Quantcast

ഇന്‍സ്റ്റയില്‍ വൈറലായി 'ഹെന്ന ലിപ്സ്'; ട്രെന്‍ഡിന് പിന്നാലെ പോകുന്നതിന് മുന്‍പ് ഇത് കൂടി അറിഞ്ഞിരിക്കുക

പെട്ടെന്ന് നിറം ലഭിക്കുമെന്നതും ദീർഘനേരം നിലനിൽക്കുമെന്നതുമാണ് ഈ രീതിയിലേക്ക് പലരെയും ആകർഷിക്കുന്നത്

MediaOne Logo
ഇന്‍സ്റ്റയില്‍ വൈറലായി ഹെന്ന ലിപ്സ്; ട്രെന്‍ഡിന് പിന്നാലെ പോകുന്നതിന് മുന്‍പ് ഇത് കൂടി അറിഞ്ഞിരിക്കുക
X

സൗന്ദര്യ സംരക്ഷണ രംഗത്ത് പരീക്ഷണങ്ങൾക്ക് കുറവില്ലാത്ത കാലമാണിത്. ലിപ് ലൈനറിനും ലിപ്സ്റ്റിക്കിനും പകരമായി ചുണ്ടുകളിൽ മൈലാഞ്ചി (ഹെന്ന) പുരട്ടി നിറം നൽകുന്നതാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്.പണ്ട് മുതൽക്കേ കൈകളിലും മുടിയിലും നിറം നൽകാൻ മൈലാഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും, ബജറ്റിനുള്ളിൽ നിൽക്കുന്നതും രാസവസ്തുക്കൾ ഇല്ലാത്തതുമായ ഒരു ലിപ് ടിന്റ് എന്ന നിലയിലാണ് ഇപ്പോൾ പലരും മൈലാഞ്ചി ചുണ്ടുകളിൽ പരീക്ഷിക്കുന്നത്. പെട്ടെന്ന് നിറം ലഭിക്കുമെന്നതും ദീർഘനേരം നിലനിൽക്കുമെന്നതുമാണ് ഈ രീതിയിലേക്ക് പലരെയും ആകർഷിക്കുന്നത്. എന്നാൽ കാഴ്ചയിൽ ആകർഷകമാണെങ്കിലും ഈ പരീക്ഷണം നിങ്ങളുടെ ചുണ്ടുകളുടെ ആരോഗ്യത്തിന് ഗുണകരമാണോ...ഇത് ആരോഗ്യത്തിന് സുരക്ഷിതമാണോ..

എന്താണ് ഈ ഹെന്ന ലിപ് ട്രെൻഡ്?

വിപണിയിൽ ലഭ്യമായ മൈലാഞ്ചി കോണുകൾ ഉപയോഗിച്ച് ചുണ്ടുകളിൽ മൈലാഞ്ചി പുരട്ടുന്നു. അല്പസമയത്തിന് ശേഷം ഇത് കഴുകിക്കളയുമ്പോൾ ചുണ്ടുകളിൽ ഒരു നിറം അവശേഷിക്കുന്നു. സാധാരണ ലിപ്സ്റ്റിക്കുകളെക്കാൾ കൂടുതൽ സമയം നിലനിൽക്കുന്ന, സ്വാഭാവികമായ ഒരു നിറം ഇതിലൂടെ ലഭിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ലളിതമായ സൗന്ദര്യവർദ്ധക രീതികളോടും "പ്രകൃതിദത്ത" പരിഹാരങ്ങളോടുമുള്ള താല്പര്യം വർധിച്ചുവരുന്നതാണ് ഈ ട്രെൻഡിന് പിന്നിലെ പ്രധാന കാരണം. കൃത്രിമമായ ലിപ് സ്റ്റൈയിനുകൾക്ക് പകരം വെക്കാവുന്ന മികച്ച ഒന്നായി പലരും മൈലാഞ്ചിയെ കാണുന്നു.

അപകടസാധ്യതകൾ

കൈകളിലെ ചർമ്മത്തെയോ മുടിയെയോ പോലെയല്ല ചുണ്ടുകൾ. ചുണ്ടുകളിലെ ചർമ്മം വളരെ നേർത്തതും സെൻസിറ്റീവുമാണ്. ചുണ്ടുകളിൽ എണ്ണ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ഇല്ലാത്തതുകൊണ്ട് തന്നെ അവ പെട്ടെന്ന് വരണ്ടുപോകാനും അലർജികൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ ട്രെൻഡ് പരീക്ഷിച്ച് പണികിട്ടിയ പലരും ഇപ്പോൾ തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട്.

"സംഗതി വിഡ്ഢിത്തവും അപകടവുമാണെന്ന് എനിക്കറിയാമായിരുന്നു, എങ്കിലും ഞാനതൊന്ന് പരീക്ഷിച്ചു... കുറച്ചുനാളായി നല്ലൊരു ലിപ് സ്റ്റെയിനിനായുള്ള തിരച്ചിലിലായിരുന്നു ഞാൻ. രാസവസ്തുക്കൾ അടങ്ങിയ സാധാരണ മൈലാഞ്ചി കോൺ ഞാൻ ചുണ്ടിൽ പുരട്ടി... വെറും 1-2 സെക്കൻഡ് മാത്രമേ വെച്ചുള്ളൂ... അപ്പോഴേക്കും ചുണ്ടുകൾ പൊള്ളാന്‍ തുടങ്ങിി..റെഡ്ഡിറ്റില്‍ ഒരാള്‍ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

