വെറുതെ തുടങ്ങിയാ പോരാ, പച്ചപിടിക്കണമെങ്കിൽ ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം; 20 രൂപയുടെ ടിഫിൻ സർവീസിൽ നിന്ന് രണ്ടരക്കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് വളർന്ന 65കാരിയുടെ ജീവിതകഥ
പ്രായമോ സാമ്പത്തികനിലയോ കളിയാക്കലുകളോ എത്രതന്നെ പ്രതിബന്ധമായി രൂപപ്പെട്ടാലും, ഇച്ഛാശക്തിയും കഠിനാധ്വാനം ചെയ്യാനുള്ള മനക്കരുത്തുമുണ്ടെങ്കിൽ വിജയിക്കാനാകുമെന്നതിന്‍റെ ജീവിച്ചിരിക്കുന്നതും പുഞ്ചിരിക്കുന്നതുമായ തെളിവാണ് ദേവ്ന ദേവിയുടേത്

ജീവിതത്തിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ തുടങ്ങുകയെന്നത് അത്ര മോശം ബുദ്ധിയൊന്നുമല്ല. വളർച്ചയുടെ ഏത് ഘട്ടത്തിലാണെങ്കിലും മുന്നോട്ടുപോക്കിന് ചില സമയങ്ങളിലെല്ലാം എന്തെങ്കിലുമൊക്കെ തുടങ്ങിവെക്കേണ്ടത് അനിവാര്യമാണ്. ലക്ഷ്യത്തിലെത്താനുള്ള കടുത്ത അഭിനിവേശവും കഠിനാധ്വാനവും നല്ലൊരു ഹൃദയവുമുണ്ടെങ്കിൽ ആ തീരുമാനം നിങ്ങളെ ഉന്നതങ്ങളിലെത്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ, സാമ്പത്തികമാണെങ്കിലും മാനസികമാണെങ്കിലും.
ചെറിയ രീതിയിൽ സാവകാശത്തോടെ തുടങ്ങിയ പല സംരഭങ്ങളും പടർന്നുപന്തലിച്ച സംഭവങ്ങൾ പലകുറി കേട്ടിട്ടുണ്ടാകും പലരും. എന്നെങ്കിലുമൊരിക്കൽ നമ്മളും വളർന്ന് പന്തലിക്കില്ലെന്ന് ആരറിഞ്ഞു? ഇത്തരത്തിൽ പലപ്പോഴായി കേട്ടറിഞ്ഞ കഥകളും യഥാർത്ഥ സംഭവങ്ങളും ജീവിതത്തിൽ നമുക്ക് ചില ലക്ഷ്യബോധങ്ങളും പ്രചോദനങ്ങളുമെല്ലാം ഇട്ടുതരാറുമുണ്ട്. അത്തരമൊരു കഥയാണ് പറ്റ്നയിലെ ദേവ്ന ദേവിയെന്ന 65കാരിയുടേയും.
എന്തെങ്കിലുമൊക്കെ ചെറിയ രീതിയിൽ തുടങ്ങിവെക്കണമെന്നേ പാറ്റ്ന സ്വദേശിയായ ദേവ്ന ദേവി ആദ്യഘട്ടത്തിൽ കരുതിയിരുന്നുള്ളൂ. പ്രായം 65 ആണെന്നോർക്കണം. എന്തെങ്കിലുമൊക്കെ നിസാരമായ സാധനങ്ങൾ വിൽക്കണമെന്ന് കരുതിയാണ് ആദ്യമാദ്യം വീട്ടിലുണ്ടാക്കിയ ഊണുമായി ബിസിനസ് ഗോഥയിലേക്ക് കാലെടുത്തുവെക്കുന്നത്. 20 രൂപയ്ക്കായാണ് അന്നവർ ഊൺ വിറ്റിരുന്നത്.
