ഏഴ് ഫോട്ടോയെടുക്കാൻ 44,000 രൂപ; കാൻ റെഡ് കാർപറ്റിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി ഇൻഫ്ലുവൻസർ
തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് നാല് വർഷം മുൻപ് കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ തരിണി ആരാധകരുമായി പങ്കുവെച്ചത്

- Published:
19 May 2026 10:57 PM IST

കണ്ണഞ്ചിപ്പിക്കുന്ന ആഡംബര വസ്ത്രങ്ങൾ, എങ്ങോട്ടു തിരിഞ്ഞാലും ക്യാമറക്കണ്ണുകൾ, ലോകോത്തര താരങ്ങളുടെ സാന്നിധ്യം, കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ ഇവയെല്ലാമാണ്. ഓരോ തവണയും പ്രത്യേകം തീരുമാനിച്ച തീമിന് അനുസരിച്ച വസ്ത്രം ധരിച്ചെത്തുന്ന പ്രമുഖ താരങ്ങളും അവരുടെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ മത്സരിക്കുന്ന ഫോട്ടോഗ്രാഫേർസും അങ്ങനെ സമൂഹമാധ്യമത്തിലാകെ കാൻ ഫിലിം ഫെസ്റ്റിവൽ മാത്രം... ഒരു സ്വപ്നലോകം പോലെ തോന്നിക്കുന്ന ഈ ചുവപ്പ് പരവതാനിക്ക് പിന്നിൽ സാധാരണക്കാർക്ക് അറിയാത്ത മറ്റൊരു യാഥാർഥ്യം കൂടിയുണ്ട്. കാനിലെ ഈ അത്ഭുത ലോകത്തിന്റെ അണിയറക്കഥകളും അതിൽ പങ്കെടുക്കുന്നതിനായുള്ള ഭീമമായ ചിലവുകളും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഇൻഫ്ലുവൻസറായ തരിണി പേഷ്വാരിയ.
തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് നാല് വർഷം മുൻപ് കാൻ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ തരിണി ആരാധകരുമായി പങ്കുവെച്ചത്. നാം സ്ക്രീനിൽ കാണുന്ന ഗ്ലാമറസ് ഇവന്റിനുമപ്പുറം, കാനിന്റെ അന്തരീക്ഷം എത്രത്തോളം സമ്മർദമേറിയതാണെന്ന് തരിണി വ്യക്തമാക്കുന്നു.
കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായ റെഡ് കാർപെറ്റ് വാക്ക് വെറും ഒന്നോ രണ്ടോ മിനിറ്റുകൾ മാത്രമാണ് നീണ്ടുനിൽക്കുന്നത് എന്നതാണ് ഏറ്റവും വലിയ യാഥാർഥ്യം. ഓരോ താരത്തിനും ലഭിക്കുന്ന പരിഗണനയും അവിടെ വ്യത്യസ്തമാണ്. ബോളിവുഡ് സുന്ദരി ഐശ്വര്യ റായ് ബച്ചൻ എത്തിയപ്പോൾ റെഡ് കാർപെറ്റ് മുഴുവൻ അവർക്ക് മാത്രമായി മാറിയെന്ന് തരിണി ഓർക്കുന്നു. തൊട്ടുപിന്നാലെ ഹോളിവുഡ് താരം ടോം ക്രൂസ് എത്തിയപ്പോൾ മറ്റാർക്കും പ്രവേശനം നൽകാതെ പത്ത് മിനിറ്റോളം റെഡ് കാർപെറ്റ് സ്തംഭിച്ചതായും തരിണി വെളിപ്പെടുത്തി.
കാനിൽ എത്തുന്ന ഇൻഫ്ലുവൻസർമാരുടെ ചിത്രങ്ങൾ പകർത്താൻ അവിടെ വലിയ തുക നൽകി സ്വന്തമായി ഫോട്ടോഗ്രാഫർമാരെ നിയമിക്കേണ്ടതുണ്ട്. റെഡ് കാർപെറ്റിലെ വെറും ഏഴ് വീഡിയോകൾക്കും ഏഴ് ചിത്രങ്ങൾക്കുമായി താൻ 400 യൂറോ, അതായത് ഏകദേശം 44,000-ത്തോളം ഇന്ത്യൻ രൂപയാണ് ഫോട്ടോഗ്രാഫർക്ക് നൽകിയതെന്ന് തരിണി പറഞ്ഞു. ഈ വൻ തുകയുടെ ആഘാതത്തിൽ നിന്നും താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും തരിണി തമാശയോടെ പറയുന്നു.
ലോകപ്രശസ്തമായ ഹോട്ടൽ മാർട്ടിനെസിലായിരുന്നു തരിണിയുടെ താമസം. പ്രശസ്ത ബ്രാൻഡായ ലോറിയൽ (L'Oréal) ആണ് യാത്ര സ്പോൺസർ ചെയ്തതെങ്കിലും, വലിയൊരു പ്രൊഫഷണൽ ടീം കൂടെയില്ലാതെ അവിടെയെത്തിയതിനാൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായി അവർ സമ്മതിക്കുന്നു. സാരി ധരിക്കാൻ ബുദ്ധിമുട്ടിയ തനിക്ക് പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര തന്റെ ടീമിലെ ഒരാളെ അയച്ച് സാരി ഉടുക്കാൻ സഹായിച്ച കാര്യവും തരിണി പങ്കുവെച്ചു.
എത്രയൊക്കെ ഗ്ലാമറും ആഡംബരവും നിറഞ്ഞതാണെങ്കിലും, ആ വലിയ ലോകത്ത് താൻ ഒട്ടും ചേരാത്ത ഒരാളാണെന്ന തോന്നലാണ് കാനിൽ തനിക്കുണ്ടായതെന്ന് തരിണി തുറന്നുപറയുന്നു. അവിടെയുള്ള വമ്പന്മാർക്കിടയിൽ ഒരു ഭിത്തിയിലെ ഈച്ചയെപ്പോലെ നിസാരമായാണ് തനിക്ക് തോന്നിയതെന്നും, താൻ അതിന് യോഗ്യയാണോ എന്ന് ഇന്നും സംശയമാണെന്നും പറഞ്ഞാണ് തരിണി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Adjust Story Font
16
