കെഎസ്ആർടിസിയിലെ സൗജന്യ യാത്ര: ട്രോളുകൾക്കപ്പുറമുള്ള സാമൂഹിക യാഥാർഥ്യം
സാമൂഹികമായ കാഴ്ചപ്പാടിൽ കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഒരു വിപ്ലവമാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ, വൈകാരികമായ വശങ്ങൾക്കപ്പുറം കേരളത്തിന്റെ നിലവിലെ സാമൂഹിക- സാമ്പത്തിക യാഥാർഥ്യങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ ഈ പദ്ധതി നടപ്പിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ സജീവമാണ്. സോഷ്യൽ മീഡിയ തുറന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ കാണാം. സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ സ്ത്രീകൾ കൂട്ടത്തോടെ വിനോദയാത്ര പോകാൻ വേണ്ടി കാത്തിരുന്ന രീതിയിലുള്ള ട്രോളുകളാണ് ഇതിൽ കൂടുതലും. സൗജന്യ യാത്ര ഓർഡിനറി ബസിൽ മാത്രമാകുമ്പോൾ ടൂർ എങ്ങനെ പോകുമെന്നാണ് ഇവർ ചോദിക്കുന്നത്. എന്നാൽ ഇത്തരം ഉപരിപ്ലവമായ പരിഹാസങ്ങൾക്കപ്പുറം ഈ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ സാമ്പത്തിക ഉയർച്ചയുമാണ്. സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീ ജനസംഖ്യയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇത്തരം ഒരു പദ്ധതി എത്രത്തോളം അനിവാര്യമാണെന്ന് പരിശോധിക്കേണ്ടതുണ്ട്.
അതിജീവന പോരാട്ടം
ഓർഡിനറി ബസുകളെ ആശ്രയിച്ചു ദിവസവും യാത്രചെയ്യുന്നവരിൽ ഭൂരിഭാഗവും തൊഴിലുറപ്പ് ജോലികൾക്കും, വീട്ടുജോലികൾക്കും, നിർമാണ മേഖലകളിലേക്കും, നഗരങ്ങളിലെ ചെറുകിട സ്ഥാപനങ്ങളിലേക്കും പോകുന്നവരാണ്. നിത്യവൃത്തിക്കായി വിയർപ്പൊഴുക്കുന്ന ഈ സാധാരണക്കാർക്ക് ബസ് യാത്ര എന്നത് ഒരു ആഡംബരമല്ല, മറിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഏക മാർഗമാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരിലേക്ക് എത്തുന്നതോടെ ഈ പദ്ധതിയുടെ ആനുകൂല്യം തികച്ചും അർഹിക്കുന്ന കരങ്ങളിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്.
കുടുംബ ബജറ്റിലെ വലിയ മാറ്റം
ഒരു സാധാരണ തൊഴിലാളി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തീരുമാനിക്കുന്നത് ആ വീട്ടിലെ സ്ത്രീകളുടെ കൈകളിൽ എത്തുന്ന ചെറിയ സമ്പാദ്യങ്ങളാണ്. ദിവസേന ജോലിക്ക് പോയി വരാൻ ഒരു സ്ത്രീക്ക് കുറഞ്ഞത് 50 രൂപ ബസ് ചാർജ് വേണമെങ്കിൽ, ഒരു മാസം ചുരുങ്ങിയത് 1,200 രൂപ മുതൽ 1,500 രൂപ വരെയാണ് യാത്രാച്ചെലവിനായി മാത്രം അവർ മാറ്റിവെക്കേണ്ടി വരുന്നത്. ദിവസക്കൂലികൊണ്ട് മാത്രം ജീവിക്കുന്ന ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഈ തുക വലിയൊരു ബാധ്യതയാണ്.