സാധാരണഗതിയിൽ ദേവ്നയുടെ പ്രായമൊക്കെ ആവുമ്പോഴേക്കും ജീവിതത്തിന്‍റെ നല്ല കാലം കഴിഞ്ഞെന്നായിരിക്കും അധിക പേരും കരുതിയിട്ടുണ്ടാവുക. എന്നാൽ, പ്രായമോ സാമ്പത്തികനിലയോ നോക്കി, ആരെയും കാത്തുനിൽക്കാതെ സ്വന്തമായൊരു സംഗതി തുടങ്ങുകയെന്ന ലക്ഷ്യമായിരുന്നു മുന്നോട്ടുള്ള യാത്രയിൽ അവരുടെ ഇന്ധനമായതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിസിനസ് തുടങ്ങി അധികമാകുന്നതിന് മുന്നേ അവരുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്‍റെ രുചി നാടറിഞ്ഞു. കൂടുതൽ പേർ ഭക്ഷണപ്പൊതി തിരഞ്ഞെത്തിയതോടെ ചെറിയ ടിഫിൻ ബോക്സിനും ക്രമേണ വലിപ്പം വെച്ചുതുടങ്ങി. അവിടെന്നായിരുന്നു തുടക്കം. എവിടെയും നിൽക്കാതെയുള്ള ഓട്ടപ്പാച്ചിൽ പിന്നീട് ചെന്നെത്തിനിൽക്കുന്നത് രണ്ടരക്കോടിയുടെ ഫുഡ് ബിസിനസിലാണ്. അടുത്തിടെ, സ്റ്റാർട്ട്അപ്പ് യൂണിവേഴ്സെന്ന ഇൻസ്റ്റഗ്രാം പേജാണ് ഇവരുടെ ബിസിനസ് പ്രയാണത്തെ കുറിച്ചും കഠിനാധ്വാനങ്ങളെ കുറിച്ചും പരിശ്രമങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്. ദേവ്ന ദേവി പൊതിഞ്ഞുവിടുന്ന രുചികരമായ ഭക്ഷണമെന്ന പോലെ, അവരെക്കുറിച്ചുള്ള പോസ്റ്റിനെയും മുഴുകൈയ്യും നീട്ടിയാണ് ആളുകൾ ഏറ്റെടുത്തത്.
'പറ്റ്നയിലെ ഈ 65കാരി വീട്ടിലുണ്ടാക്കിയ ഭക്ഷണം 20 രൂപയ്ക്ക് വിറ്റുകൊണ്ടാണ് ബിസിനസ് സാമ്രാജ്യത്തിലേക്ക് നടന്നടുത്തത്. കേവലമൊരു ടിഫിൻ സർവീസ് മാത്രമായിരുന്ന സംവിധാനം പതിയെ പതിയെ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളുടെയുമെല്ലാം പ്രിയങ്കര ഭക്ഷണമായി മാറുകയായിരുന്നു.' വൈറൽ പോസ്റ്റിന്‍റെ ക്യാപ്ഷൻ ഇങ്ങനെ.
രുചിക്ക് പ്രാധാന്യം നൽകി, ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ, ന്യായമായ വിലക്ക് പൊതിഞ്ഞുനൽകുന്ന ഭക്ഷണം അതീവ വൃത്തിയോടെയാണ് അവർ തയ്യാറാക്കാറുള്ളത്. ബന്ധുക്കളിൽ ചിലരെങ്കിലും തന്നെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്‍റുകളുമായെത്തിയെങ്കിലും കഠിനാധ്വാനങ്ങളിലൂടെ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തുകൊണ്ടാണ് ഇത്രയും ദൂരം താണ്ടാനായതെന്ന് അവർ പറയുന്നു. വിമർശനങ്ങളും കളിയാക്കലുകളും തലക്കുമീതെ ഉരുണ്ടുകൂടുമ്പോഴും കഠിനാധ്വാനത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും പേമാരി പെയ്തുണ്ടായ കുത്തൊഴുക്കിൽ അവർ ജയത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു.
'സ്ഥിരം കസ്റ്റമേഴ്സിന്‍റെ എണ്ണം വർധിച്ചതോടെ ബിസിനസ് വ്യാപിപ്പിക്കേണ്ടി വന്നു. വീട്ടിൽ നിന്ന് ചെറിയ സപ്പോർട്ട് കിട്ടി. അതിൽ പിടിച്ച് കയറിവന്നു. ഇപ്പോൾ കാറ്ററിങ് സർവീസും റസ്റ്ററന്‍റും തന്നെ സ്വന്തമായുണ്ട്.' ദേവ്ന കൂട്ടിച്ചേർത്തു.
പ്രായമോ സാമ്പത്തികനിലയോ കളിയാക്കലുകളോ എത്രതന്നെ പ്രതിബന്ധമായി രൂപപ്പെട്ടാലും, ഇച്ഛാശക്തിയും കഠിനാധ്വാനം ചെയ്യാനുള്ള മനക്കരുത്തുമുണ്ടെങ്കിൽ വിജയിക്കാനാകുമെന്നതിന്‍റെ ജീവിച്ചിരിക്കുന്നതും പുഞ്ചിരിക്കുന്നതുമായ തെളിവാണ് ദേവ്ന ദേവിയുടേത്.
Adjust Story Font
16

