Quantcast

ഗസ്സ അതിജീവിക്കുന്നത് എങ്ങനെ?

ഉമ്മക്കും കൂട്ടുകാർക്കുമുള്ള കൊച്ചു കൊച്ചു കടങ്ങൾ വീട്ടാൻ ഒസ്യത്തെഴുതുന്ന, 'ശഹീദ് കളിക്കുന്ന' കുട്ടികളുടെ പതറാത്ത മുഖങ്ങളാണ് നൂറാം ദിനത്തിലും ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്നത്.

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2024-01-14 10:03:04.0

Published:

14 Jan 2024 8:55 AM GMT

israel attack continues in gazza
X

2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന്റെ സർവ സജ്ജമായ നിരീക്ഷണ സംവിധാനങ്ങളെ അപ്രസക്തമാക്കി ഹമാസ് പോരാളികൾ നടത്തിയ 'അൽ അഖ്സ പ്രളയ'ത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണം 100 ദിവസം പിന്നിടുകയാണ്. വർഷങ്ങളായി ഇസ്രായേലിന്റെ ഉപരോധത്തിൽ ഞെരിഞ്ഞമരുന്ന ഗസ്സ എന്ന കൊച്ചു പ്രദേശത്തിന് നേരെ ലോക വൻശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തിന് മുന്നിൽ സർവവും നഷ്ടപ്പെടുമ്പോഴും പതറാതെ പിടിച്ചുനിൽക്കുകയാണ് ഗസ്സയിലെ ജനങ്ങൾ. ബോംബ് വർഷത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഫുട്ബോൾ കളിക്കുന്ന, ഡാൻസ് ചെയ്യുന്ന ഒരു ജനതയെയാണ് ഗസ്സയിൽ ലോകം കാണുന്നത്. 23 ലക്ഷത്തോളമാണ് ഗസ്സയിലെ ജനസംഖ്യ. ഹമാസ് അധികാരത്തിലെത്തിയതിനെ തുടർന്ന് 2006 മുതൽ ഗസ്സ ഉപരോധത്തിലാണ്. കടുത്ത ദുരിതത്തിലും ഗസ്സയിലെ ജനങ്ങൾ അതിജീവിക്കുന്നതിന് പിന്നിലെ പ്രധാന ശക്തി അവരുടെ നിശ്ചയദാർഢ്യം തന്നെയാണ്. പതിറ്റാണ്ടുകളായി സയണിസ്റ്റ് ഭീകരർ തങ്ങൾക്ക് മേൽ നടത്തുന്ന ക്രൂരമായ അധിനിവേശത്തിന് പകരം ചോദിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് ഗസ്സയിലെ കൊച്ചുകുട്ടികൾ പോലുമുള്ളത്. ചെറുപ്പം മുതൽ അധിനിവേശ ഭീകരത കണ്ടുവളരുന്ന ഒരു ജനതക്ക് ഇസ്രായേലിന്റെ ഏതൊരു ആക്രമണത്തിലും പുതുമയില്ല എന്നതാണ് യാഥാർഥ്യം.