യാത്ര സൗജന്യമാകുന്നതോടെ, ഈ തുക മുഴുവനായും ആ സ്ത്രീയുടെ കൈയിലെ 'കരുതൽ ധനമായി' മാറുകയാണ് ചെയ്യുന്നത്. ഇത് കേവലം ഒരു യാത്രാക്കൂലി ലാഭിക്കൽ മാത്രമല്ല, മറിച്ച് ആ കുടുംബത്തിന്റെ ബജറ്റിൽ ഉണ്ടാക്കുന്ന വലിയൊരു ആശ്വാസമാണ്.
തമിഴ്നാട് സർക്കാർ നടത്തിയ ഔദ്യോഗിക പഠനങ്ങൾ വിരൽ ചൂണ്ടുന്നത് ഈയൊരു യാഥാർഥ്യത്തിലേക്കാണ്: സ്ത്രീകൾ ഇങ്ങനെ ലാഭിക്കുന്ന പണം വസ്ത്രങ്ങൾ വാങ്ങാനോ ആഡംബരങ്ങൾക്കു വേണ്ടിയോ അല്ല ഉപയോഗിക്കുന്നത്, മറിച്ച് കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും, കുടുംബത്തിന് നല്ല ഭക്ഷണം (പാൽ, പഴങ്ങൾ, മുട്ട എന്നിവ) വാങ്ങാനും, പ്രായമായവർക്ക് മരുന്നുകൾ എത്തിക്കാനുമാണ്. അതായത്, ഒരു സ്ത്രീയുടെ യാത്ര സൗജന്യമാക്കുമ്പോൾ സർക്കാർ യഥാർഥത്തിൽ നിക്ഷേപം നടത്തുന്നത് ആ കുടുംബത്തിന്റെ ആരോഗ്യത്തിലും കുട്ടികളുടെ ഭാവിയിലുമാണെന്ന് സാരം.
തൊഴിൽ പങ്കാളിത്തവും സാമ്പത്തിക സ്വാതന്ത്ര്യവും
ഒരു സ്ത്രീക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിക്കുന്നത് അവൾ സാമ്പത്തികമായി സ്വയംപര്യാപ്തത നേടുമ്പോഴാണ്. വരുമാനത്തിന്റെ വലിയൊരു പങ്ക് യാത്രാക്കൂലിയിനത്തിൽ ഒടുക്കേണ്ടി വരുമെന്ന ഭയം കാരണം, പല സ്ത്രീകളും കഴിവും അർഹതയും ഉണ്ടായിട്ടും വീടിനടുത്തുള്ള ചെറിയ ജോലികളിൽ മാത്രം ഒതുങ്ങിക്കൂടാറുണ്ട്. വീടിനടുത്തുള്ള ചെറിയ ജോലികളിൽ നിന്ന് തുച്ഛമായ വരുമാനം മാത്രം കൈപ്പറ്റിയിരുന്ന ഒരു വലിയ വിഭാഗത്തെ പൊതുസമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഈ പദ്ധതി കാരണമാകും. യാത്ര സൗജന്യമാകുന്നതോടെ, കൂടുതൽ ദൂരെയുള്ള നഗരങ്ങളിലേക്കു മികച്ച തൊഴിൽ അവസരങ്ങൾ തേടിപ്പോകാൻ സ്ത്രീകൾക്ക് ധൈര്യം നൽകും. ഇത് കേവലമൊരു സൗജന്യ ബസ് യാത്രക്കപ്പുറം അവർക്ക് മുന്നിൽ പുതിയൊരു തൊഴിൽ ആകാശം തുറന്നിടുകയാണ് ചെയ്യുന്നത്.
വർധിക്കുന്ന സാമൂഹിക സുരക്ഷ
പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിക്കുന്നത് കേവലം യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവിനപ്പുറം സാമൂഹിക സുരക്ഷയുടെ വലിയൊരു പ്രഖ്യാപനം കൂടിയാണ് നടത്തുന്നത്. ഇതിനെ സാമൂഹിക ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് 'സേഫ്റ്റി ഇൻ നമ്പേഴ്‌സ്' (Safety in Numbers) എന്നാണ്. അതായത്, ബസുകളിലും ബസ് സ്റ്റാൻഡുകളിലും തെരുവുകളിലും സ്ത്രീകളുടെ എണ്ണം കൂടുന്തോറും ആ ഇടങ്ങൾ കൂടുതൽ സുരക്ഷിതവും ഭയരഹിതവുമായി മാറുന്നു.
