക്ഷത്തോളം മലയാളികളും ഉള്‍പ്പെടും.
കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നത് നിരവധി കോണുകളില്‍ നിന്നുയരുന്ന ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഈ ആവശ്യത്തെ കൂടുതല്‍ ബലപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് പ്രവാസി ക്വാട്ട ബില്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിച്ചത്.
കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്. അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികളുടെ പ്രശ്നത്തിനടക്കം പരിഹാരം ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