2006-ൽ ഹമാസ് അധികാരത്തിലെത്തിയത് മുതലാണ് ഇസ്രായേലും സഖ്യകക്ഷികളും ഗസ്സക്ക് നേരെ ഉപരോധം ശക്തിപ്പെടുത്തിയത്. കടുത്ത ഉപരോധം അനുഭവിക്കേണ്ടിവരുമ്പോൾ ഗസ്സയിലെ ജനങ്ങൾ ഹമാസിന് എതിരാവുമെന്നായിരുന്നു ഇസ്രായേലിന്റെ കണക്കുകൂട്ടൽ. എന്നാൽ ഉപരോധം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ഹമാസിന്റെ ജനപ്രീതിക്ക് ഒരു പോറലുമേൽപ്പിക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ വെസ്റ്റ് ബാങ്കിൽ ഭരണം നടത്തുന്ന അൽ ഫതഹ് പാർട്ടിയും ഇടതുപക്ഷ പാർട്ടിയായ പി.എഫ്.എൽ.പി പോലും ഇപ്പോഴും ഹമാസിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ബന്ദിമോചനം ആവശ്യപ്പെട്ട് ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പരസ്യമായ പ്രതിഷേധം നടക്കുമ്പോൾ ഫലസ്തീനിൽ ഈ ഐക്യം ലോകം കാണുന്നത്. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീനികളെ വിട്ടുകിട്ടുക എന്നത് ഹമാസിന്റെ മാത്രം ആവശ്യമല്ല എന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം. തടവിൽ കഴിയുന്നവരിൽ ഗസ്സയിൽനിന്നുള്ളവർ വളരെ വിരളമാണ്. ഭൂരിഭാഗം ഫലസ്തീനികളെയും ഇസ്രായേൽ കസ്റ്റഡിയിലെടുത്തത് വെസ്റ്റ് ബാങ്കിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഇസ്രായേലി ബന്ദികളെവച്ച് ഹമാസ് നടത്തുന്ന വിലപേശലിന്റെ പ്രധാന ഗുണഭോക്താക്കൾ അൽ ഫതഹ് കൂടിയാണ്. ഹമാസിന് ഫലസ്തീൻ ജനത നൽകുന്ന പിന്തുണ ഗസ്സയുടെ അതിജീവനത്തിൽ പ്രധാന ഘടകമാണ്.

മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 23,843 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ പറയുന്നത്. 60,317 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 10,000-ൽ അധികം കുട്ടികളാണ്. ആശുപത്രികളിലടക്കം ബോംബിട്ട് ഇസ്രായേൽ നടത്തുന്ന നരമേധം നൂറുദിനം പിന്നിടുമ്പോഴും ഇസ്രായേൽ ലക്ഷ്യമിട്ട ഒന്നും അവർക്ക് നേടാനായിട്ടില്ല എന്നത് ഹമാസിന്റെ വിജയമാണ്. 100 ദിവസം നീണ്ട ആക്രമണത്തിലും ഒരു ബന്ദിയെപ്പോലും മോചിപ്പിക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ബന്ദിമോചനത്തിന് ഇസ്രായേൽ നിയോഗിച്ച സംഘത്തിന്റെ തലവൻ കൊല്ലപ്പെടുകയും ചെയ്തു. വിദേശത്തടക്കം താമസിക്കുന്ന ഹമാസ് നേതാക്കളെ വധിക്കുമെന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം. എന്നാൽ സാലിഹ് അൽ ആറൂരിയെ മാത്രമാണ് ഈ ദിവസത്തിനിടെ ഇസ്രായേലിന് വധിക്കാനായത്. പ്രധാന ലക്ഷ്യങ്ങളായി അവർ പറഞ്ഞ മുഹമ്മദ് ദൈഫ്, യഹ്യ സിൻവാർ തുടങ്ങിയവർ എവിടെയാണെന്ന് പോലും വ്യക്തതയില്ലാത്ത അവസ്ഥയിലാണ് ഇസ്രായേലും മൊസാദും.



ദീർഘകാല യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെയായിരുന്നു ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആക്രമണം നടത്തിയത് എന്നാണ് ഗസ്സയുടെ പോരാട്ടവീര്യം തെളിയിക്കുന്നത്. ഇസ്രായേൽ ദീർഘകാലമായി പ്രയോഗിക്കുന്ന ആക്രമണരീതികളെ കൃത്യമായി പഠിച്ച ശേഷം പ്രതിരോധത്തിനുള്ള എല്ലാ സന്നാഹങ്ങളും ഹമാസ് ഒരുക്കിയിരുന്നു. ഓരോ കമാൻഡർമാർക്ക് കീഴിലും സമാനമായ പരിശീലനം ലഭിച്ച ഒരു ഉപ കമാൻഡറെങ്കിലും പ്രവർത്തിക്കുന്നുണ്ട്. ഒരു നേതാവ് യുദ്ധത്തിൽ വീണുപോയാൽ അടുത്തയാൾ ആ സ്ഥാനത്തേക്ക് ഉയർന്നുവരുന്നു. അതുകൊണ്ട് തന്നെ ഒരു കമാൻഡിങ് യൂണിറ്റിനും ഒരുഘട്ടത്തിലും നേതാവില്ലാത്ത അവസ്ഥയുണ്ടാകുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം ഉപയോഗിച്ചാണ് ഇസ്രായേൽ ഗസ്സയിൽ യുദ്ധസന്നാഹങ്ങളൊരുക്കിയത്. എന്നിട്ട് പോലും ഹമാസിന്റെ തുരങ്കങ്ങൾ കണ്ടെത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. അൽ ശിഫ ആശുപത്രിക്കകത്ത് തുരങ്കങ്ങൾ കണ്ടെത്തിയെന്നായിരുന്നു ഇസ്രായേൽ ആകെ നടത്തിയ അവകാശവാദം. എന്നാൽ അത് തങ്ങൾ തന്നെ നിർമിച്ചതാണെന്ന് മുൻ പ്രധാനമന്ത്രി യെഹൂദ് ബറാക് വെളിപ്പെടുത്തിയതോടെ അതും പൊളിഞ്ഞുവീണു.