ചുണ്ടിലെ നിറം ഒരേപോലെയല്ല വന്നതെന്നും, ലിപ് ബാം പുരട്ടിയപ്പോൾ വിചാരിച്ച ഫലം ലഭിച്ചില്ലെന്നും ആ ഉപയോക്താവ് വിശദീകരിക്കുന്നു. അതിലുപരി, കടുത്ത നീറ്റലും അസ്വസ്ഥതയും ഉണ്ടായതോടെ ഈ പരീക്ഷണം ആവർത്തിക്കാൻ പാടില്ലാത്തതാണെന്ന് മനസ്സിലായി. നിറം എല്ലായിടത്തും ഒരുപോലെയല്ല വന്നത്... നല്ല നീറ്റലുണ്ട്, അതുകൊണ്ട് തന്നെ ഇത് ഇനിയൊരിക്കലും പരീക്ഷിക്കാൻ കൊള്ളില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക, ദയവായി ഇത് ചെയ്യാൻ നിൽക്കരുത്."അവര്‍ പറയുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

രാസവസ്തുക്കളുടെ സാന്നിധ്യം

സ്വാഭാവിക മൈലാഞ്ചി സുരക്ഷിതമാണെന്ന് പറയാമെങ്കിലും വിപണിയിൽ ലഭിക്കുന്ന പല ഇൻസ്റ്റന്റ് മൈലാഞ്ചി കോണുകളിലും 'പാരാഫെനിലിനെഡിയമിൻ' പോലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകൾ പൊള്ളുന്നതിനും അലർജിക്കും കാരണമാകും. ഇത്തരം രാസവസ്തുക്കൾ ചുണ്ടുകൾ പോലുള്ള ഭാഗങ്ങളിൽ ഉപയോഗിക്കാനോ അറിയാതെ പോലും ഉള്ളിൽ പോകാനോ പാടുള്ളതല്ല.

കടുത്ത നീറ്റലും അസ്വസ്ഥതയും

നേരത്തെ സൂചിപ്പിച്ച റെഡിറ്റ് അനുഭവത്തിൽ പറഞ്ഞതുപോലെ, സെക്കൻഡുകൾ മാത്രം ചുണ്ടിൽ വെച്ചാൽ പോലും കടുത്ത നീറ്റൽ അനുഭവപ്പെടാം. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചുണ്ടുകളിലെ ചർമ്മത്തിന് ആഗിരണശേഷി കൂടുതലായതിനാൽ ഈ രാസവസ്തുക്കൾ പെട്ടെന്ന് അസ്വസ്ഥതയുണ്ടാക്കും.

നിറം ഒരേപോലെ ലഭിക്കില്ല

കൈവെള്ള പോലെയുള്ള നിരപ്പായ സ്ഥലങ്ങളിലാണ് മൈലാഞ്ചി നന്നായി പിടിക്കുന്നത്. എന്നാൽ ചുണ്ടുകളിൽ ധാരാളം ചുളിവുകളും മടക്കുകളും ഉള്ളതുകൊണ്ട് നിറം എല്ലാ ഭാഗത്തും ഒരേപോലെ കിട്ടില്ല. ഇത് ചുണ്ടുകൾ വിരൂപമാകാൻ കാരണമാകും.

നിറം മാറാനുള്ള സാധ്യത

മൈലാഞ്ചി ഇടുമ്പോൾ ആദ്യം ഓറഞ്ച് നിറമാണെങ്കിലും പിന്നീട് അത് കടുത്ത തവിട്ട് നിറമായി മാറും. ഇത് കൈകളിൽ ഭംഗിയുണ്ടാക്കുമെങ്കിലും ചുണ്ടുകളിൽ അസ്വാഭാവികവും മങ്ങിയതുമായ ലുക്ക് നൽകും. നമ്മൾ ആഗ്രഹിക്കുന്ന ചുവപ്പോ പിങ്ക് നിറമോ ഇതിലൂടെ ലഭിക്കില്ല.

ഹൈപ്പർ പിഗ്മെന്റേഷന്‍

ചുണ്ടിൽ തുടർച്ചയായി ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകുന്നത് 'ഹൈപ്പർ പിഗ്മെന്റേഷന്' കാരണമാകും. അതായത്, താൽക്കാലികമായി നിറം കിട്ടാൻ ശ്രമിക്കുന്നത് വഴി ചുണ്ടുകളിൽ സ്ഥിരമായി കറുത്ത പാടുകൾ വരാൻ സാധ്യതയുണ്ട്.

അണുബാധ

മൈലാഞ്ചിയിലെ രാസവസ്തുക്കൾ ചുണ്ടിൽ തടിപ്പും നീർവീക്കവും ഉണ്ടാക്കാൻ ഇടയാക്കും. ചിലരിൽ ഇത് കടുത്ത ചൊറിച്ചിലിനും അണുബാധയ്ക്കും വഴിയൊരുക്കാം.

മൈലാഞ്ചി ചുണ്ടിൽ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിന് മുൻപ് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. മൈലാഞ്ചിക്ക് പകരം പ്രകൃതിദത്ത ലിപ്സ്റ്റിക്കുകളോ ടിന്റുകളോ തെരഞ്ഞെടുക്കുന്നതാണ് ചുണ്ടുകളുടെ ആരോഗ്യത്തിന് എപ്പോഴും നല്ലത്.

TAGS :

Next Story