ഒരു വയസുകാരന് വേണ്ടി കോർപ്പറേറ്റ് ജോലി അവസാനിപ്പിക്കുന്നതായി യുവാവ്,വൈറലായി കുറിപ്പ്
ജോലിക്കിടയിലെ 'അർജന്റ്' കോളുകൾക്കിടയിൽ തനിക്ക് നേരെ കൈനീട്ടുന്ന കുഞ്ഞിനെ മാറ്റിനിർത്തേണ്ടി വരുന്നതും പലരും അനുഭവിക്കുന്ന വേദനയാണ്

- Updated:
2026-04-13 12:29:18.0

ബംഗളൂരു: മാതാപിതാക്കളാവുക എന്നത് പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. എന്നാൽ ആ സന്തോഷത്തോടൊപ്പം തന്നെ വലിയൊരു ഉത്തരവാദിത്തവും മാനസികമായ പിരിമുറുക്കവും ഓരോ മാതാപിതാക്കളും അനുഭവിക്കുന്നുണ്ട്. തന്റെ കുഞ്ഞിന് മികച്ചൊരു ജീവിതവും സുരക്ഷിതമായ ഭാവിയും നൽകാൻ പാടുപെടുന്നതിനിടയിൽ, അവർക്കൊപ്പം ചെലവഴിക്കേണ്ട വിലപ്പെട്ട നിമിഷങ്ങൾ നഷ്ടമായിപ്പോകുന്നുണ്ടോ എന്ന സങ്കടം പലപ്പോഴും ആ സന്തോഷങ്ങളെ ഇരുട്ടിലാക്കാറുണ്ട്.
വൈകി വീട്ടിലെത്തുമ്പോൾ ഉറങ്ങിപ്പോയ കുഞ്ഞിന്റെ മുഖം നോക്കി നെടുവീർപ്പിടേണ്ടി വരുന്നതും, ജോലിക്കിടയിലെ 'അർജന്റ്' കോളുകൾക്കിടയിൽ തനിക്ക് നേരെ കൈനീട്ടുന്ന കുഞ്ഞിനെ മാറ്റിനിർത്തേണ്ടി വരുന്നതും പലരും അനുഭവിക്കുന്ന വേദനയാണ്. ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ഓരോ അച്ഛനമ്മമാരുടെയും ആത്മസംഘർഷങ്ങൾ വെളിപ്പെടുത്തുന്നതാണ് ബംഗളൂരുവിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവിന്‍റെ കുറിപ്പ്. തന്‍റെ ജോലി സമയം മകനുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് യുവാവ് കുറിപ്പിലൂടെ പങ്കുവെക്കുന്നത്. "മകന് വേണ്ടി കോർപ്പറേറ്റ് അടിമത്തം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു" എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റില്‍ തന്റെ സങ്കടം പങ്കുവെച്ചത്.
"രാവിലെ 11 മുതൽ രാത്രി 11 വരെയുള്ള ഈ കോർപ്പറേറ്റ് ഓട്ടത്തിൽ ഞാൻ ശരിക്കും തളർന്നുപോയിരിക്കുന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം ഇത് എന്നിൽ നിന്ന് കവർന്നെടുക്കുന്നു. നീണ്ട ജോലിസമയത്തേക്കാൾ എന്നെ വേദനിപ്പിക്കുന്നത് വീട്ടിലെ വിലപ്പെട്ട നിമിഷങ്ങൾ എനിക്ക് നഷ്ടമാകുന്നു എന്നതാണ്.. ഞാൻ വീട്ടിലിരിക്കുമ്പോൾ എന്റെ ഒരു വയസ്സുള്ള മകൻ വലിയ ആവേശത്തോടെ എന്റെ അടുത്തേക്ക് ഇഴഞ്ഞുവരും. ഞാൻ അവനെ എടുക്കുമെന്നോ അവനോടൊപ്പം കളിക്കുമെന്നോ അവൻ പ്രതീക്ഷിക്കുന്നു. എന്നാൽ മിക്കപ്പോഴും ഏതെങ്കിലും 'അർജന്റ്' കോളിലായിരിക്കും ഞാൻ. അതുകൊണ്ട് എനിക്ക് അവനെ മാറ്റിനിർത്തേണ്ടി വരുന്നു. ആ സമയത്ത് അവന്റെ മുഖത്തുണ്ടാകുന്ന ഭാവം എന്റെ മനസിൽ നിന്ന് പോകുന്നില്ല. ഓരോ തവണയും അത് എന്റെ ഹൃദയം തകർക്കുന്നു. എനിക്ക് ഈ നിമിഷങ്ങൾ നഷ്ടപ്പെടുത്താൻ വയ്യ. ഇവ ഒരിക്കലും തിരിച്ചു വരില്ലല്ലോ," യുവാവിന്‍റെ കുറിപ്പില്‍ പറയുന്നു
ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് വലിയ ചർച്ചയായി മാറുകയും നിരവധിയാളുകൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.ചിലര്‍ യുവാവിന്‍റെ തീരുമാനത്തെ പിന്തുണക്കുമ്പോൾ മറ്റ് ചിലർ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
"ഞാൻ എന്റെ കുടുംബത്തിലെ ഏക വരുമാന മാർഗ്ഗമാണ്. ജോലി ഉപേക്ഷിച്ചു ട്രേഡിംഗിലേക്ക് മാറാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം അനുകൂലമല്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീട്, വിരമിച്ച ശേഷമുള്ള ജീവിതം എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഒരു 'കോർപ്പറേറ്റ് അടിമ'യായി തുടരാനും മകനോടൊപ്പമുള്ള നിമിഷങ്ങൾ ത്യാഗം ചെയ്യാനും ഞാൻ തയ്യാറാണ്. ഒരു അണുകുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ അത്രമേൽ വലുതാണ്," ഒരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു.
"ഒരു കുഞ്ഞുള്ളപ്പോൾ സ്ഥിരവരുമാനം ഉപേക്ഷിക്കുന്നത് മോശം തീരുമാനമാണ്. നിലവിലെ ജോലിയിൽ തുടർന്നുകൊണ്ട് തന്നെ പുതിയ ബിസിനസ് ആശയങ്ങൾ പരീക്ഷിക്കുക. സമയം ലഭിക്കുന്നില്ലെങ്കിൽ കുറച്ചുകൂടി സൗകര്യപ്രദമായ മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കൂ," എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
"കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങുന്നതോടെ അവരുടെ ആ നിഷ്കളങ്കമായ ബാല്യം നഷ്ടപ്പെടും. എന്നാൽ മുതിർന്നു കഴിയുമ്പോൾ അച്ഛൻ തനിക്ക് വേണ്ടി കരിയർ ത്യാഗം ചെയ്തു എന്നത് ഒരുപക്ഷേ അവർ വിലമതിച്ചെന്നു വരില്ല. അതുകൊണ്ട് ജോലി പ്രധാനം തന്നെയാണ്. സമയം ഫലപ്രദമായി വിഭജിക്കുക, നല്ല യാത്രകൾ പ്ലാൻ ചെയ്യുക, വാരാന്ത്യങ്ങളിൽ മക്കൾക്കായി സമയം മാറ്റിവെക്കുക," എന്നതായിരുന്നു മറ്റൊരാളുടെ പ്രതികരണം.
Adjust Story Font
16