എന്നാൽ ലോകം ഏറെക്കുറെ മറന്നുതുടങ്ങിയ ഫലസ്തീൻ പ്രശ്നം വീണ്ടും സജീവമാക്കാൻ കഴിഞ്ഞു എന്നത് ഹമാസിന്റെ വലിയ വിജയമാണ്. ഏഴുദിന യുദ്ധത്തിൽ അറബ് രാജ്യങ്ങൾ ഒരുമിച്ച് തോറ്റിടത്താണ് തദ്ദേശീയ ആയുധങ്ങൾ ഉപയോഗിച്ച് ഒരു ജനത നൂറാം ദിനവും ഏതിരിടൽ വീര്യം പ്രകടിപ്പിക്കുന്നത്. ഫലസ്തീൻ ഭൂപ്രദേശം കൂടി ഇസ്രായേലിന്റെ കൊടി പാറുന്ന ഭൂപടം ഉയർത്തിക്കാട്ടി നെതന്യാഹു യു.എന്നിനു മുമ്പാകെ ആവേശംക്കൊണ്ടത് സമീപകാലത്താണ്. നയതന്ത്ര തലത്തിൽ അറബ് രാജ്യങ്ങൾ വരെ അംഗീകരിച്ചതോടെ ഇസ്രായേലിന്റെ അപ്രമാദിത്തം പൂർണമായെന്ന അഹങ്കാരമായിരുന്നു ആ മുഖം നിറയെ. എന്നാൽ എത്ര പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞതെന്ന് ലോകം കണ്ടു. മുക്കാൽ നുറ്റാണ്ടിന്റെ ക്രൂരതയിൽ നിന്ന് സയണിസ്റ്റ് രാഷ്ട്രം ഒട്ടും മാറിയില്ലെന്ന് കൂടി തെളിയിക്കുന്നു, പിന്നിട്ട നൂറ് നാളുകൾ. ഇത്രമാത്രം വെറുക്കപ്പെട്ട ഒരു രാജ്യമായി ഇസ്രായേൽ ലോകത്തിനു മുന്നിൽ മറ്റൊരു സമയത്തും ഉണ്ടായിട്ടുമില്ല. അതേസമയം, ഭൂപടത്തിൽ നിന്ന് ഫലസ്തീൻ അത്രയെളുപ്പം ഇല്ലാതാകില്ലെന്ന് തെളിയിക്കുകമാറ് യു.എന്നിലും ലോകവേദികളിലും ഫലസ്തീൻ നിറഞ്ഞു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം അനിവാര്യമാണെന്ന് അമേരിക്ക പോലും പറഞ്ഞു തുടങ്ങിയതാണ് പിന്നിട്ട 100 നാളുകളുടെ ബാക്കിപത്രം. മരിച്ചാൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ കയ്യിൽ പേരെഴുതിവെക്കുന്ന, ഉമ്മക്കും കൂട്ടുകാർക്കും കൊടുക്കാനുള്ള പണത്തിന്റെ കൊച്ചു കൊച്ചു കടങ്ങൾ വീട്ടാൻ ഒസ്യത്തെഴുതുന്ന, 'ശഹീദ് കളിക്കുന്ന' കുട്ടികളുടെ പതറാത്ത മുഖങ്ങളാണ് നൂറാം ദിനത്തിലും ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്നത്.

TAGS :

Next Story