ഡൽഹിയിലെ 'പിങ്ക് ടിക്കറ്റ്' പദ്ധതിയെക്കുറിച്ചുള്ള പഠനങ്ങൾ തെളിയിക്കുന്നത്, യാത്ര സൗജന്യമായതിന് ശേഷം അവിടുത്തെ 80 ശതമാനത്തിലധികം സ്ത്രീകളും പൊതുയാത്രകളിൽ കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നു എന്നാണ്. ഭയമില്ലാതെ, ആരുടെയും തുണയില്ലാതെ, എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങാം എന്ന സാഹചര്യം ഒരു സമൂഹത്തിൽ ഉണ്ടാകുന്നത് വലിയൊരു സുരക്ഷാ വിപ്ലവമാണ്. അന്തസോടെയും ഭയരഹിതമായും ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കാൻ ഈ പദ്ധതിക്കാവേണ്ടതുണ്ട്്.
ഇതര സംസ്ഥാനങ്ങളിലെ വിജയഗാഥ
സ്ത്രീകൾക്ക് പൊതുഗതാഗതത്തിൽ സൗജന്യ യാത്ര അനുവദിക്കുന്നത് നഷ്ടക്കച്ചവടമല്ല, മറിച്ച് ദീർഘവീക്ഷണമുള്ള സാമൂഹിക നിക്ഷേപമാണെന്ന് ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഡൽഹി, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ കേവലം കണക്കുകൾക്കപ്പുറം വലിയൊരു സാമൂഹിക വിപ്ലവത്തിന്റെ വിജയഗാഥയാണ് വരച്ചുകാട്ടുന്നത്. തമിഴ്നാട്ടിലെ പദ്ധതിയെക്കുറിച്ച് സംസ്ഥാന ആസൂത്രണ കമ്മീഷൻ നടത്തിയ പഠനം അത്ഭുതപ്പെടുത്തുന്ന ഫലങ്ങളാണ് പുറത്തുവിട്ടത്. പദ്ധതി വന്നതോടെ അവിടുത്തെ സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെ പ്രതിമാസ വരുമാനത്തിൽ 11 ശതമാനത്തിന്റെ വർധനവാണത്രേ രേഖപ്പെടുത്തിയത്. കർണാടകയിലെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിച്ചതോടൊപ്പം സ്ത്രീകൾ ധാരാളമായി യാത്ര ചെയ്യാൻ തുടങ്ങിയതോടെ പ്രാദേശിക വിപണികളിലെ കച്ചവടം സജീവമാവുകയും ചെയ്തുവെങ്കിൽ ഡൽഹിയിൽ കോളേജുകളിലും കോച്ചിങ് സെന്ററുകളിലും പോകുന്ന ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ഈ പദ്ധതി വലിയ ആശ്വാസമായതോടെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം ഒരു പരിധി വരെ കുറയുകയും ചെയ്തു.
കേരളം നേരിടേണ്ടി വരുന്ന വെല്ലുവിളികൾ
സാമൂഹികമായ കാഴ്ചപ്പാടിൽ ഈ പദ്ധതി ഒരു വിപ്ലവമാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ, വൈകാരികമായ വശങ്ങൾക്കപ്പുറം കേരളത്തിന്റെ നിലവിലെ സാമൂഹിക- സാമ്പത്തിക യാഥാർഥ്യങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ ഈ പദ്ധതി നടപ്പിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം ഇല്ലെങ്കിൽ വലിയൊരു പരാജയമായി മാറാൻ സാധ്യതയുണ്ട്.
ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ പോലും ഓരോ മാസവും സർക്കാരിന്റെ പ്രത്യേക സഹായം തേടുന്ന ഒരു സ്ഥാപനമാണ് കെഎസ്ആർടിസി. ടിക്കറ്റ് വരുമാനത്തിലെ വലിയൊരു പങ്ക് പെട്ടെന്ന് സൗജന്യമാക്കുമ്പോൾ ഉണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം താങ്ങാനുള്ള ശേഷി നിലവിൽ കെഎസ്ആർടിസിക്കില്ല. ഡൽഹിയിലോ കർണാടകയിലോ ഉള്ളതുപോലെ സ്ത്രീകളുടെ ടിക്കറ്റ് തുക (സബ്സിഡി) കൃത്യസമയത്ത് കെഎസ്ആർടിസിക്ക് തിരികെ നൽകാൻ കേരള സർക്കാരിന്റെ ഖജനാവിന് സാധിക്കുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഇതിൽ വീഴ്ച വന്നാൽ അത് ആനവണ്ടിയുടെ കട്ടപ്പുറത്തേക്കുള്ള യാത്ര വളരെ വേഗത്തിലാക്കും.
ഓർഡിനറി ബസുകളിലെ തിരക്ക് കുത്തനെ ഉയരുന്നതോടെ പുതിയ ബസുകൾ നിരത്തിലിറക്കാതെ ഈ പദ്ധതി നടപ്പിലാക്കിയാൽ ഓർഡിനറി ബസുകളിൽ കാലുകുത്താൻ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. ഇത് കൃത്യസമയത്ത് ജോലിക്ക് പോകേണ്ട സാധാരണ തൊഴിലാളികൾക്കും വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും വലിയ യാത്രാക്ലേശം സൃഷ്ടിക്കും. ഇതോടുകൂടി സൗജന്യം ലഭിക്കുമെങ്കിലും സമയത്തിന് ബസ് കിട്ടാത്ത അവസ്ഥ സ്ത്രീകളെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.
കേരളത്തിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ല് വലിയൊരു പരിധി വരെ സ്വകാര്യ ബസുകളാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമ്പോൾ ഇതിനകം തന്നെ പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തെ പൂർണമായി തകർക്കാൻ ഇത് വഴിയൊരുക്കും. സ്വകാര്യ ബസുകൾ സർവീസ് നിർത്തലാക്കിയാൽ, കെഎസ്ആർടിസി സർവീസുകൾ കുറവുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ (സ്ത്രീകൾ ഉൾപ്പെടെ) പൂർണമായി ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ടാകാനുമിടയുണ്ട്. കൂടാതെ മലയോര മേഖലകളിലും തീരദേശങ്ങളിലും കെഎസ്ആർടിസി ഓർഡിനറി ബസുകൾ വളരെ കുറവാണെന്നതും ഈ പദ്ധതിയുടെ ഗുണം എല്ലാവരിലും ഒരുപോലെയെത്തിക്കാൻ തടസമാകും.
ചുരുക്കത്തിൽ കെഎസ്ആർടിസിയിലെ സ്ത്രീകളുട സൗജന്യ യാത്രയെന്നത് വെറുമൊരു സൗജന്യ ഭിക്ഷയോ രാഷ്ട്രീയ തന്ത്രമോ അല്ല. മറിച്ച് സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരെ കൈപിടിച്ചുയർത്താൻ ഭരണകൂടം നടത്തുന്ന ഏറ്റവും മികച്ച സാമൂഹിക നിക്ഷേപമാണ്. ട്രോളുകളിലൂടെ ഇതിനെ പരിഹസിക്കുന്നവർ കാണാതെ പോകുന്നത് ദിവസക്കൂലിക്കാരായ പതിനായിരക്കണക്കിന് സ്ത്രീകളുടെ ജീവിത പോരാട്ടങ്ങളെയാണ്. കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കിക്കൊണ്ട് സർക്കാർ കൃത്യതയോടെ ഫണ്ട് അനുവദിച്ചാൽ, കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കാൻ ഈ പദ്ധതിക്കാവും.
Adjust Story Font
16

