യു.പിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; രോഗികള്‍ സുരക്ഷിതരെന്ന് പൊലീസ്
ഹൃദ്രോഗവിഭാഗത്തിലേക്ക് തീപടര്‍ന്നതോടെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രോഗികളെ പുറത്തെത്തിച്ചു.

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തം. കാൺപുർ ഗനേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
ആശുപത്രിയിലെ സ്റ്റോർ റൂമിലാണ് ആദ്യം തീപിടിച്ചത്. ഹൃദ്രോഗവിഭാഗത്തിലേക്ക് തീപടര്‍ന്നതോടെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി പൊലീസ് അറിയിച്ചു.
എൽ.പി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജിയിൽ ഏകദേശം 146 രോഗികൾ ചികിത്സയിലുണ്ടായിരുന്നതായാണ് വിവരം. തീ പടർന്നപ്പോൾ തന്നെ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതില്‍ ഒമ്പതുപേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് കമീഷനർ അസീം അരുൺ അറിയിച്ചു.
തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. മറ്റു വിഭാഗങ്ങളിലേക്ക് തീ വ്യാപിക്കാതിരുന്നതാണ് വൻ അപകടം ഒഴിവാക്കിയത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ല ഭരണകൂടത്തോട് റിപ്പോർട്ട് തേടിയതായും രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Adjust Story Font
16

